ഓണ്‍ലൈന്‍ ട്രേഡിങ് തട്ടിപ്പ് സംഘത്തിലെ മുഖ്യപ്രതിയെ കാസര്‍കോഡ് നിന്ന് പിടികൂടി

Advertisement

കൊട്ടാരക്കര: ഓണ്‍ലൈന്‍ ട്രേഡിങ് തട്ടിപ്പ് സംഘത്തിലെ മുഖ്യപ്രതിയെ കാസര്‍കോഡ് നിന്ന് കൊല്ലം റൂറല്‍ സൈബര്‍ പോലീസ് സംഘം അറസ്റ്റ് ചെയ്തു. കാസര്‍ഗോഡ്, ഹോസ്ദുര്‍ഗ്, കാഞ്ഞങ്ങാട് സൗത്ത്, കണ്ടത്തില്‍ ഹൗസ്, ഷംനാ മന്‍സിലില്‍ റഷ്ഫാല്‍ (22) ആണ് അറസ്റ്റിലായത്. അഞ്ചല്‍ സ്വദേശിയായ പരാതിക്കാരന് വിവിധ കമ്പനികളുടെ ഇനിഷ്യയല്‍ പബ്ലിക് ഓഫറിംഗ്‌സ് (ഐപിഒ) അലോട്ട്‌മെന്റ് തരപ്പെടുത്തി ഓണ്‍ലൈന്‍ ട്രേഡിംഗ് നടത്തി ലാഭം ഉണ്ടാക്കി നല്‍കാമെന്ന് വ്യാജ വാഗ്ദാനം നല്‍കി 13 ലക്ഷത്തിലധികം രൂപ തട്ടിച്ച പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ബാങ്ക് അക്കൗണ്ടുകള്‍ തരപ്പെടുത്തി ചെക്ക് മുഖേന തട്ടിപ്പ് പണം പിന്‍വലിച്ച് ഓണ്‍ലൈന്‍ ട്രേഡിങ് തട്ടിപ്പുകാര്‍ക്ക് എത്തിച്ചു കൊടുക്കുന്ന പ്രധാനിയാണ് അറസ്റ്റിലായത്. കൊല്ലം റൂറല്‍ സൈബര്‍ ക്രൈം പോലീസ് ഇന്‍സ്‌പെക്ട്ര്‍ അനില്‍കുമാര്‍.വി. വി., സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ജയേഷ് ജയപാല്‍, സിവില്‍ പോലീസ് ഓഫീസര്‍ രാജേഷ്, വിപിന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ കാസര്‍ഗോഡ് നിന്നും അറസ്റ്റ് ചെയ്തത്.
പ്രാഥമിക അന്വേഷണത്തില്‍ 13 ലക്ഷത്തിലധികം രൂപ തട്ടിപ്പ് സംഘം വഴി ഇയാള്‍ക്ക് ലഭിച്ചതായി കണ്ടെത്തിയിട്ടുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കൂട്ടു പ്രതികള്‍ക്കായി അന്വേഷണം പുരോഗമിക്കുകയാണ്.