മണ്ണെടുപ്പിന് കോഴ:സിപിഎം നേതാക്കൾക്ക് രക്ഷപ്പെടാൻ ‘വീഡിയോ സന്ദേശം’ ഇറക്കാൻ ഉടമയ്ക്ക് മേൽ സമ്മർദ്ദം

Advertisement

ശാസ്താംകോട്ട:മുഖ്യമന്ത്രിയുടെ നവകേരള സദസ് നടന്ന ചക്കുവള്ളി ടൗണിനോട് ചേർന്ന പൂട്ടി കിടക്കുന്ന കശുവണ്ടി ഫാക്ടറി പുരയിടം വാങ്ങിയ ഉടമയിൽ നിന്നും മണ്ണെടുത്ത് മാറ്റുന്നതിന് ലക്ഷങ്ങൾ കൈക്കലാക്കിയ സംഭവത്തിൽ പ്രതിരോധത്തിലായ സിപിഎം ഏരിയാ കമ്മിറ്റി അംഗം അടക്കമുള്ളവർ സംഭവത്തിൽ നിന്നും ശ്രദ്ധ തിരിക്കാൻ മറുവഴികൾ തേടുന്നതായി സൂചന.എംഎൽഎയുമായി അടുത്ത ബന്ധം പുലർത്തുന്ന ചക്കുവള്ളിയിലെ എൽഡിഎഫ് നേതാവിനെ മുൻ നിർത്തിയാണ് ഉടമയിൽ സമ്മർദ്ദം ചെലുത്തി രക്ഷപ്പെടാൻ കുറുക്കുവഴി തേടുന്നതെന്നാണ് വിവരം.ഇദ്ദേഹം
വഴി വസ്തു ഉടമയുമായി ബന്ധപ്പെട്ട് ഭീഷണിയിലൂടെ വാങ്ങിയ തുകയുടെ പകുതി കൈമാറിയ ശേഷം മണ്ണെടുപ്പിന് കോഴ വാങ്ങിയെന്ന ആരോപണം അടിസ്ഥാനരഹിതമെന്ന് വരുത്തി തീർക്കാനാണ് ശ്രമം നടക്കുന്നത്.5 ലക്ഷം രൂപ ആരോപണവിധേയരിൽ ഒരാളുടെ അക്കൗണ്ടിലാണ് എത്തിയത് എന്നുള്ളതും പാർട്ടി നടപടി ഉണ്ടാകുമോയെന്ന ഭയവും കാരണമാണ് പകുതി പണം മടക്കി നൽകി തലയൂരാൻ നോക്കുന്നതത്രേ.നിലവിൽ വസ്തു ഉടമ വിദേശത്താണുള്ളത്.കോഴ വാങ്ങിയ സിപിഎം നേതാക്കളെ വെള്ളപൂശിക്കൊണ്ടുള്ള വീഡിയോ,ഓഡിയോ സന്ദേശം ഫോൺ മുഖാന്തിരം വസ്തു ഉടമയെ കൊണ്ട് ചിത്രീകരിച്ച് പ്രചരിപ്പിക്കാനാണ് ശ്രമം നടക്കുന്നതത്രേ.ഇത്തരത്തിലുള്ള
വീഡിയോ,ഓഡിയോ സന്ദേശം വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നതോടെ തങ്ങൾ ‘സേഫ് സോണി’ലെത്തുമെന്നാണ് ആരോപണവിധേയരുടെ കണക്കുകൂട്ടൽ.നേതൃത്വത്തിന് മുന്നിൽ ഇക്കാര്യം എത്തുന്നതോടെ ആരോപണം ഉന്നയിച്ചവർ തന്നെ പ്രതിക്കൂട്ടിലാകുമെന്ന കണക്കു കൂട്ടലും ഇവർക്കുണ്ട്.സിപിഎം നേതാക്കൾ മണ്ണെടുപ്പിന് ലക്ഷങ്ങൾ കോഴ വാങ്ങിയ കാര്യം വസ്തു ഉടമ തന്നെ നിരവധി പേരോട് പരാതിയായി ഉന്നയിച്ചിരുന്നതായും പറയപ്പെടുന്നു.മണ്ണെടുത്ത് മാറ്റാനെത്തിയ കരാറുകാരനെയും ഭീഷണിപ്പെടുത്തിയിരുന്നു.ഏരിയാ കമ്മിറ്റിയംഗം 3 ലക്ഷം,ലോക്കൽ കമ്മിറ്റിയംഗം 3 ലക്ഷം,മറ്റൊരു പ്രവർത്തകൻ 2 ലക്ഷം എന്നിങ്ങനെയാണ് വസ്തു ഉടമയെ വിരട്ടി കൈക്കലാക്കിയതെന്ന് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം.ശിവശങ്കരപ്പിള്ളയുടെ
സാന്നിദ്ധ്യത്തിൽ നടന്ന പോരുവഴി പടിഞ്ഞാറ് ലോക്കൽ കമ്മിറ്റിയിൽ ആരോപണം ഉയർന്നത്.അടുത്ത് നടക്കുന്ന ലോക്കൽ സമ്മേളനത്തിൽ ആരോപണവിധേയരെ
പങ്കെടുപ്പിക്കരുതെന്നും ഏരിയാ കമ്മിറ്റിയംഗത്തിന്റെ സ്വത്തു വിവരത്തെ കുറിച്ച് അന്വേഷിക്കണം എന്നുമുള്ള ആവശ്യം ഉയർന്നു.തുടർന്ന് വാഗ്ദ്വാദം രൂക്ഷമാകുകയും കയ്യങ്കാളിയിൽ കലാശിക്കുകയുമായിരുന്നു.പിന്നീട് സിപിഎം ജില്ലാ സെക്രട്ടറി നേരിട്ടെത്തി ശൂരനാട് ഏരിയാ കമ്മിറ്റി വിളിച്ചു കൂട്ടി പ്രശ്നം ചർച്ച ചെയ്തിരുന്നു.പാർട്ടി പ്രവർത്തകരോ സൈബർ പോരാളികളോ ആരും തന്നെ ആരോപണവിധേയരെ അനുകൂലിച്ചു രംഗത്ത് എത്തിയിട്ടില്ല.

Advertisement