ചടയമംഗലം. ദളിത് ദമ്പതികളെ മർദ്ദിച്ച സംഭവത്തിൽ കാട്ടാക്കട എസ്ഐ മനോജ് ഉൾപ്പെടെ അഞ്ചുപേർക്കെതിരെ കേസടുത്ത് പോലീസ്. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് ചടയമംഗലം പോലീസ് കേസെടുത്തു. പോലീസ് അതിക്രമത്തെ കുറിച്ചുള്ള വാർത്ത ആദ്യം പുറത്തുകൊണ്ടുവരുന്നത് 24 ആണ്
കഴിഞ്ഞ ജൂലൈ 20 നാണ് ഗുണ്ടകളെ കൂട്ടി പ്രതിയെ അന്വേഷിച്ചെത്തിയ എസ്.ഐ മനോജ് ചടയമംഗലം സ്വദേശിയായ സുരേഷിനെയും ഭാര്യയെയും ആളുമാറി വീട്ടിൽക്കയറി മർദിച്ചത്. വധക്കേസിലെ പ്രതിയെന്ന് കരുതി ദളിത് യുവാവായ സുരേഷിനെ പിടികൂടാനായിരുന്നു ഇവരുടെ ശ്രമം. ആളുമാറിയതാണെന്നും താൻ തെറ്റ് ചെയ്തിട്ടില്ലെന്നും സുരേഷ് ആവർത്തിച്ച് പറഞ്ഞിട്ടും എസ്.ഐ. മനോജ് ഇയാളെ വെറുതെവിട്ടില്ല. കസ്റ്റഡിയിലെടുത്ത സുരേഷിനെ പിന്നീട് ആളുമാറി എന്ന് തിരിച്ചറിഞ്ഞതോടെ വീടിനടുത്തുള്ള വഴിയിൽ ഉപേക്ഷിച്ചു. മർദ്ധിച്ച് അവശനാക്കിയ ശേഷം ആണ് എസ് ഐ മനോജ് സുരേഷിനെ കസ്റ്റഡിയിലെടുത്തത്. പിന്നീട് ഭാര്യ കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി. തുടർന്ന് കൊട്ടാരക്കര ഡിവൈ.എസ്.പി. അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെയാണ് എസ്.ഐ. അടക്കം അഞ്ചുപേർക്കെതിരേ പോലീസ് കേസെടുത്തത്. ജാമ്യമില്ല വകുപ്പുകൾ പ്രകാരമാണ് കേസ്. ഒരു പോലീസുകാരനും മൂന്ന് ഗുണ്ടകളുമായാണ് എസ്.ഐ. മനോജ് അന്വേഷണത്തിനെത്തിയത്. ചടയമംഗലത്ത് ജോലിചെയ്യുന്നതിനിടെ മേഖലയിലെ ഗുണ്ടകളുമായി അടുത്തബന്ധം പുലർത്തിയിരുന്ന എസ്.ഐ. പ്രതികളെ പിടികൂടാനും ഗുണ്ടകളുടെ സഹായം ഉപയോഗിക്കുകയായിരുന്നു.