കരുനാഗപ്പള്ളി: കരുനാഗപ്പള്ളി അരമത്തുമഠത്തിലുള്ള ബാറില്‍ എത്തിയ 52-കാരനെ കബളിപ്പിച്ച് സ്വര്‍ണ്ണാഭരണം മോഷ്ടിച്ച യുവാവ് പോലീസ് പിടിയിലായി. വള്ളികുന്നം, രാജീവ് ഭവനില്‍ രാജീവ് (24) ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്.
തിങ്കളാഴ്ച രാത്രി ബാറിലെ എത്തിയ വിളയില്‍ വടക്കതില്‍ വീട്ടില്‍ ഡേവിഡ് ചാക്കോയെ കബളിപ്പിച്ചാണ് രാജീവ് സ്വര്‍ണ്ണാഭരണം മോഷ്ടിച്ചത്. മദ്യം വാങ്ങാന്‍ പോക്കറ്റില്‍ നിന്നും പണം എടുക്കുന്നതിനിടയില്‍ പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ അടങ്ങിയ പൊതി പ്രതിയായ രാജീവ് കാണാന്‍ ഇടയായി. ഇതിനെക്കുറിച്ച് ഇയാള്‍ ഡേവിഡിനോട് ചോദിച്ച് മനസിലാക്കിയ ശേഷം തന്ത്രപൂര്‍വ്വം അടുത്തുകൂടി. തുടര്‍ന്ന് ഡേവിഡിന് കൂടുതല്‍ മദ്യം വാങ്ങി നല്‍കി അബോധാവസ്ഥയിലാക്കി 5 പവനോളം വരുന്ന സ്വര്‍ണ്ണമാലയും 4 പവന്‍ വരുന്ന ബ്രേസ്ലെറ്റും അടങ്ങിയ പൊതി മോഷ്ടിച്ചശേഷം കടന്നുകളയുകയായിരുന്നു.
ഡേവിഡ് കരുനാഗപ്പള്ളി പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ തിരിച്ചറിയുകയായിരുന്നു. പിന്നീട് കരുനാഗപ്പള്ളി പോലീസ് ഇന്‍സ്‌പെക്ടര്‍ നിസാമുദീന്റെ നേതൃത്വത്തില്‍ എസ്‌ഐമാരായ ഷമീര്‍, ഷാജിമോന്‍,സുരേഷ് എസ്‌സിപിഒ ഹാഷിം, സിപിഒ നൗഫെന്‍ജാന്‍ എന്നിവരടങ്ങിയ സംഘം പ്രതിയെ അറസ്റ്റ് ചെയ്തു.