തടാകതീരത്ത് വിവാദ ശുദ്ധജല പദ്ധതിയില്‍ ബാക്കിയായ പൈപ്പുകള്‍ നീക്കം ചെയ്തു തുടങ്ങി

Advertisement

ശാസ്താംകോട്ട. തടാകതീരത്ത് വിവാദ ശുദ്ധജല പദ്ധതിയില്‍ ബാക്കിയായ പൈപ്പുകള്‍ നീക്കെ ചെയ്തു തുടങ്ങി. തടാകത്തിലെ അമിത ജല ചൂണത്തിന് പരിഹാരമായി വിഭാവനചെയ്ത കടപുഴപദ്ധതി പിന്നീട് ഉപേക്ഷിച്ചിരുന്നു ഇതിന്റെ പൈപ്പുകള്‍ തടാകത്തിലും തീരത്തുമായി കിടന്നത് വിവാദമായിരുന്നു. അതാണ് ഇപ്പോള്‍ നീക്കുന്നത്. പദ്ധതിഅവസാനിപ്പിച്ച് കരാറുകാരന് ചിലവിട്ടതുക നല്‍കുന്നതിനായി പൈപ്പുകള്‍ തിരികെ ജല അതോറിറ്റിയെ ഏല്‍പ്പിക്കാന്‍ ഹൈകോടതി നിര്‍ദ്ദേശമുണ്ടായതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കടപുഴ പദ്ധതി മണ്‍റോത്തുരുത്തിനെ മുക്കുമെന്ന കോവൂര്‍ കുഞ്ഞുമോന്റ സബ്മിഷനെത്തുടര്‍ന്നാണ് പദ്ധതി നിര്‍ത്താന്‍ ചീഫ് സെക്രട്ടറി നിര്‍ദ്ദേശിച്ചത്. ഇതിനായി നടന്ന ജോലി സംബന്ധിച്ച് അഴിമതിആരോപണവും വിജിലന്‍സ് അന്വേഷണവും നടന്നു. തുടര്‍ന്ന് പൈപ്പുകള്‍ ഉപേക്ഷിച്ച നിലയിലായി. തീരത്തെ പൈപ്പുകള്‍ ജലം ഉയര്‍ന്നപ്പോള്‍ തടാകത്തിലാവുകയും അത് തടാകത്തിന്റൈ മറുകരവരെ ഒഴുകി എത്തുകയും ചെയ്തു.
ബ്‌ളോക്ക് പഞ്ചായത്ത് അംഗം തുണ്ടില്‍ നൗഷാദ് താലൂക്ക് വികസന സമിതിയില്‍ ഉന്നയിച്ച പരാതിയെതുടര്‍ന്ന് ഇത് നീക്കാന്‍ കലക്ടര്‍ നിര്‍ദ്ദേശിച്ചു ഏഴുലക്ഷം ചിലവിട്ട് ജല അതോറിറ്റി നീക്കിയത് തീരത്ത് മറ്റൊരു ഭാഗത്തേക്കാണ്. അത് പാഴ് ചിലവുമായി.
വിലയേറിയ എച്ച് ഡിസി പൈപ്പുകള്‍ തീരത്ത് പലയിടത്തും കിടപ്പുണ്ട്. ഇപ്പോള്‍ എംഎസ് പൈപ്പുകളാണ് ജല അതോറിറ്റി വളപ്പിലേക്ക് മാറ്റുന്നത്. എച്ച്ഡിസി പൈപ്പുകളും തുടര്‍ന്ന് മാറ്റുന്നുണ്ട് എന്ന് ജല അതോറിറ്റി ബോര്‍ഡ് അംഗം ഉഷാലയം ശിവരാജന്‍ പറഞ്ഞു. ജല അതോറിറ്റിക്ക് 15കോടിയോളം നഷ്ടമുണ്ടാക്കിയ പദ്ധതിുടെ പൈപ്പുകളെങ്കിലും പ്രയോജനകരമായി വിനിയോഗിക്കണമെന്ന് ശിവരാജന്‍ ഉന്നതാധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Advertisement