വല നിറയെ കിട്ടിയത് ചെമ്മീൻ….

Advertisement

കൊല്ലം: ട്രോളിംഗ് നിരോധനം അവസാനിച്ച ശേഷം വലനിറയെ പ്രതീക്ഷകളുമായി കടലിലേക്ക് പോയ ചെറിയ ബോട്ടുകള്‍ തിരികെയെത്തിയത് കരിക്കാടി ചെമ്മീന്‍ ചാകരയുമായി. ട്രോളിങ് നിരോധനത്തിന് ശേഷം വലനിറഞ്ഞെങ്കിലും മത്സ്യത്തൊഴിലാളികളുടെ മനം നിറഞ്ഞില്ല. ബോട്ട് നിറയെ മത്സ്യം ലഭിച്ചെങ്കിലും വേണ്ടത്ര വില ലഭിക്കാത്തത് മത്സ്യത്തൊഴിലാളികളെ നിരാശയിലാക്കി. ചെറിയതോതില്‍ കഴുന്തനും കിളിമീനും കോരയും നങ്കും ലഭിച്ചെങ്കിലും കൂടുതലായി ലഭിച്ച കരിക്കാടി ചെമ്മീന് വേണ്ടത്ര വില ലഭിച്ചില്ല.
ആദ്യമായി എത്തിയ ബോട്ടുകള്‍ക്ക് 1,100 രൂപയാണ് ഒരു കുട്ട കരിക്കാടിക്ക് ലഭിച്ചത്. ഇടത്തരം കരിക്കാടികളാണ് വലയില്‍ കുടുങ്ങിയത്. കയറ്റുമതി കുറഞ്ഞതാണ് വിലയിടിവിന് കാരണമെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. വരും ദിവസങ്ങളില്‍ മഴ ലഭിക്കുകയാണെങ്കില്‍ കഴന്തന്‍ ഉള്‍പ്പെടെയുള്ള ചെമ്മീനുകള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മത്സ്യത്തൊഴിലാളികളും ബോട്ട് ഉടമകളും.
ജില്ലയില്‍ ഇന്‍ബോര്‍ഡ് വള്ളങ്ങളടക്കം 1074 യാനങ്ങള്‍ക്കാണ് രജിസ്‌ട്രേഷനുള്ളത്. ബുധനാഴ്ച രാത്രി 12 ഓടെയാണ് ബോട്ടുകള്‍ കടലിലേക്കിറങ്ങിയത്. വലിയ വള്ളങ്ങളാണ് ആദ്യമെത്തുന്നത്. വലിയ ബോട്ടുകള്‍ ദിവസങ്ങള്‍ കഴിഞ്ഞെ മടങ്ങിയെത്തൂ. കാലാവസ്ഥ അനുകൂലമായതിനാല്‍ വലിയ പ്രതീക്ഷയിലാണ് മത്സ്യബന്ധന മേഖല. എന്നാല്‍ മത്സ്യങ്ങള്‍ക്ക് ലഭിക്കുന്ന വിലക്കുറവ് മത്സ്യത്തൊഴിലാളികളെ ആശങ്കയിലാക്കുന്നു. നീണ്ട കാത്തിരിപ്പിന് ശേഷം ബോട്ടുകളുടെ അറ്റകുറ്റപ്പണികള്‍ നടത്തി വലിയ സാമ്പത്തിക ബാധ്യതയുമായാണ് മത്സ്യതൊഴിലാളികള്‍ കടലിലേക്ക് പോയത്. മത്സ്യലഭ്യതയ്ക്ക് അനുസരിച്ചുള്ള വില ലഭിച്ചില്ലെങ്കില്‍ വന്‍ സാമ്പത്തി പ്രതിസന്ധിയിലാകുമെന്ന ഭയവും തൊഴിലാളികള്‍ക്കും ഉടമകള്‍ക്കുമുണ്ട്. ചെമ്മീന്‍ കയറ്റുമതിക്ക് അമേരിക്ക ഏര്‍പ്പെടുത്തിയ വിലക്ക് തിരിച്ചടിയാകുമെന്ന ആശങ്കയും ബോട്ട് ഉടമകള്‍ പങ്കുവെയ്ക്കുന്നു

Advertisement