കുമരൻചിറ വാർഡ് എൽഡിഎഫിൽ നിന്നും യുഡിഎഫ് പിടിച്ചെടുത്തു;ശൂരനാട് തെക്ക് പഞ്ചായത്തുകളിൽ വരും നാളുകളിൽ ഭരണപക്ഷത്തിനെതിരെ അട്ടിമറിക്ക് സാധ്യത

Advertisement

ശാസ്താംകോട്ട:ഉപതെരഞ്ഞെടുപ്പ് നടന്ന ശൂരനാട് തെക്ക് പഞ്ചായത്തിലെ കുമരൻചിറ പതിമൂന്നാം വാർഡ് എൽഡിഎഫിൽ നിന്നും യുഡിഎഫ് പിടിച്ചെടുത്തു.യുഡിഎഫ് സ്ഥാനാർത്ഥി കോൺഗ്രസിലെ അജ്മൽ ഖാൻ(40) എതിർ സ്ഥാനാർത്ഥിയെക്കാൾ 167 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വാർഡ് പിടിച്ചെടുത്തത്.1316 വോട്ടർമാരിൽ
1057 വോട്ടാണ് ആകെ പോൾ ചെയ്തത്.അജ്മൽഖാന് 504 വോട്ട് ലഭിച്ചപ്പോൾ മുഖ്യ എതിരാളി എൽഡിഎഫ് സ്ഥാനാർഥി സിപിഐയിലെ സലീമിന് 337 വോട്ടും ബിജെപി സ്ഥാനാർത്ഥി സോമചന്ദ്രൻ പിള്ളയ്ക്ക് 191 വോട്ടും സ്വതന്ത്ര സ്ഥാനാർത്ഥി നൗഷാദിന് 25 വോട്ടും ലഭിച്ചു.വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കെപിസിസി ആഹ്വാനപ്രകാരം യുഡിഎഫ് ആഹ്ലാദ പ്രകടനം ഒഴിവാക്കി.യുഡിഎഫ് സ്ഥാനാർത്ഥിയുടെ വിജയത്തോടെ 16 അംഗ ശൂരനാട് തെക്ക് പഞ്ചായത്ത് ഭരണ സമിതിയിൽ ഭരണപക്ഷത്തുള്ള എൽഡിഎഫിന്റെ അംഗബലം 8 ൽ നിന്നും ഏഴായി കുറഞ്ഞു.യുഡിഎഫ് – 6,ബിജെപി-2,സ്വതന്ത്രൻ – ഒന്ന് എന്നതാണ് നിലവിലെ കക്ഷിനില.സ്വതന്ത്രനാകട്ടെ
കോൺഗ്രസ് റിബലായി നിന്ന് ജയിച്ചയാളും.ഇദ്ദേഹത്തിന്റെ പിന്തുണ കൂടി യുഡിഎഫിന് കിട്ടിയാൽ വരും നാളുകളിൽ ബിജെപിയുടെ കൂടി മൗനാനുവാദത്തോടെ ഭരണസമിതിക്കെതിരെ യുഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

Advertisement