പൊതു വിപണികളില്‍ മിന്നല്‍ പരിശോധന; മൂന്ന് കടകള്‍ക്ക് ക്ലോഷര്‍ മെമോ

Advertisement

കൊല്ലം: കൊല്ലം താലൂക്കിലെ പൊതു വിപണികളില്‍ സബ് കളക്ടര്‍ മുകുന്ദ് ഠാക്കൂറിന്റെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന നടത്തി. പൊതു വിതരണ വകുപ്പ് മുഖേന നടത്തിയ 50 പരിശോധനകളില്‍ മതിയായ രേഖകള്‍ ഇല്ലാതെ പ്രവര്‍ത്തിച്ച മൂന്ന് കടകള്‍ക്ക് ക്ലോഷര്‍ മെമ്മോ നല്‍കി. വകുപ്പ് അനുശാസിക്കുന്ന മാതൃകയിലുള്ള വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാത്തതടക്കമുള്ള അഞ്ച് കേസുകള്‍ കണ്ടെത്തി.
ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ 11 പരിശോധനകളില്‍ ഹോട്ടലുകളിലെയും, പഴം, പച്ചക്കറി വില്‍പ്പന ശാലകളിലെയും പരിശോധനകളില്‍ എഫ്എസ്എസ്എ ലൈസന്‍സ് പുതുക്കിയിട്ടില്ലാത്തതുള്‍പ്പെടെ അഞ്ച് കേസുകളും രജിസ്റ്റര്‍ ചെയ്തു. ഉത്സവ കാലം മുന്നില്‍കണ്ട് ഗുണനിലവാരവും അളവുതൂക്കങ്ങളിലെ കൃത്യതയും പൊതുവിപണികളില്‍ പാലിക്കപെടുന്നു എന്ന് പരിശോധിച്ച് ഉറപ്പാക്കുവാന്‍ നിര്‍ദേശിച്ചു.
വിലവിവരപ്പട്ടികയുടെ പ്രദര്‍ശനം, ഉപഭോക്താക്കള്‍ക്ക് ബില്ലുകള്‍ നല്‍കുന്നുണ്ടോ എന്നും, പര്‍ച്ചേസ് ബില്ലുകള്‍ മൊത്ത-ചില്ലറ വ്യാപാരികള്‍ സൂക്ഷിക്കുന്നുണ്ടോ എന്നും പരിശോധിച്ച് ഉറപ്പുവരുത്തി. പൂഴ്ത്തിവയ്പ്പ്, കരിഞ്ചന്ത, അമിത വില ഈടാക്കല്‍ എന്നിവ കണ്ടെത്തുന്നതിനായി സിവില്‍ സപ്ലൈസ് വകുപ്പ് മുഖേനയും ശരിയായ വിധം പതിച്ച് സൂക്ഷിക്കാത്ത ത്രാസുകള്‍, പായ്ക്കിംഗ് ലേബലുകള്‍, തൂക്കത്തില്‍ കുറവ് എന്നിവ സംബന്ധിച്ച് ലീഗല്‍ മെട്രോളജി വകുപ്പ് മുഖേനയും, ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, പഴം/പച്ചക്കറി വ്യാപാര സ്ഥാപനങ്ങളിലെ വൃത്തിയും വെടിപ്പും സംബന്ധിച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പ് മുഖേനയുമുള്ള സ്‌ക്വഡുകള്‍ ആണ് പരിശോധന നടത്തിയത്.

Advertisement