ജില്ലയില്‍ ബലിതര്‍പ്പണത്തിനായി സ്‌നാന ഘട്ടങ്ങളുടെ ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍

Advertisement

കൊല്ലം: കര്‍ക്കടക വാവ് ബലിതര്‍പ്പണത്തിന് സ്‌നാനഘട്ടങ്ങള്‍ ഒരുങ്ങി. ഈറനണിഞ്ഞ ഓര്‍മകളുമായി പിതൃപരമ്പരയ്ക്ക് പിന്‍തലമുറ നടത്തുന്ന ശ്രാദ്ധമൂട്ടലിന്റെ തിരക്കിലേക്ക് സ്‌നാനഘട്ടങ്ങള്‍ മാറും. ജില്ലയില്‍ സ്‌നാനഘട്ടങ്ങളില്‍ വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്, പാപനാശനം ഗുരുദേവ കമ്മിറ്റി, വിവിധ സംഘടനകള്‍, ക്ഷേത്രകമ്മിറ്റികള്‍ തുടങ്ങിയവയുടെ നേതൃത്വത്തിലാണ് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. പ്രധാന സ്‌നാനഘട്ടങ്ങളിലെല്ലാം പോലീസ്, ആരോഗ്യവകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ്, അഗ്നിശമന സേന തുടങ്ങിയവയെല്ലാം വലിയ ക്രമീകരണങ്ങളാണ് ഇക്കുറി ഏര്‍പ്പെടുത്തിയിട്ടുള്ളത്.
പ്രധാന സ്‌നാന ഘട്ടങ്ങളിലേക്ക് പ്രത്യേക ബസ് സര്‍വീസ് ഏര്‍പ്പടുത്തി. കെഎസ്ആര്‍ടിസിയും സ്വകാര്യ ബസും സര്‍വീസുകള്‍ നടത്തും. പ്രധാന കേന്ദ്രങ്ങളിലെല്ലാം ആഗസ്റ്റ് 3ന് പുലര്‍ച്ചെ ബലിതര്‍പ്പണ ചടങ്ങുകള്‍ തുടങ്ങും.

തിരുമുല്ലവാരം: തിരുമുല്ലവാരത്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഒരേ സമയം 500 പേര്‍ക്ക് ബലിതര്‍പ്പണം നടത്താനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഗുരുജി സാംസ്‌കാരിക സമിതി, വിശ്വഹിന്ദു പരിഷത്ത്, ബലിതര്‍പ്പണ ഭൂമി സംരക്ഷണ ട്രസ്റ്റ് എന്നിവയും ബലിതര്‍പ്പണത്തിന് വിപുലമായ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഇതിനു പുറമെ നാല്‍പതോളം കാര്‍മികരും സജ്ജരായിട്ടുണ്ട്.

മുണ്ടയ്ക്കല്‍ പാപനാശനം: മുണ്ടയ്ക്കല്‍ പാപനാശനം സ്‌നാനഘട്ടത്തിലും വിപുലമായ ക്രമീകരണമാണ് ഒരുക്കിയിട്ടുള്ളത്. പിതൃതര്‍പ്പണം, തിലഹവന ഹോമം, മതസൗഹാര്‍ദ്ദ സമ്മേളനം എന്നിവ നടക്കും. തടത്തില്‍ മഠം ടി.കെ. ചന്ദ്രശേഖര സ്വാമി, പതിനഞ്ചില്‍പരം ക്ഷേത്രങ്ങളില്‍ നിന്ന് എത്തുന്ന പ്രമുഖ തന്ത്രിമാര്‍ എന്നിവര്‍ പങ്കെടുക്കും. ‘പിതൃക്കളെ സ്മരിക്കൂ വൃക്ഷതൈ നടൂ’ എന്ന സന്ദേശം ഉള്‍ക്കൊണ്ട് വൃക്ഷതൈകള്‍ സൗജന്യമായി വിതരണം ചെയ്യും. 2ന് വൈകിട്ട് സര്‍വ്വമത സമ്മേളനവും വൃക്ഷതൈ വിതരണോത്ഘാടനവും നടക്കും.

അഷ്ടമുടി വീരഭദ്ര സ്വാമി ക്ഷേത്രക്കടവ്: ത്രിവേണി സംഗമമായ അഷ്ടമുടി വീരഭദ്ര സ്വാമി ക്ഷേത്രക്കടവില്‍ ബലി തര്‍പ്പണത്തിന് സൗകര്യം ഒരുക്കിയിട്ടുണ്ട്. ഒരേ സമയം 500 പേര്‍ക്ക് ഇരുന്ന് ബലിയിടാനുള്ള സൗകര്യമാണ് ക്ഷേത്ര പരിസരത്ത് സജ്ജീകരിച്ചിട്ടുള്ളത്. വിശ്വനാഥന്‍ ശാന്തിയാണ് മുഖ്യകാര്‍മികത്വം വഹിക്കും. 25-ല്‍ പരം കര്‍മികള്‍ പങ്കെടുക്കും. ദൂരെ സ്ഥലത്തുനിന്ന് എത്തുന്നവര്‍ക്ക് വേണ്ടി സ്‌പെഷ്യല്‍ കെഎസ്ആര്‍ടിസി സര്‍വീസുകളും സജ്ജീകരിച്ചിട്ടുണ്ട്.

കൊട്ടാരക്കര: പടിഞ്ഞാറ്റിന്‍കര മഹാദേവര്‍ ക്ഷേത്രത്തില്‍ രാവിലെ 5 മുതല്‍ ഉച്ചയ്ക്ക് 2 വരെ. വര്‍ക്കല വലിയ വിളാകം ഭദ്രദേവി ക്ഷേത്രം മേല്‍ശാന്തി രാജേഷ്പോറ്റി നേതൃത്വം നല്‍കും. പിതൃപൂജ, തിലഹോമം എന്നിവയും നടക്കും.

കരുനാഗപ്പള്ളി: പടനായര്‍കുളങ്ങര തെക്ക് തേവര്‍കാവ് ദേവീക്ഷേത്ര ത്രിവേണി സംഗമ സ്ഥാന കടവില്‍ വിപുലമായ സൗകര്യങ്ങളാണ് ഇത്തവണത്തെ ബലി തര്‍പ്പണത്തിന് ഒരുക്കിയിരിക്കുന്നത്. 500 ഓളം പേര്‍ക്ക് ഒരേസമയം ഇരുന്ന് ബലി സമര്‍പ്പിക്കുവാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

പരവൂര്‍: കര്‍ക്കടകവാവുബലിക്കായി പരവൂര്‍ പൊഴിക്കര പനമൂട്ടില്‍ കുടുംബമഹാദേവ ക്ഷേത്രത്തില്‍ ബലിതര്‍പ്പണം നടത്തുന്നതിനായി ക്ഷേത്രാങ്കണങ്ങളിലും കടല്‍തീരത്തും സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. പുലര്‍ച്ചെ നാല് മുതല്‍ വൈകുന്നേരം ഏഴ് വരെ ബലിതര്‍പ്പണച്ചടങ്ങുകള്‍ നടക്കും. ക്ഷേത്രം മേല്‍ശാന്തിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ആണ് ചടങ്ങുകള്‍.

കുളക്കട: വൈകുണ്ഠപുരം മഹാവിഷ്ണു ക്ഷേത്രത്തില്‍ കര്‍ക്കടക വാവുബലി തര്‍പ്പണത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു. തിലഹവനം, പിതൃപൂജ എന്നിവയ്ക്ക് തന്ത്രി രമേശ് ഭാനുഭാനു പണ്ടാരത്തില്‍, മേല്‍ശാന്തി തുളസീദാസ് പോറ്റി എന്നിവര്‍ പ്രധാന കാര്‍മ്മികരാകും. കല്ലടയാറ്റിലെ സ്നാനഘട്ടം നിര്‍മ്മാണം അന്തിമ ഘട്ടത്തിലാണ്.

പുത്തൂര്‍: താഴം തിരുഃആദിശ്ശ മംഗലം മഹാവിഷ്ണു ക്ഷേത്രത്തില്‍ ബലിതര്‍പ്പണത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ബലി കര്‍മ്മങ്ങള്‍ക്ക് ശ്രീ ശൈലം നാരായണന്‍ നമ്പൂതിരിയും തിലഹവനത്തിന് ചെറുപൊയ്ക മുടപ്പിലാപ്പിള്ളി മഠത്തില്‍ വാസുദേവര് സോമയാജിപ്പാടും കാര്‍മ്മികത്വം വഹിക്കും.

നീണ്ടകര: പുത്തന്‍തുറ ആല്‍ത്തറ മൂട് മഹാദേവ, മഹാവിഷ്ണു ക്ഷേത്രത്തില്‍ കര്‍ക്കടക വാവ് ബലിതര്‍പ്പണ ചടങ്ങുകള്‍ പുലര്‍ച്ചെ രാവിലെ 4 മുതല്‍ പ്രത്യേക പന്തലില്‍ നടക്കും. ഒരേസമയം ആയിരം പേര്‍ക്ക് ബലി തര്‍പ്പണം നടത്താന്‍ സൗകര്യം ഉണ്ടായിരിക്കും.

പൊന്മന: കാട്ടില്‍മേക്കതില്‍ ക്ഷേത്രം കടല്‍ത്തീരത്ത് പുലര്‍ച്ചെ മുതല്‍ ബലി തര്‍പ്പണം നടക്കും. ജങ്കാര്‍ സര്‍വീസ് ഉണ്ടായിരിക്കും.

പന്മന ആശ്രമം: രാവിലെ 6 മുതല്‍ 11 വരെ ബലി തര്‍പ്പണം

ഗുഹാനന്ദപുരം ക്ഷേത്രം: പുലര്‍ച്ചെ 4 മുതല്‍ തര്‍പ്പണ ചടങ്ങുകള്‍ നടക്കും. ഗോപാലകൃഷ്ണ ശര്‍മ കാര്‍മികത്വം വഹിക്കും.

പരവൂര്‍ കോങ്ങാല്‍ പനമൂട്ടില്‍ പരബ്രഹ്മ ക്ഷേത്രം: രാവിലെ 4 മുതല്‍ വൈകിട്ട് 6 വരെ 500 പേര്‍ക്ക് ഒരേസമയം ബലിതര്‍പ്പണത്തിനുള്ള സൗകര്യം.

ചടയമംഗലം പോരേടം ക്ഷേത്രം: ആറാട്ടുകടവ് സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ബലി തര്‍പ്പണം രാവിലെ മുതല്‍ തുടങ്ങും.

തെരുവിന്‍ ഭാഗം ആറാട്ട് കടവ്: രാവിലെ 5ന് ബലി തര്‍പ്പണ ചടങ്ങുകള്‍ തന്ത്രി പുത്തലത്താഴം രാജീവന്‍ കാര്‍മികത്വം വഹിക്കും. ഇത്തിക്കര ആറിന്റെ തീരത്താണ് ചടങ്ങുകള്‍.

കോട്ടുക്കല്‍ മുരിയനല്ലൂര്‍ ക്ഷേത്രം: ഇത്തിക്കരയാറിനോട് ചേര്‍ന്നുള്ള ക്ഷേത്രത്തില്‍ രാവിലെ 5 മുതലാണ് ചടങ്ങുകള്‍.

കുമ്മിള്‍ മീന്‍മുട്ടി ക്ഷേത്രം: മീന്‍മുട്ടി വെള്ളച്ചാട്ടത്തിന് സമീപത്തു പന്തല്‍ കെട്ടിയാണ് ചടങ്ങ് നടത്തുന്നത്.

കടയ്ക്കല്‍ കിളീമരത്തുകാവ് ശിവ പാര്‍വതി ക്ഷേത്രം: പുലര്‍ച്ചെ മുതല്‍ ബലിതര്‍പ്പണം. ക്ഷേത്രം മേല്‍ശാന്തി ശ്രീനിവാസന്‍ പോറ്റി കാര്‍മികത്വം വഹിക്കും.

മണ്‍റോത്തുരുത്ത് വൈകുണ്ഠപുരം ദേവസ്വം അനന്തശയന മഹാവിഷ്ണു ക്ഷേത്രം: ചടങ്ങുകള്‍ക്ക് ക്ഷേത്രം മേല്‍ശാന്തി രാജേഷ് ദേവനാരായണന്‍ കാര്‍മികത്വം വഹിക്കും.

വെളിനല്ലൂര്‍ ശ്രീരാമസ്വാമി ക്ഷേത്രം: ഇത്തിക്കരയാറിന്റെ തീരത്ത് കിഴക്കോട്ട് പ്രതിഷ്ഠയുള്ള ക്ഷേത്രത്തില്‍ ബലി തര്‍പ്പണ ചടങ്ങിന് കോഴിക്കോട് ഭരദ്വജ ഗോത്രം ബാലന്‍ ശാസ്ത്രികള്‍ മുഖ്യകാര്‍മികനായിരിക്കും.

കരുനാഗപ്പള്ളി തൃപ്പാവുമ്പ മഹാദേവര്‍ ക്ഷേത്ര കടവ്, ചെറിയഴീക്കല്‍ കാശി വിശ്വ നാഥ ക്ഷേത്ര മൈതാനം, തേവര്‍കാവ് ക്ഷേത്ര കടവ്, വെള്ളനാത്തുരുത്ത് ബീച്ച്, പണ്ടാരത്തുരുത്ത് കൊച്ചോച്ചിറ ക്ഷേത്ര കടവ്, ആലപ്പാട് സുബ്രഹ്മണ്യ ക്ഷേത്രം, ശ്രായിക്കാട് പശ്ചിമേശ്വരം ക്ഷേത്രക്കടവ്, അഴീക്കല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ബലിതര്‍പ്പണം പുലര്‍ച്ചെ 4ന് ആരംഭിക്കും.

കുളക്കട വൈകുണ്ഠപുരം മഹാവിഷ്ണു ക്ഷേത്രം: പുലര്‍ച്ചെ 4 മുതല്‍ ബലി തര്‍പ്പണം. അതിനു മുന്നോടിയായി ക്ഷേത്രത്തില്‍ വിഷ്ണു പൂജ നടക്കും. പിതൃപൂജ, തിലഹവനം, സായൂജ്യപൂജ, പാല്‍പ്പായസ വഴിപാട് എന്നിവയും നടക്കും. തന്ത്രി രമേശ് ഭാനു ഭാനു പണ്ടാരത്തില്‍, മേല്‍ശാന്തി തുളസീദാസ് പോറ്റി എന്നിവര്‍ കാര്‍മികത്വം വഹിക്കും.

ശൂരനാട് വടക്ക് കാഞ്ഞിരംകടവ് വില്ലാട സ്വാമി ക്ഷേത്രം: എന്‍എസ്എസ് കുന്നത്തൂര്‍ താലൂക്ക് യൂണിയന്റെ നിയന്ത്രണത്തിലുള്ള ക്ഷേത്രത്തില്‍ മൂന്നിന് പുലര്‍ച്ചെ 4 മുതല്‍ ബലിതര്‍പ്പണ ചടങ്ങുകള്‍ നടക്കും.

പടിഞ്ഞാറേ കല്ലട തിരുവാറ്റ മഹാദേവ ക്ഷേത്രം: കല്ലടയാറിന്റെ തീരത്തുള്ള സ്നാന ഘട്ടത്തിലാണ് ബലിതര്‍പ്പണം നടക്കുന്നത്.

പടിഞ്ഞാറേ കല്ലട കടപുഴ പാട്ടമ്പലം: മഹാദേവ ക്ഷേത്രത്തില്‍ മൂന്നിനു പുലര്‍ച്ചെ 4 മുതല്‍ ഉച്ചയ്ക്ക് 2വരെ. കല്ലടയാറിന്റെ തീര ത്താണ് ബലിതര്‍പ്പണം.

ഓച്ചിറ അഴീക്കല്‍ പൂക്കോട്ട് കരയോഗത്തിന്റെയും ദേവീ ക്ഷേത്രത്തിന്റെയും നേതൃത്വത്തില്‍ ബലി തര്‍പ്പണം പുലര്‍ച്ചെ 3 മുതല്‍. ക്ഷേത്ര മേല്‍ശാന്തി വിമല്‍ സേനന്‍ നേതൃത്വം നല്‍കും.

ശിവഗിരി മഠത്തിന്റെ ശാഖയായ പുതുപ്പള്ളി തൃപ്പാദഗുരുകുലം ചേവണ്ണൂര്‍ കളരിയില്‍ 5 മുതല്‍ ശിവഗിരി മുന്‍ മഠാധിപതി സ്വാമി വിശുദ്ധാനന്ദയുടെ കാര്‍മികത്വത്തില്‍ ബലിതര്‍പ്പണം.

കുളത്തൂപ്പുഴ ബാലക ശ്രീധര്‍മശാസ്താ ക്ഷേത്രം: പുലര്‍ച്ചെ മുതല്‍ ബലി തര്‍പ്പണ ചടങ്ങുകള്‍ നടക്കും.

ആര്യങ്കാവ് ശ്രീധര്‍മശാസ്താ ക്ഷേത്രക്കടവ്, ഇടപ്പാളയം ശ്രീമുരുകന്‍ കോവില്‍, തെന്മല ഒറ്റക്കല്‍ പാറക്കടവ് ശങ്കരനാരായണ സ്വാമി ക്ഷേത്രം, തെന്മല പാലക്കര ശ്രീസു ബ്രഹ്മണ്യസ്വാമി ക്ഷേത്രം, കുളത്തുപ്പുഴ ആനക്കൂട് മഹാദേവക്ഷേത്രം, കല്ലടയാര്‍ കടവ് എന്നിവിടങ്ങളിലും ബലി തര്‍പ്പണം പുലര്‍ച്ചെ ആരംഭിക്കും.

Advertisement