സംസ്ഥാന വനിതാ നേതാവിൻ്റെ മകൾക്ക് വഴിവിട്ട് നിയമനം, സിപിഎം ശൂരനാട് ഏരിയായിൽ വിവാദം

Advertisement

കരുനാഗപ്പള്ളി.സംസ്ഥാന വനിതാ നേതാവിൻ്റെ മകൾക്ക് വഴിവിട്ട് നിയമനം, സി.പി.എം ശൂരനാട് ഏരിയായിൽ വിവാദം: സഹകരണ നിയമം ലംഘിച്ചുകൊണ്ട് കോൺഗ്രസ് നേതാവിന്റെ ഭാര്യ കൂടിയായ വനിതാ നേതാവിന്റെ മകളെ ഉന്നത തസ്തികയിൽ നിയമിച്ചു എന്ന ആരോപണത്തിലാണ് വിവാദം കൊഴുക്കുന്നത്. പാലത്തറയിൽ പ്രവർത്തിക്കുന്ന സഹകരണ ആശുപത്രിയുടെ മികവിനെ തന്നെ ബാധിക്കുന്ന തരത്തിൽ വിവാദം ഉയർന്നത് ജില്ലയിലെ മുതിർന്ന നേതാക്കൾക്കിടയിലും അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്.

ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം ചേർന്ന സി.പി. എം ശൂരനാട് ഏരിയയിലെ തഴവ ലോക്കൽ കമ്മിറ്റിയിൽ വാക്കേറ്റവും ബഹളവും ഉണ്ടാകാൻ കാരണമായി. പാർട്ടി സംസ്ഥാന വനിതാ നേതാവിന്റെ മകൾക്ക് സഹകരണ നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിരുദ്ധമായി പാർട്ടിയുടെ നിയന്ത്രണത്തിലുള്ള സഹകരണ ആശുപത്രിയിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ആയി നിയമനം നൽകിയതിനെതിരെയാണ് സി.പി.എം തഴവാ ലോക്കൽ കമ്മിറ്റിയിൽ  പ്രതിഷേധം ഉയർന്നത്. ഇത് വാക്കേറ്റത്തിലേക്കും ബഹളത്തിലേക്കും കലാശിച്ചു. കഴിഞ്ഞദിവസം സി.പി.എം ശൂരനാട് ഏരിയ സെക്രട്ടറി പി ബി സത്യദേവൻ്റെ സാന്നിധ്യത്തിൽ ചേർന്ന യോഗമാണ് നിയമന വിഷയത്തിൽ വലിയ തർക്കങ്ങൾക്കും ബഹളങ്ങൾക്കും ഇടയായതിനെ തുടർന്ന് അജണ്ട പൂർത്തിയാക്കാൻ ആവാതെ പിരിഞ്ഞത്. സി.പി.എം വനിതാ നേതാവ് താൻ ഭരണസമിതി അംഗമായിരിക്കുന്ന സഹകരണ ആശുപത്രി പതാരത്ത് പുതുതായി തുടങ്ങിയ ബ്രാഞ്ചിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായി തന്റെ മൂന്നാമത്തെ മകളെ നിയമിച്ചതിനെതിരെയായിരുന്നു ലോക്കൽ കമ്മിറ്റിയിൽ പ്രതിഷേധം ഉയർന്നത്. സഹകരണ നിയമവും ചട്ടവും അനുസരിച്ച് ഭരണസമിതി അംഗങ്ങളുടെ ബന്ധുക്കളെ നിയമിക്കാൻ പാടില്ല എന്ന പ്രാഥമിക നിയമം പോലും പാലിക്കാതെ മകൾക്ക് ജോലി നൽകുകയായിരുന്നു എന്ന് അംഗങ്ങൾ ചൂണ്ടിക്കാട്ടി. ലോക്കൽ കമ്മിറ്റിയിലെ ഏതാണ്ട് മിക്ക അംഗങ്ങളും നിയമനത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തുവന്നതോടെ യോഗം ബഹളത്തിൽ കലാശിക്കുകയായിരുന്നു.

ഇത് കൂടാതെയാണ് ഇളയ മകൾക്ക് നിയമനം നൽകിയിരിക്കുന്നത് എന്നും മകളെ വിവാഹം കഴിച്ചിരിക്കുന്നത് തഴവയിലെ പ്രമുഖനായ കോൺഗ്രസ് നേതാവാണെന്നും ചർച്ചയിൽ പങ്കെടുത്ത ചിലർ പറഞ്ഞു. തഴവയിൽ നിന്ന് ഒരാൾക്ക് ഉന്നത ജോലി നൽകുമ്പോൾ തഴവയിലെ പാർട്ടി അറിയേണ്ട കാര്യമില്ല എന്ന മനോഭാവം ധിക്കാരത്തിന്റെതാണെന്ന് ലോക്കൽ കമ്മിറ്റി സെക്രട്ടറി തുറന്നടിച്ചു.

ഇത് സംബന്ധിച്ച് ഉന്നത നേതൃത്വത്തിന് താൻ പരാതി നൽകുമെന്നും ഇദ്ദേഹം പറഞ്ഞു.സ്വന്തം ഭൂമി സ്വന്തമായി ഭൂമിയില്ലാത്തവർക്ക് വേണ്ടി സൗജന്യമായി വിട്ടു നൽകിയ പാരമ്പര്യമുള്ള ലോക്കൽ കമ്മിറ്റി സെക്രട്ടറിയുടെ നാടാണ് തഴവ എന്നും മറ്റൊരംഗം ചൂണ്ടിക്കാട്ടി. ഇതെല്ലാം പാർട്ടി നേതൃത്വം അന്വേഷിക്കണമെന്ന ആവശ്യം ഉയർന്നതോടെ ഏരിയാ സെക്രട്ടറി ഇടപെട്ട് പരാതി നൽകരുതെന്നും പ്രശ്നം പരിഹരിക്കാം എന്നും ആവശ്യപ്പെട്ടെങ്കിലും ലോക്കൽ കമ്മിറ്റി അംഗങ്ങൾ ഒന്നടങ്കം പ്രതിഷേധം ഉയർത്തിയതോടെ യോഗത്തിൽ നിന്നും ഇദ്ദേഹം മടങ്ങുകയായിരുന്നു.

Advertisement