തേവലക്കര: സിനിമകൾ കുട്ടികൾക്കു മൂല്യബോധം പകരുന്നവയാകണമെന്ന് മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർ പറഞ്ഞു. തേവലക്കര ബോയ്സ് ഹൈസ്കൂളിൽ നടക്കുന്ന ചലച്ചിത്രോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കെ കെ ശൈലജ. പുതുതലമുറക്ക് നല്ലതല്ലാത്ത സന്ദേശങ്ങൾ നൽകുന്ന സിനിമകളും ഉള്ളതിനാൽ ചലച്ചിത്രോത്സവങ്ങളിലെ സിനിമകളുടെ തിരഞ്ഞെടുപ്പിലും ശ്രദ്ധ വേണമെന്ന് അവർ കൂട്ടിച്ചേർത്തു. സ്കൂൾ പി റ്റി എ പ്രസിഡന്റ് ജോസ് ആന്റണി അധ്യക്ഷത വഹിച്ചു. സ്കൂൾ ആർട്ട് ലാബിന്റെ ഉദ്ഘാടനം കോവൂർ കുഞ്ഞുമോൻ എം എൽ എ നിർവഹിച്ചു.
ഫെസ്റ്റിവൽ ഹാൻഡ് ബുക്ക് സുജിത് വിജയൻപിള്ള എം എൽ എ യും ഫെസ്റ്റിവൽ ബാഗ് മത്സ്യഫെഡ് ചെയർമാൻ റ്റി മനോഹരനും പ്രകാശനം ചെയ്തു. മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള സംസ്ഥാന ഫിലിം ക്രിട്ടിക്സ് അവാർഡ് നേടിയ ഫൈവ് സീഡ്‌സ് ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിച്ചു.
ചിത്രത്തിന്റെ സംവിധായകൻ പി എസ് അശ്വിൻ , ബാലതാരം ഗൗരി മീനാക്ഷി എന്നിവർ മുഖ്യാതിഥികളായിരുന്നു. മൈനാഗപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് വർഗീസ് തരകൻ, ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രാജി രാമചന്ദ്രൻ, മൈനാഗപ്പള്ളി പഞ്ചായത്ത് മെമ്പർമാരായ ലാലി ബാബു, രജനി സുനിൽ, ബിജികുമാരി, സ്കൂൾ മാനേജർ ആർ തുളസീധരൻ പിള്ള, സ്കൂൾ മാനേജിങ് കമ്മിറ്റി പ്രസിഡന്റ് വി ഗോവിന്ദപിള്ള, ഗേൾസ് ഹൈസ്കൂൾ പി റ്റി എ പ്രസിഡന്റ് എ സാബു, ഗേൾസ് ഹൈസ്കൂൾ ഹെഡ്മാസ്റ്റർ അഹമ്മദ് നിസാറുദീൻ, ബോയ്സ് ഹൈസ്കൂൾ പി റ്റി എ വൈസ് പ്രസിഡന്റ് ബീന, മദർ പി റ്റി എ പ്രസിഡന്റ് ഷൈജ സായി, സീനിയർ അസിസ്റ്റന്റ് പി വൈ നദീറുന്നിസ, സ്റ്റാഫ് സെക്രട്ടറി ബി അനിൽകുമാർ, ഫിലിം ക്ലബ് കോർഡിനേറ്റർ സ്വാതി കെ വിജയൻ എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് എസ് സുജ സ്വാഗതവും ഫിലിം ക്ലബ് കൺവീനർ മനീഷ് ഭാസ്കർ നന്ദിയും പറഞ്ഞു. മൈനാഗപ്പള്ളി പഞ്ചായത്തിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള കുട്ടികൾ പങ്കെടുക്കുന്ന ചലച്ചിത്രോത്സവം നാല് ദിവസങ്ങളിലായാണ് നടക്കുന്നത്.