ആത്മസർപ്പണത്തിന്റെ ബലിതർപ്പണം;ആത്മസായൂജ്യം നേടിയത് പതിനായിരങ്ങൾ

Advertisement

ശാസ്താംകോട്ട : പിതൃക്കളുടെ ആത്മശാന്തിക്കായി ഹൃദയവേദനയോടെ കുന്നത്തൂർ താലൂക്കിലെ വിവിധ ക്ഷേത്രങ്ങളിൽ ഒരുക്കിയ സ്നാനഘട്ടങ്ങളിൽ പതിനായിരങ്ങൾ ബലിതർപ്പണം നടത്തി.ശനിയാഴ്ച പുലർച്ചെ 4 മുതൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ വ്രതശുദ്ധിയോടെ
സ്നാനഘട്ടങ്ങളിൽ എത്തിയിരുന്നു.പിതൃ തർപ്പണത്തിനൊപ്പം പിതൃപൂജ,തിലഹവനം എന്നിവയ്ക്കുള്ള സൗകര്യവും ക്ഷേത്രങ്ങളിൽ ഒരുക്കിയിരുന്നു.പുത്തൂർ പാങ്ങോട് താഴം ആദിശമംഗലം മഹാവിഷ്ണു ക്ഷേത്രം,കുന്നത്തൂർ കിഴക്ക് കൊക്കാംകാവ് ഭഗവതി ക്ഷേത്രം,പടിഞ്ഞാറെ കല്ലട തിരുവാറ്റ ക്ഷേത്രം,ശൂരനാട് വടക്ക് കാഞ്ഞിരംകടവ്

വില്ലാടസ്വാമി ക്ഷേത്രം,കടപുഴ അമ്പലത്തുംഗൽ (പാട്ടമ്പലം) മഹാവിഷ്ണു ക്ഷേത്രം,ഐവർകാല കിഴക്ക് തെറ്റിമുറി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം എന്നിവിടങ്ങളിലാണ് പ്രധാനമായും കർക്കിടക വാവുബലി നടന്നത്.കുന്നത്തൂർ കിഴക്ക് കൊക്കാംകാവ് ഭഗവതീക്ഷേത്രത്തിൽ ബ്രഹ്മശ്രീ തൃശൂർ ഉദയൻ പോറ്റി കാർമികത്വം വഹിച്ചു.ക്ഷേത്രങ്ങളിൽ
രാവിലെ മുതൽ അന്നദാനവും ഉണ്ടായിരുന്നു..ശാസ്താംകോട്ട ശുദ്ധജല തടാക തീരത്ത് വർഷങ്ങളായി പിതൃതർപ്പണത്തിന് വിലക്കുള്ളതിനാൽ കുന്നത്തൂർ താലൂക്കിലെ മറ്റ് സ്നാനഘട്ടങ്ങളിൽ വലിയ തിരക്കാണ് അനുഭവപ്പെപെട്ടത്.എൻഎസ്എസ് കുന്നത്തൂർ താലൂക്ക് യൂണിയന്റെ അധീനതയിലുള്ള ആനയടി വില്ലാട് സ്വാമി ക്ഷേത്രത്തിലേക്ക് അടൂർ,കൊട്ടാരക്കര,കരുനാഗപ്പള്ളി കെഎസ്ആർടിസി ഡിപ്പോകളിൽ നിന്നും പ്രത്യേക ബസ് സർവ്വീസ് ഉണ്ടായിരുന്നു.വലിയ തിരക്കാണ് ഇവിടെ അനുഭവപ്പെട്ടത്.ശാസ്താംകോട്ട,ശൂരനാട് പൊലീസ്,ഫയർഫോഴ്സ്,ആരോഗ്യവകുപ്പ്,മറ്റ് സന്നദ്ധ സംഘടനകൾ എന്നിവയുടെ സേവനം എല്ലാ ക്ഷേത്രങ്ങളിലും ലഭ്യമാക്കിയിരുന്നു .

Advertisement