മാളിയേക്കൽ മേൽപ്പാലം ഉദ്ഘാടനം 13ന്

Advertisement

കരുനാഗപ്പള്ളി .  കരുനാഗപ്പള്ളി – ശാസ്താംകോട്ട റോഡിൽ മാളിയേക്കൽ നിർമ്മിച്ച റെയിൽവേ മേൽ പാലത്തിൻ്റെ ഉദ്ഘാടനം ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം നടക്കും.കേരളത്തിൽ ആദ്യമായി പൂർണമായും സ്റ്റീൽ കോൺക്രീറ്റ് കോമ്പോസിറ്റ്  രീതിയിൽ നിർമ്മിക്കുന്ന ആദ്യ പാലമാണ് ഉദ്ഘാടനം ചെയ്ത് നാടിന് സമർപ്പിക്കുന്നത്. പാലം നാടിന് സമർപ്പിക്കുന്നതോടെ ദീർഘകാലമായി മണിക്കൂറുകളോളം ലെവൽ ക്രോസിൽ കുടുങ്ങിക്കിടക്കുന്ന ജനങ്ങളൂടെ യാത്രാദുരിതത്തിനാണ് എൽഡിഎഫ് സർക്കാരിന്റെ ഇച്ഛാശക്തിയിൽ പരിഹാരമാകുന്നത്. പാലത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങളെല്ലാം പൂർത്തിയാക്കി, ഭാര പരിശോധന നടപടികളും കഴിഞ്ഞ ദിവസങ്ങളിൽ നടന്നിരുന്നു. ഇത് സംബന്ധിച്ച അന്തിമ റിപ്പോർട്ടും അധികൃതർക്ക് ലഭിച്ചിട്ടുണ്ട്. റെയിൽവേ ക്രോസിന് മുകളിലായി റെയിൽവേ നേരിട്ടു നടത്തിയ നിർമ്മാണ പ്രവർത്തനങ്ങളുടെ അന്തിമ അറ്റകുറ്റപ്പണികളും അവസാനഘട്ട പെയിൻ്റിങ് ജോലികളും പൂർത്തിയാക്കിയാണ് പാലം ഉദ്ഘാടനത്തിന് തയ്യാറെടുക്കുന്നത്.
മുൻ എംഎൽഎ ആർ രാമചന്ദ്രൻ്റെ ശക്തമായ ഇടപെടലിനെ തുടർന്ന് മുൻ എൽഡിഎഫ് സർക്കാരാണ് മേൽപ്പാലത്തിന് ആവശ്യമായ 33.04 കോടി രൂപ  അനുവദിച്ചത്. എ എം ആരിഫ് എംപി ഇടപെട്ട് റെയിൽവേ അധികൃതരിൽ  നിന്നും വേഗത്തിൽ അനുമതിയും ലഭ്യമാക്കി.  2021 ജനുവരി 23-ന് മുഖ്യമന്ത്രി പിണറായി വിജയൻ പാലത്തിന്റെ നിർമാണോദ്ഘാടനം നിർവഹിച്ചു.547 മീറ്റർ നീളവും 10.2 മീറ്റർ വീതിയുമാണ് പാലത്തിന് ഉണ്ടാകുക.  കേരളത്തിൽ പൂർണമായും സ്റ്റീൽ കോൺക്രീറ്റ് കോമ്പോസിറ്റ്  രീതിയിൽ നിർമ്മിക്കുന്ന 10 മേൽപ്പാലങ്ങൾ അനുവദിച്ചതിൽ ആദ്യമായി നിർമ്മാണം പൂർത്തിയായ  പാലമാണ് മാളിയേക്കൽ റെയിൽവേ മേൽപ്പാലം.ഇതിന്റെ പൈൽ,പൈൽ ക്യാപ്പ്,ഡക്ക് സ്ലാബ്എന്നിവ കോൺക്രീറ്റ് രീതിയിലും, പിയർ, പിയർ ക്യാപ്പ്,ഗാർഡറുകൾ എന്നിവ സ്റ്റീലിലുമായാണ് നിർമ്മിച്ചിരിക്കുന്നത്. 33 സ്പാനുകളും 51 പൈലുകളും, 13 പൈൽ ക്യാപ്പുകളും 2 അബട്ട്മെൻ്റും പാലത്തിനുണ്ട്. പാലത്തിനായി ഭൂമി ഏറ്റെടുക്കുന്നതിന് 11.8 കോടി രൂപയും മേൽപ്പാല നിർമ്മാണത്തിന് 26.5 8 കോടി രൂപയുമാണ് ചെലവഴിച്ചത്.


Advertisement