ട്രോളിങ് നിരോധനം ഇന്ന് അവസാനിക്കും; പ്രതീക്ഷയോടെ തീരമേഖല

Advertisement

52 ദിവസം നീണ്ടുനിന്ന വര്‍ഷകാല ട്രോളിംഗ് നിരോധനം ഇന്ന് അവസാനിക്കും. മീന്‍പിടുത്ത ബോട്ടുകള്‍ കടലില്‍ പോകാതിരിക്കാന്‍ നീണ്ടകര പാലത്തിനുതാഴെ ബന്ധിച്ചിട്ടുള്ള ചങ്ങലകള്‍ ഇന്ന് അര്‍ധരാത്രിയോടെ അഴിച്ചുമാറ്റും. ഇതോടെ അഴിമുഖവും അനുബന്ധ തൊഴില്‍ മേഖലകളും വീണ്ടും സജീവമാകും. ഓരോ ബോട്ടുകളും അഞ്ചുലക്ഷം മുതല്‍ 10 ലക്ഷംരൂപ വരെ മുടക്കിയാണ് അറ്റകുറ്റമപണികള്‍ പൂര്‍ത്തിയാക്കി സജ്ജമായിരിക്കുന്നത്.
ശക്തികുളങ്ങരയിലെയും നീണ്ടകരയിലെയും ബോട്ടുകളിലെല്ലാം ഡീസലും ഐസും നിറച്ചുകഴിഞ്ഞു. ദിവസങ്ങളോളം ആഴക്കടല്‍ മത്സ്യബന്ധനം നടത്തുന്ന വലിയ ബോട്ടുകളിലാണ് ഐസ് നിറയ്ക്കുന്നത്. ദക്ഷിണ കേരളത്തിലെ മത്സ്യബന്ധനത്തിന്റെ സിരാകേന്ദ്രങ്ങളായ നീണ്ടകര, ശക്തികുളങ്ങര തുറമുഖങ്ങളില്‍ നിന്നും ഇന്ന് രാത്രി കടലിലേക്ക് പോകാന്‍ മത്സ്യബന്ധനബോട്ടുകളെല്ലാം തയാറെടുത്ത് കഴിഞ്ഞു.
നിരോധനത്തെ തുടര്‍ന്ന് നാട്ടിലേക്ക് പോയിരുന്ന തൊഴിലാളികള്‍ വന്നു തുടങ്ങി. ശക്തികുളങ്ങരയില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ രണ്ടു ദിവസമായി കൂട്ടത്തോടെ എത്തിയിട്ടുണ്ട്. ബംഗാളില്‍ നിന്നുള്ളവരാണ് അധികവും. കുളച്ചല്‍, മാര്‍ത്താണ്ഡം, രാമേശ്വരം തുടങ്ങിയ സ്ഥലങ്ങളിലെ തൊഴിലാളികളും ഏറെയുണ്ട്. ഓരോ ബോട്ടിലും പത്ത് മുതല്‍ 20 വരെ തൊഴിലാളികളാണ് ഉള്ളത്. ഇതില്‍ മിക്കവരും ഇതരസംസ്ഥാന തൊഴിലാളികളാണ്.
52 ദിവസം നീണ്ട ട്രോളിംഗ് നിരോധനത്തിനുശേഷം ചാകര പ്രതീക്ഷിച്ചാണ് ഓരോ ബോട്ടും കടലിലേക്ക് ഇറങ്ങുന്നത്. തീരദേശത്തുള്ള വിവിധ ആരാധനാലയങ്ങളില്‍ എത്തി പ്രാര്‍ത്ഥനകളും നേര്‍ച്ചകളും നടത്തിയാണ് എല്ലാ ബോട്ടുടമകളും തൊഴിലാളികളും ശുഭാപ്തി വിശ്വാസത്തോടുകൂടി ഉപജീവനത്തിനായി കടലിലേക്ക് പോകുന്നത്.
1988-ല്‍ കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയതാണ് ട്രോളിംഗ് നിരോധനം. ഇന്ത്യയില്‍ ആദ്യം കൊല്ലം ശക്തികുളങ്ങരയിലാണ് നിരോധനം പ്രാബല്യത്തില്‍ വന്നത്. അന്ന് മത്സ്യത്തൊഴിലാളികള്‍ ശക്തമായി ഈ തീരുമാനത്തെ എതിര്‍ത്തിരുന്നു. തുടര്‍ന്നുണ്ടായ സംഘര്‍ഷം വെടിവെയ്പ്പില്‍ കലാശിക്കുകയായിരുന്നു. പിന്നീട് പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ഈ നിയമം സാരമായി ബാധിക്കുന്നതിനാല്‍ 2007-ല്‍ കേരള വര്‍ഷകാല മത്സ്യബന്ധന സംരക്ഷണ നിയമം പ്രാബല്യത്തില്‍ വന്നു. ഇതോടുകൂടിയാണ് ചെറുവള്ളങ്ങളില്‍ മത്സ്യബന്ധനം നടത്തുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ട്രോളിംഗ് ബാധിക്കാതായത്.

Advertisement