നാട്ടിലിറങ്ങുന്ന കാട്ടാനകളെ നിരീക്ഷിക്കാന്‍ പുതിയ സംവിധാനവുമായി അമൃത വിശ്വവിദ്യാപീഠം

Advertisement

വനപ്രദേശങ്ങളോട് ചേര്‍ന്നുള്ള ജനവാസ മേഖലകളില്‍ വന്യമൃഗങ്ങളും മനുഷ്യനും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ കൂടിവരുന്ന സാഹചര്യത്തില്‍ ഇതിനൊരു പരിഹാരവുമായി അമൃത വിശ്വവിദ്യാപീഠത്തിന്റെ പുതിയ എ.ഐ അധിഷ്ഠിത നിരീക്ഷണ സംവിധാനം. സര്‍വകലാശാലയ്ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന അമ്മച്ചി ലാബ്‌സിന്റെ നേതൃത്വത്തിലാണ് അമൃത എലിഫന്റ് വാച്ച് അലേര്‍ട്ട് എന്ന പുതിയ നിരിക്ഷണ സംവിധാനം വികസിപ്പിച്ചെടുത്തിരിക്കുന്നത്.
എ.ഐ ക്യാമറകളും ഡിറ്റക്ഷന്‍ സെന്‍സറുകളും ഉപയോഗിച്ചാണ് ഇതിന്റെ പ്രവര്‍ത്തനം. ആനകള്‍ ഇറങ്ങുന്ന മേഖലകളില്‍ മരങ്ങളുടെ മുകളിലായാണ് ക്യാമറകള്‍ സ്ഥാപിക്കുക. ഈ ക്യാമറകളുമായി ബന്ധിപ്പിച്ചിട്ടുള്ള സെന്‍സറുകള്‍ വഴി മൊബൈല്‍ ഫോണിലേക്ക് മുന്നറിയിപ്പ് സന്ദേശം വരുകയും സെക്കന്‍ഡുകള്‍ക്കുള്ളില്‍ തന്നെ ആനകളുടെ ഫോട്ടോകളും വീഡിയോയും മൊബൈല്‍ ഫോണിലേക്ക് എത്തുകയും ചെയ്യും.
ക്യാമറകളുടെ പരിധിക്കുള്ളില്‍ ആനകളെത്തിയാല്‍ ഇതില്‍ സെറ്റ് ചെയ്തിരിക്കുന്ന പ്രോഗ്രാം വഴി എഐ അല്‍ഗോരിതം ആനകളെ തിരിച്ചറിഞ്ഞ് 2 സെക്കന്‍ഡിനുള്ളില്‍ ടെലഗ്രാം വഴി ഫോണിലേക്ക് ഫോട്ടോകള്‍ അയച്ചു തുടങ്ങും. നിശ്ചിത ഇടവേളകളില്‍ വീഡിയോ ദൃശ്യങ്ങളും ലഭിക്കും. സംഘത്തില്‍ എത്ര ആനകളുണ്ടെന്നും അപകടകാരികളായ ആനകള്‍ പ്രദേശത്തേക്ക് കടക്കുന്നുണ്ടോ എന്നെല്ലാം ഇതിലൂടെ അറിയാനാകും.
കാട്ടാനകളുടെ ശല്യം രൂക്ഷമായ പ്രദേശങ്ങളില്‍ ഈ സംവിധാനം ഉപയോഗിക്കുന്നതു വഴി ആനകളുടെ സഞ്ചാരം നിരീക്ഷിക്കാനും ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാനും സാധിക്കും. ആനകളെ മാത്രമല്ല കാട്ടുപന്നി അടക്കമുള്ള മറ്റ് വന്യമൃഗങ്ങളുടെ സഞ്ചാരവും ഈ സംവിധാനം ഉപയോഗിച്ച് നിരീക്ഷിക്കാനാകും. അമൃത അമ്മച്ചി ലാബ്‌സിലെ ടീം ലീഡ് ബാലു മോഹന്‍ദാസ് മേനോന്റെ നേതൃത്വത്തില്‍ അയ്യപ്പന്‍ അജന്‍, രാമകൃഷ്ണന്‍. കെ., ബി ഗോകുല്‍ ദേവ് എന്നിവരടങ്ങുന്ന സംഘമാണ് ഈ ഉപകരണം വികസിപ്പിച്ചെടുത്തത്. കോയമ്പത്തൂരിന് സമീപം മധുക്കരയില്‍ വനത്തോട് ചേര്‍ന്ന പ്രദേശത്ത് പരീക്ഷണാടിസ്ഥാനത്തില്‍ സ്ഥാപിച്ച ഈ സംവിധാനം വിജയകരമായിരുന്നെന്നും ഇത് ഉടന്‍ തന്നെ വിപണിയിലെത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്നും ഇതിന് നേതൃത്വം നല്‍കിയ ബാലു മോഹന്‍ദാസ് മേനോന്‍ പറഞ്ഞു.

Advertisement