മാളിയേക്കൽ റെയിൽവേ മേൽപ്പാലം ഗതാഗതത്തിന് തുറന്ന് കൊടുത്തങ്കിലും ശാസ്താംകോട്ട – കരുനാഗപ്പള്ളി പ്രധാന പാതയിലെ യാത്രാ ദുരിതത്തിന് അറുതിയില്ല

Advertisement

ശാസ്താംകോട്ട:കരുനാഗപ്പള്ളി മാളിയേക്കൽ റെയിൽവേ മേൽപ്പാലം ഗതാഗതത്തിന് തുറന്ന് കൊടുത്തങ്കിലും ശാസ്താംകോട്ട – കരുനാഗപ്പള്ളി പ്രധാന പാതയിലെ യാത്രാ ദുരിതത്തിന് അറുതിയില്ല.മൈനാഗപ്പള്ളിയിൽ മേൽപ്പാല നിർമ്മാണം അനന്തമായി നീണ്ടുപോകുന്നതാണ് ഇതിന് കാരണം.മാത്രവുമല്ല മൈനാഗപ്പള്ളിയിലെ ഗതാഗത കുരുക്ക് വർദ്ധിക്കുകയും ചെയ്യും.മാളിയേക്കൽ ഗേറ്റ് അടച്ചിടുമ്പോൾ അവിടെ തടയപ്പെടുമായിരുന്ന വാഹനങ്ങൾ കൂടി ഓടി എത്തി മൈനാഗപ്പള്ളി ഗേറ്റിൽ എത്തുന്നതോടെ ഇവിടെ നിയന്ത്രണാതീതമായ വാഹന നിര രൂപം കൊള്ളും.മൈനാഗപ്പള്ളി മേൽപ്പാല നിർമ്മാണം കൂടി പൂർത്തീകരിച്ചാലേ ഉദ്ദേശിച്ച ഫലം ലഭിക്കുകയുള്ളു.പ്രതിദിനം 150 ഓളം ട്രെയിനുകൾ സർവ്വീസുള്ളതിനാൽ ഒട്ടുമിക്ക നേരങ്ങളിലും ഗേറ്റുകൾ അടഞ്ഞ് കിടക്കും.മൂന്ന് ട്രെയിനുകൾ പോകുന്നതുവരെ ചില അവസരങ്ങളിൽ ഗേറ്റ് അടച്ച്
ഇടേണ്ടി വരാറുണ്ട്.ഇതോടെ അര
മണിക്കൂർ വരെ വാഹനങ്ങൾ കാത്ത് കിടക്കേണ്ടിവരും.ഇതിനാൽ യാത്രക്കാർക്ക് ലക്ഷ്യസ്ഥാനങ്ങളിൽ കൃത്യസമയത്ത് എത്തിച്ചേരാൻ കഴിയാറില്ല.അത്യാഹിതങ്ങളിൽപ്പെട്ട് വരുന്ന രോഗികൾക്ക് മുന്നിൽ ഗേറ്റ് തുറക്കാൻ കഴിയാത്തതിനാൽ മരണം
വരെ സംഭവിച്ചിട്ടുളളത് നിരവധിയാണ്.ഇതിനെ തുടർന്നാണ് മൈനാഗപ്പള്ളിയിൽ മേൽപ്പാലം നിർമ്മിക്കണമെന്നാ ആവശ്യം ശക്തമായത്.നിരവധി സംഘടനകൾ പ്രതിഷേധം ഉയർത്തുകയും ആക്ഷൻ കൗൺസിൽ രൂപീകരിച്ചു സമരം നടത്തുകയും ചെയ്തു.ഇതിൻ്റെ അടിസ്ഥാനത്തിൽ കൊടിക്കുന്നിൽ സുരേഷ് എം.പി പ്രശനത്തിൽ ഇടപെടുകയും 2012 മാർച്ചിൽ മൈനാഗപ്പള്ളിയിൽ മേൽപ്പാലത്തിന് റെയിൽവേയുടെ അനുമതി നേടിയെടുക്കുകയും ചെയ്തു.ഡിപ്പോസിറ്റ് വർക്ക് ആയതിനാൽ ചെലവിൻ്റെ മുന്നിലൊന്ന് സംസ്ഥാന സർക്കാർ വഹിക്കണമെന്നും ഇതിൻ്റെ കാര്യത്തിൽ കുന്നത്തൂർ എംഎൽഎ അലംഭാവം കാട്ടുകയാണന്നും എം.പി ആരോപിക്കുന്നു. എന്നാൽ മൈനാഗപ്പള്ളി മേൽപ്പാല നിർമ്മാണം കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 48 കോടി രൂപ സംസ്ഥാന സർക്കാർ അനുവദിച്ചിട്ടുള്ളതായി കോവൂർ കുഞ്ഞുമോൻ എംഎൽഎയും അവകാശപ്പെടുന്നു.വസ്തു ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ചില പരിശോധനകളും നടപടികളും ഉണ്ടായിട്ടുണ്ടെങ്കിലും കാര്യങ്ങൾ ഇഴഞ്ഞുനീങ്ങുകയാണ്.ഇതുകൂടാതെ യാത്രാ ദുരിതം തീർത്ത് മറ്റ് 5 ഗേറ്റുകളും മൈനാഗപ്പള്ളിയിലുണ്ട്. അടിയന്തിരമായി മൈനാഗപ്പള്ളി മേൽപ്പാല നിർമ്മാണം ആരംഭിക്കണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.

Advertisement