മണ്ണെടുപ്പ് വിവാദം;സ്പീക്കർ എ എൻ ഷംസീറിന്റെ പരിപാടി പൊളിക്കാൻ ‘തട്ടുകട’യുമായി ഡിവൈഎഫ്ഐ

Advertisement

ശാസ്താംകോട്ട:ചക്കുവളളിയിൽ മണ്ണെടുപ്പ് വിവാദം സിപിഎമ്മിനെ വേട്ടയാടുമ്പോൾ നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ ഉദ്ഘാടകനായ പരിപാടി പൊളിക്കാൻ ‘തട്ടുകട’യുമായി
ഡിവൈഎഫ്ഐ. ചക്കുവളളി മിഴി ഗ്രന്ഥശാലയുടെ കെട്ടിടം ഉദ്ഘാടനത്തിനായി വെള്ളിയാഴ്ച വൈകിട്ട് 5ന് സ്പീക്കർ എത്തിയപ്പോഴാണ് ഡിവൈഎഫ്ഐ ശൂരനാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ തട്ടുകട നടത്തിയത്.സിപിഎമ്മിലെ ഒരു വിഭാഗം നേതാക്കളുടെ പിന്തുണയും തട്ടുകടയ്ക്ക് കിട്ടിയിരുന്നു.വയനാടിനുള്ള ധനശേഖരണാർത്ഥമാണ് തട്ടുകട നടത്തിയതെന്നാണ് ഡിവൈഎഫ്ഐ വ്യക്തമാക്കുന്നതെങ്കിലും പാർട്ടിയിലെ രൂക്ഷമായ വിഭാഗീയതയാണ് മറനീക്കി പുറത്തു വന്നിരിക്കുന്നത്.സിപിഎം ഏരിയാ കമ്മിറ്റിയംഗത്തിന്റെ നേതൃത്വത്തിൽ ഭീഷണിപ്പെടുത്തി ലക്ഷങ്ങൾ തട്ടിയെടുത്തെന്ന ആരോപണം പോരുവഴി പടിഞ്ഞാറ് എൽ.സി കമ്മിറ്റിയിൽ ഉന്നയിച്ച് വിവാദത്തിന് തുടക്കമിട്ട ഡിവൈഎഫ്ഐ നേതാവാണ് തട്ടുകടയ്ക്ക് നേതൃത്വം നൽകിയത് എന്നതും ശ്രദ്ധേയം.കോഴ വിവാദത്തിലെ പ്രധാനി തന്നെ ഗ്രന്ഥശാല ഉദ്ഘാടനത്തിന്റെ മുഖ്യ സംഘാടകനായതാണ് പരിപാടി സമയത്ത് വേദിയിൽ നിന്നും 500 മീറ്റർ മാത്രം അകലെ തട്ടുകടയിടാൻ ഡിഫിയെ പ്രേരിപ്പിച്ചതത്രേ.സ്പീക്കർ വേദിയിൽ ഇരിക്കുമ്പോൾ സ്വാഗത പ്രാസംഗികൻ നടത്തിയ പ്രസംഗവും സിപിഎമ്മിലെ വിഭാഗീയത ശരിവയ്ക്കുന്ന തരത്തിലുള്ളതായിരുന്നു.’കൂടെ ചിരിച്ചു കൊണ്ടു നിൽക്കുന്ന ആളുകളാണ് കഴുത്തറുക്കുന്നതെന്ന്’ ആരോപണ വിധേയനായ ഏരിയാ കമ്മിറ്റി അംഗത്തെ നോക്കിക്കൊണ്ടുള്ള പരാമർശങ്ങളും സ്വാഗത പ്രാസംഗികനിൽ നിന്നുമുണ്ടായി.മിഴി ഗ്രന്ഥശാലയുടെ ഭരണ സമിതിയിൽ സിപിഎം – കോൺഗ്രസ് അംഗങ്ങൾ ഉണ്ടെങ്കിലും പ്രധാനസ്ഥാനങ്ങൾ വഹിക്കുന്നത് സിപിഎം ആണ്.മുഖ്യമന്ത്രിയുടെ നവകേരള സദസ് നടന്ന ഭൂമി വിലയാധാരം വാങ്ങിയ വ്യക്തിയിൽ നിന്നും മണ്ണെടുത്ത് മാറ്റുന്നതിന് സിപിഎം ഏരിയാ കമ്മിറ്റിയംഗത്തിന്റെ നേതൃത്വത്തിൽ ഭീഷണിപ്പെടുത്തി എട്ട് ലക്ഷം തട്ടിയെടുത്തെന്ന ആരോപണം പോരുവഴി പടിഞ്ഞാറ് ലോക്കൽ കമ്മിറ്റിയിൽ കൂട്ടയടിക്ക് ഇടയാക്കിയിരുന്നു.സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗത്തിന്റെ സാന്നിദ്ധ്യത്തിൽ നടന്ന യോഗത്തിലാണ് നേതാക്കളും പ്രവർത്തകരും ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്.

Advertisement