വനിതാ കമ്മീഷൻ അദാലത്ത്, 80 കേസുകൾ പരിഗണിച്ചു

Advertisement

വനിതാ കമ്മീഷൻ അംഗം അഡ്വക്കേറ്റ് ഇന്ദിരാ രവീന്ദ്രന്റെ  നേതൃത്വത്തിൽ ആശ്രാമം ഗസ്റ്റ് ഹൗസിൽ നടന്ന വനിതാ കമ്മീഷൻ അദാലത്തിൽ ജില്ലയിൽ നിന്നുള്ള 80 കേസുകൾ പരിഗണിച്ചു.  ഗാർഹിക പീഡനം,  തൊഴിലിടത്തിലെ സ്ത്രീ പീഡനം എന്നിവയുമായി ബന്ധപ്പെട്ട പരാതികളാണ് കൂടുതൽ ഉണ്ടായിരുന്നത്.  സ്വകാര്യ മാനേജ്മെന്റ്കൾക്ക്  കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലെ സ്ത്രീ ജീവനക്കാർക്ക്  തുച്ഛമായ വേതനം നൽകുന്നത് സംബന്ധിച്ച പരാതിയിൽ റിപ്പോർട്ട് തയ്യാറാക്കി സർക്കാരിന് കൈമാറുമെന്ന്  അഡ്വ. ഇന്ദിരാ രവീന്ദ്രൻ പറഞ്ഞു. സമയബന്ധിതമായി ഇൻക്രിമെന്റുകൾ നൽകാതിരിക്കുകയും തുച്ഛമായ വേതനം നൽകുകയും ചെയ്തുകൊണ്ട് അധിക ജോലി ചെയ്യിക്കുന്നത് സംബന്ധിച്ച പരാതികളാണ് ലഭിച്ചത്. അച്ഛനിൽ നിന്ന് ജീവനാംശം ലഭിക്കുന്നതിന് ഡിഎൻഎ ടെസ്റ്റ് നടത്തുന്നതുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയിൽ ടെസ്റ്റ് നടത്തുന്നതിനുള്ള പൂർണ്ണ ചെലവ്  കമ്മീഷൻ വഹിക്കാൻ നടപടി സ്വീകരിക്കുമെന്നും അഡ്വ. ഇന്ദിരാ രവീന്ദ്രൻ പറഞ്ഞു. പരിഗണിച്ച കേസുകളിൽ ആറെണ്ണം പോലീസ് അന്വേഷണത്തിന് കൈമാറി. 24 കേസുകൾ തീർപ്പാക്കി. 50 കേസുകൾ അടുത്ത സിറ്റിങ്ങിലേക്ക് മാറ്റിവച്ചു.

Advertisement