കരുനാഗപ്പള്ളിയില്‍ എക്സൈസ് റെയ്ഡില്‍ നാലുപേര്‍ അറസ്റ്റില്‍

Advertisement

കരുനാഗപ്പള്ളി: കരുനാഗപ്പള്ളിയില്‍ വിവിധയിടങ്ങളില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ കഞ്ചാവും വിദേശ മദ്യവുമായി നാലുപേര്‍ അറസ്റ്റില്‍. തൊടിയൂര്‍ കല്ലിക്കോട്ട് കിഴക്കതില്‍ മുഹമ്മദ് ഫറാജ് (24), തൊടിയൂര്‍ കാക്കാന്റയ്യത്ത് വീട്ടില്‍ സജീര്‍, അയണിവേലി കുളങ്ങര തറയില്‍ വീട്ടില്‍ രാമചന്ദ്രന്‍, ചവറ ആരാധ്യ ഭവനത്തില്‍ അഖില്‍ കുമാര്‍ എന്നിവരാണ് കരുനാഗപ്പള്ളി എക്സൈസിന്റെ പിടിയിലായത്. കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ നടന്ന വാഹന പരിശോധനയ്ക്കിടയിലാണ് കഞ്ചാവുമായി പോയ ഫറാജിന്റെ വാഹനം എക്സൈസ് സംഘം പിടികൂടുന്നത്. ഇയാളോടൊപ്പമുണ്ടായിരുന്ന ആദിനാട് പുന്നക്കുളം കൊച്ചുവീട്ടില്‍ തെക്കതില്‍ സജാദിനെ പിടികൂടാനായില്ല.
വില്പനയ്ക്കായി വീട്ടില്‍ ശേഖരിച്ചു വെച്ചിരുന്ന 39 കുപ്പി വിദേശമദ്യവുമായാണ് അഖില്‍ കുമാറിനെ പിടികൂടുന്നത്. അനുവദനീയ അളവില്‍ കൂടുതല്‍ വിദേശ മദ്യം കടത്തിക്കൊണ്ടുവന്ന കുറ്റത്തിനാണ് സജീര്‍, രാമചന്ദ്രന്‍ എന്നിവരെ അറസ്റ്റ് ചെയ്തത്.
പരിശോധനകള്‍ക്ക് എക്സൈസ് ഇന്‍സ്പെക്ടര്‍ എസ്. ലതീഷ്, എക്സൈസ് ഇന്‍സ്പെക്ടര്‍ ഗ്രേഡ് ഡി.എസ്. മനോജ് കുമാര്‍, അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.വി. എബിമോന്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ എസ്. കിഷോര്‍, ജി. അഭിലാഷ്, കെ. സാജന്‍, ബി അന്‍സാര്‍, വി. പ്രദീപ്കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഓണക്കാലത്തിന് മുന്നോടിയായി പരിശോധനകള്‍ വ്യാപകമാക്കുമെന്ന് റേഞ്ച് ഇന്‍സ്പെക്ടര്‍ അറിയിച്ചു.

Advertisement