കൊല്ലം: പള്ളിമുക്ക് തെക്കേകാവ് ക്ഷേത്ര പരിസരത്ത് കെട്ടിയിട്ടിരുന്ന അഞ്ചു മാസം ഗര്‍ഭിണിയായ കുതിരയെ മര്‍ദിച്ച സംഘത്തിലുണ്ടായിരുന്ന മൂന്നുപേര്‍ കൂടി പിടിയിലായി. വടക്കേവിള ഗാന്ധിനഗര്‍ 175 വയലില്‍ പുത്തന്‍വീട്ടില്‍ സെയ്ദലി (28), അയത്തില്‍ താഴത്തുവിളവീട്ടില്‍ പ്രസീദ് (24), അയത്തില്‍ കോളജ് നഗര്‍ 221 മടയ്ക്കല്‍ വീട്ടില്‍ ബിവിന്‍ (24) എന്നിവരെയാണ് ഇരവിപുരം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം കളക്ടറേറ്റിന് സമീപത്തുവെച്ചാണ് പ്രതികള്‍ പിടിയിലാണ്. സംഭവത്തില്‍ കൊട്ടിയം പറക്കുളം വലിയവിള വീട്ടില്‍ അല്‍ അമീന്‍ നേരത്തെ പിടിയിലായിരുന്നു. ഇനിയും രണ്ട് പേര്‍കൂടി പിടിയിലാകാനുണ്ട്. ഒളിവിലുള്ളവര്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി.
കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് നാലോടെയായിരുന്നു സംഭവം. കാറിലും സ്‌കൂട്ടറിലുമെത്തിയ അക്രമികള്‍ ക്ഷേത്ര പരിസരത്ത് കെട്ടിയിരുന്ന കുതിരയെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. വടക്കേവിള നെടിയം ഷാനവാസ് മന്‍സിലില്‍ ഷാനവാസിന്റെ ദിയ എന്ന അഞ്ചുവയസുള്ള കുതിരയാണ് മര്‍ദ്ദനത്തിനിരയായത്. കുതിരയെ അവശനിലയില്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് മര്‍ദ്ദനമേറ്റ വിവരം അറിഞ്ഞത്. കുതിരയുടെ കണ്ണിന് മുകളിലും മുഖത്തും ചെവിക്കും കാലിനുമെല്ലാം പരിക്കേറ്റിരുന്നു. ജില്ലാ വെറ്റിനറി ആശുപത്രിയില്‍ കുതിരയ്ക്ക് വിദഗ്ധ ചികിത്സ നല്‍കിയിരുന്നു. ഇരവിപുരം ഇന്‍സ്പെക്ടര്‍ രാജീവിന്റെ നേതൃത്വത്തില്‍ സിപിഒമാരായ സുമേഷ്, അനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.