കര്‍ക്കിടകവാവ് ബലിതര്‍പ്പണം: കൊല്ലത്ത്‌ ഗതാഗതനിയന്ത്രണം

Advertisement

കൊല്ലം: കൊല്ലം തിരുമുല്ലവാരം കര്‍ക്കിടക വാവ് ബലിതര്‍പ്പണത്തോടനുബന്ധിച്ച് കൊല്ലം ഠൗണിലും, പരിസര പ്രദേശങ്ങളിലും പോലീസ് ആഗസ്റ്റ് രണ്ടിന് (ബലിതര്‍പ്പണം അവസാനിക്കുന്നതുവരെ) പോലീസ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.
ബലിതര്‍പ്പണത്തിനായി തിരുമുല്ലവാരം ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങള്‍ക്കായി പ്രൈവറ്റ്, കെഎസ്ആര്‍ടിസി, ഓര്‍ഡിനറി ബസ്സുകള്‍ കൊല്ലം കളക്ട്രേറ്റ്-കാങ്കത്തുമുക്ക്-വെള്ളയിട്ടമ്പലം വഴി സര്‍വ്വീസ് നടത്തണം. ചിന്നക്കടയില്‍ നിന്നും വരുന്ന വാഹനങ്ങള്‍ കാങ്കത്ത് മുക്കില്‍ സണ്‍ ബേ ആഡിറ്റോറിയം മുതല്‍ നെല്ലിമുക്ക് ഭാഗം വരെ വാഹനം നിര്‍ത്തി യാത്രക്കാരെ ഇറക്കുകയും കയറ്റുകയും ചെയ്യേണ്ടതാണ്.
ചവറ ഭാഗത്തു നിന്നും കൊല്ലത്തേക്ക് വരുന്ന വാഹനങ്ങള്‍ മുളങ്കാടകം ക്ഷേത്ര കവാടത്തിനു വടക്ക് ഭാഗം മുതല്‍ മുളങ്കാടകം സ്‌കൂളിന്റെ ഭാഗത്തേക്കും നിര്‍ത്തി യാത്രക്കാരെ ഇറക്കുകയും കയറ്റുകയും ചെയ്യണം. ഈ റോഡില്‍ പാര്‍ക്കിങ് അനുവദിക്കുന്നതല്ല.
തെക്കേ കച്ചേരി മുണ്ടാലുംമൂട് വെളളയിട്ടമ്പലം റൂട്ടില്‍ ഭക്തജനങ്ങളുമായി വരുന്ന ഇരുചക്രവാഹനം, ആട്ടോറിക്ഷാ, മറ്റ് പ്രൈവറ്റ് വാഹനങ്ങള്‍ തെക്കേ കച്ചേരി, വെള്ളയിട്ടമ്പലം എന്നീ ജംഗ്ഷനില്‍ ആളിനെ ഇറക്കിയ ശേഷം പോലീസിന്റെ നിര്‍ദ്ദേശപ്രകാരം സെന്റ് അലോഷ്യസ്, ഇന്‍ഫന്റ് ജീസസ്, ട്രിനിറ്റി ലൈസിയം, കൊല്ലം ബോയ്‌സ്, കൊല്ലം ഗേള്‍സ്, ഠൗണ്‍ യു.പി.എസ്, മുളങ്കാടകം എന്നീ സ്‌കൂള്‍ ഗ്രൗണ്ടുകളിലും, മുളങ്കാടകം ക്ഷേത്ര ഗ്രൗണ്ട്, തങ്കശ്ശേരി ബസ് ബേ എന്നിവിടങ്ങളിലും പാര്‍ക്ക് ചെയ്യേണ്ടതും തിരികെ പാര്‍ക്കിംഗ് സ്ഥലത്ത് എത്തിച്ചേര്‍ന്ന് വാഹനത്തില്‍ കയറി പോകേണ്ടതുമാണ്.
ഇരുചക്രവാഹനങ്ങള്‍ക്ക് മൂണ്ടാലുംമൂട്-തിരുമുല്ലവാരം ഭാഗത്തേയ്ക്കും, നിയന്ത്രണങ്ങള്‍ പാലിക്കേണ്ട റോഡുകളിലേക്കും പ്രവേശനം അനുവദിക്കുന്നതല്ല. നാഷണല്‍ ഹൈവേയുടെയും മറ്റ് പ്രധാന റോഡുകളുടെ ഇരുവശങ്ങളിലും പാര്‍ക്കിംഗ് അനുവദിക്കുന്നതല്ല.
തിരുവന്തപുരത്തു നിന്നും ആലപ്പുഴ ഭാഗത്തേക്ക് വരുന്ന വലിയ വാഹനങ്ങളും, ചെറിയ വാഹനങ്ങളും മേവറത്ത് നിന്നും തിരിഞ്ഞ് ബൈപാസ് വഴി പോകേണ്ടതും, ആലപ്പുഴ നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ കാവനാട് ബൈ പാസ്സ് വഴിയും പോകേണ്ടതാണ്.
തിരുമുല്ലവാരം പ്രദേശവാസികള്‍ അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമായി വാഹനങ്ങള്‍ ഉപയോഗിക്കേണ്ടതും ആവശ്യമാകുന്ന പക്ഷം പാര്‍ശ്വ റോഡുകള്‍ ഉപയോഗിക്കേണ്ടതുമാണ്.
ഇക്കൊല്ലത്തെ ബലിതര്‍പ്പണത്തിനു എത്തുന്ന ഭക്തജനങ്ങളും, അന്നദാനം നടത്തുന്ന സന്നദ്ധ സംഘടനകളും പൂര്‍ണ്ണമായും ഗ്രീന്‍ പ്രോട്ടോക്കോള്‍ അനുസരിച്ചും പോലീസ് ഏര്‍പ്പെടുത്തുന്ന ഗതാഗതക്രമീകരണങ്ങളും നിര്‍ദേശങ്ങളും പാലിക്കണമെന്നും സിറ്റിപോലീസ് കമ്മീഷണര്‍ അറിയിച്ചു.