ശാസ്താംകോട്ട:മണ്ണെടുപ്പിന് എട്ട് ലക്ഷം രൂപ കോഴ വാങ്ങിയെന്ന ആരോപണത്തെ തുടർന്ന് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗത്തിന്റെ സാന്നിദ്ധ്യത്തിൽ നടന്ന പോരുവഴി പടിഞ്ഞാറ് ലോക്കൽ കമ്മിറ്റിയിൽ കയ്യാങ്കളി.ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം.ശിവശങ്കരപ്പിള്ള ഇടപെട്ടിട്ടും രംഗം ശാന്തമാക്കാൻ കഴിഞ്ഞില്ല.സ്വകാര്യ വ്യക്തി വിലയാധാരം വാങ്ങിയ ഭൂമിയിൽ നിന്നും സർക്കാർ അനുമതിയോടെ മണ്ണെടുത്ത് മാറ്റുന്നത് തടഞ്ഞ സിപിഎം നേതാക്കൾ ഉടമയെ ഭീഷണിപ്പെടുത്തി 8 ലക്ഷം രൂപ തട്ടിയെടുത്തതായി ആക്ഷേപം.സിപിഎം പോരുവഴി പടിഞ്ഞാറ് ലോക്കൽ കമ്മിറ്റി യോഗത്തിലാണ് വിഷയം ചർച്ചയായത്.
ഡിവൈഎഫ്ഐ നേതാവ് നിഷാദാണ് അജണ്ടയിൽ ഇല്ലാതിരുന്ന വിഷയം തുടക്കത്തിൽ തന്നെ ചർച്ചയിലേക്ക് കൊണ്ടു വന്നത്.തുടർന്ന് പ്രവർത്തകർ ഏറ്റെടുക്കുകയായിരുന്നു.ഏരിയാ കമ്മിറ്റിയംഗം 3 ലക്ഷം,ലോക്കൽ കമ്മിറ്റിയംഗം 3 ലക്ഷം,മറ്റൊരു പ്രവർത്തകൻ 2 ലക്ഷം എന്നിങ്ങനെയാണ് വസ്തു ഉടമയെ വിരട്ടി കൈക്കലാക്കിയതെന്നാണ് കമ്മിറ്റിയിൽ ആരോപണം ഉയർന്നത്.മുഖ്യമന്ത്രിയുടെ നവകേരള സദസ് നടന്ന ചക്കുവള്ളി ടൗണിനോട് ചേർന്ന സ്ഥലത്തെ മണ്ണെടുപ്പ് തടഞ്ഞ് കോഴ വാങ്ങിയതാണ് അംഗങ്ങൾ തുടക്കം മുതൽ ചർച്ചയാക്കിയത്.
അടുത്ത് നടക്കുന്ന ലോക്കൽ സമ്മേളനത്തിൽ ആരോപണവിധേയരെ പങ്കെടുപ്പിക്കരുതെന്നും ഏരിയാ കമ്മിറ്റിയംഗത്തിന്റെ സ്വത്തു വിവരത്തെ കുറിച്ച് അന്വേഷിക്കണം എന്നുമുള്ള ആവശ്യം ഉയർന്നു.തുടർന്ന് വാഗ്ദ്വാദം രൂക്ഷമാകുകയും കയ്യങ്കാളിയിൽ കലാശിക്കുകയുമായിരുന്നു.
അംഗങ്ങൾ തമ്മിൽ കൂട്ടയടി പുറത്തേക്ക് കടന്നതോടെ നേതൃത്വം ഇടപെട്ട് യോഗം അവസാനിപ്പിച്ചു.വിവാദ ഭൂമി കോഴ വാങ്ങിയ ഏരിയ നേതാവ് ഉൾപ്പെടെയുള്ളവർ ചേർന്ന് കമ്മീഷൻ വ്യവസ്ഥയിൽ വില്പനയ്ക്ക് ശ്രമിച്ചിരുന്നെങ്കിലും നടന്നില്ല.ഇതിനു ശേഷമാണ് ഇവരുടെ പങ്കില്ലാതെ മറ്റൊരാൾ ഭൂമി വാങ്ങിയത്.തുടർന്ന് മണ്ണെടുക്കാൻ എത്തിയപ്പോഴാണ് മതിൽ റോഡിലേക്ക് വീഴുമെന്ന തടസവാദമുയർത്തി മണ്ണെടുപ്പ് തടയുകയും ലക്ഷങ്ങൾ വാങ്ങുകയും ചെയ്തതത്രേ.അതിനിടെ പ്രശ്നം ചർച്ച ചെയ്യാൻ വെള്ളിയാഴ്ച സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.സോമ പ്രസാദിന്റെ നേതൃത്വത്തിൽ സിപിഎം ശൂരനാട് ഏരിയാ കമ്മിറ്റി വിളിച്ചു ചേർത്തിട്ടുണ്ട്.