കൊല്ലം: മോചനദ്രവ്യം ആവശ്യപ്പെട്ട് ഓയൂര്‍ ഓട്ടുമലയില്‍ നിന്നും ആറു വയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസില്‍ പ്രാഥമിക വാദം 21ന് കോടതി കേള്‍ക്കും. ഇന്നലെ കേസ് പരിഗണിച്ച കൊല്ലം അഡിഷനല്‍ സെഷന്‍സ് ജഡ്ജി പി.എന്‍ വിനോദാണ് കേസ് 21 ലേക്ക് മാറ്റിയത്. കേസിലെ ഒന്നും രണ്ടും പ്രതികളായി ചാത്തന്നൂര്‍ മാമ്പള്ളിക്കുന്നം കവിതാരാജില്‍ കെ.ആര്‍ പത്മകുമാര്‍(51), ഭാര്യ എം.ആര്‍ അനിതാകുമാരി(39) എന്നിവരെ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഹാജരാക്കി. കേസിലെ മൂന്നാം പ്രതി പി. അനുപമയ്ക്ക് പഠനത്തിനായി ഹൈക്കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.
മോചനദ്രവ്യം നേടാനായി കഴിഞ്ഞ വര്‍ഷം നവംബര്‍ 27ന് വൈകിട്ട് നാലരയോടെ ഓയൂരില്‍ നിന്നാണ് ആറു വയസുകാരിയെ കാറില്‍ കടത്തി കൊണ്ടു പോയത്. തടങ്കലില്‍ പാര്‍പ്പിച്ച ശേഷം കുട്ടിയെ കൊല്ലത്തെ പൊതുസ്ഥലത്ത് ഉപേക്ഷിച്ച് പ്രതികള്‍ കടന്നുകളയുകയായിരുന്നു. തമിഴ്‌നാട്ടിലേക്ക് കടക്കാന്‍ ശ്രമിച്ച പ്രതികളെ ഡിസംബര്‍ രണ്ടിനാണ് അറസ്റ്റ് ചെയ്തത്. ആദ്യം പൂയപ്പള്ളി പൊലിസും തുടര്‍ന്ന് കൊല്ലം റൂറല്‍ ക്രൈംബ്രാഞ്ചുമാണ് കേസ് അന്വേഷിച്ചത്. ക്രൈംബ്രാഞ്ച് 90 ദിവസത്തിനകം കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചു.