അഞ്ച് മാസം ഗര്‍ഭമുള്ള കുതിരയെക്രൂരമായി മര്‍ദ്ദിച്ച സംഭവം; ഒരാള്‍ റിമാന്റില്‍

Advertisement

കൊല്ലം: പള്ളിമുക്ക് തെക്കേകാവ് ക്ഷേത്ര പരിസരത്ത് കെട്ടിയിട്ടിരുന്ന അഞ്ചു മാസം ഗര്‍ഭമുള്ള കുതിരയെ, കാറിലും സ്‌കൂട്ടറിലുമെത്തിയ സംഘം ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ ഒരാള്‍ റിമാന്റില്‍. കൊട്ടിയം പറക്കുളം വലിയവിള വീട്ടില്‍ അല്‍ അമീന്‍ (26) ആണ് ഇരവിപുരം പോലീസിന്റെ പിടിയിലായത്.
കുതിരയെ അക്രമിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് അല്‍ അമീന്‍ ഇന്നലെ രാവിലെ ഉമയനല്ലൂരില്‍ നിന്ന് പോലീസ് പിടിയിലായത്. കുതിരയുടെ ഉടമയായ വടക്കേവിള നെടിയം ഷാനവാസ് മന്‍സിലില്‍ ഷാനവാസ് നല്‍കിയ പരാതിയിലാണ് അറസ്റ്റ്. കേസിലെ മറ്റ് പ്രതികളെയും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരുടെ പേര് വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.
തെക്കേകാവ് ഭഗവതി ക്ഷേത്രത്തിന് സമീപമുള്ളവരും കൊട്ടിയം സ്വദേശികളുമായ യുവാക്കളാണ് ഇനി പിടിയിലാകാനുള്ളതെന്നാണ് സൂചന. കുതിരയെ മര്‍ദ്ദിച്ച സംഭവത്തിലെ മറ്റ് പ്രതികളുടെ നീക്കങ്ങള്‍ നിരീക്ഷണത്തിലാണെന്നും ഇവര്‍ ഉടന്‍ പിടിയിലാകുമെന്നും ഇരവിപുരം പൊലീസ് പറഞ്ഞു. പ്രതികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
സംഭവം നടന്ന ശേഷം പ്രദേശത്തുണ്ടായിരുന്ന യുവാക്കള്‍ കഴിഞ്ഞ ദിവസം കുതിരയെ ആക്രമിച്ച സംഭവം വാര്‍ത്തയായാതോടെ ഒളിവില്‍ പോകുകയായിരുന്നു. ഇവരുടെ വീടുകളില്‍ ഉള്‍പ്പെടെ പോലീസ് പരിശോധന നടത്തിയതായും വിവരമുണ്ട്. സംഭവത്തില്‍ പോലീസ് ഇന്നലെ സംഭവ സ്ഥലത്തെത്തി മഹ്‌സര്‍ തയ്യാറാക്കി. ഷാനവാസിന്റെ മൊഴി ഉള്‍പ്പെടെ രേഖപ്പെടുത്തുകയും ചെയ്തു. വടക്കേവിള നെടിയം ഷാനവാസ് മന്‍സിലില്‍ ഷാനവാസിന്റെ ദിയ എന്ന അഞ്ചുവയസുള്ള ഗര്‍ഭിണിയായ കുതിരയാണ് മര്‍ദ്ദനത്തിനിരയായത്. ക്ഷേത്ര കോമ്പൗണ്ടിനുള്ളില്‍ കെട്ടിയിരുന്ന കുതിരയെയാണ് 6 യുവാക്കള്‍ മര്‍ദ്ദിച്ചത്. പ്രതിയെ ഇരവിപുരം എസ്എച്ച്ഒ രാജീവ്, എസ്‌ഐമാരായ സുകേഷ്, ഉമേഷ്, സിപിഒമാരായ സുമേഷ്, ദീപു, അനീഷ് എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Advertisement