കുന്നത്തൂരിൽ ഗുരുദേവ ജയന്തി ആഘോഷങ്ങളുടെ മുന്നൊരുക്കങ്ങളായി,വെള്ളാപ്പള്ളി നടേശൻ ഘോഷയാത്ര ഫ്ലാഗ് ഒഫ് ചെയ്യും

എസ്.എൻ.ഡി.പി യോഗം കുന്നത്തൂർ താലൂക്ക് യൂണിയൻ സംഘടിപ്പിക്കുന്ന ജയന്തി ആഘോഷങ്ങളുടെ സംഘാടക സമിതി രൂപീകരണ യോഗം താലൂക്ക് യൂണിയൻ സെക്രട്ടറി റാം മനോജ് ഉദ്ഘാടനം ചെയ്യുന്നു
Advertisement

ശാസ്താംകോട്ട. അയ്യായിരത്തോളം ശ്രീനാരായണീയർ പങ്കെടുക്കുന്ന ഘോഷയാത്രയോടെ ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷിക്കാൻ എസ്.എൻ.ഡി.പി യോഗം കുന്നത്തൂർ യൂണിയൻ ഒരുക്കം തുടങ്ങി. ആഗസ്റ്റ് 20ന് വൈകിട്ട് 3.30ന് ശാസ്താംകോട്ട ഫിൽറ്റർ ഹൗസ് ജംഗ്ഷനിൽ നിന്ന് താലൂക്ക് യൂണിയന്റെയും 38 ശാഖകളുടെയും നേതൃത്വത്തിലുള്ള പദഘോഷയാത്ര ആരംഭിക്കും. ഷോഘയാത്ര എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഫ്ലാഗ് ഒഫ് ചെയ്യുമെന്ന് താലൂക്ക് യൂണിയൻ സെക്രട്ടറി റാം മനോജ് പറഞ്ഞു.

ഘോഷയാത്രയിൽ അലങ്കരിച്ച രഥം, അമ്മൻ കുടം, തൃശൂർ കാവടി, തെയ്യം, ചെണ്ടമേളം തുടങ്ങി വൈവിധ്യങ്ങളായ കലാരൂപങ്ങളും വാദ്യമേളങ്ങളും മിഴിവേകും. ഘോഷയാത്ര ഭരണിക്കാവിൽ സമാപിക്കുമ്പോൾ നടക്കുന്ന ജയന്തി സമ്മേളനം കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ജി.കെ.ശശിധരൻ ഉദ്ഘാടനം ചെയ്തു. വളാഞ്ചേരി ഠൗൺ ജുമാ മസ്ജിദ് ഇമാം മുനീർ ഹുദവി വിളയിൽ മുഖ്യ പ്രഭാഷണം നടത്തും.

സംഘാടക സമിതി രൂപീകരണ യോഗം താലൂക്ക് യൂണിയൻ സെക്രട്ടറി റാം മനോജ് ഉദ്ഘാടനം ചെയ്തു. കുന്നത്തൂരിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ജയന്തി ആഘോഷങ്ങൾക്കായുള്ള തയ്യാറെടുപ്പിലാണ് താലൂക്ക് യൂണിയനെന്ന് അദ്ദേഹം പറഞ്ഞു.യോഗത്തിൽ യൂണിയൻ പ്രസിഡന്റ് ആർ.ശ്രീകുമാർ അദ്ധ്യക്ഷനായി. യോഗം ഡയറക്ടർ ബോർഡ് അംഗം വി.ബേബികുമാർ, യൂണിയൻ കൗൺസിലർമാരായ അഡ്വ. സുഭാഷ് ചന്ദ്രബാബു,
നെടിയവിള സജീവൻ, അഖിൽ സിദ്ധാർഥൻ, പഞ്ചായത്ത്‌ കമ്മിറ്റി അംഗങ്ങളായ ആർ.സുഗതൻ, സുഭാഷ് ചന്ദ്രൻ, രഞ്ജിത് തുടങ്ങിയവർ പ്രസംഗിച്ചു.