സാമൂഹ്യ മാധ്യമം വഴി പരിചയപ്പെട്ട യുവതിയില്‍ നിന്നും പണം തട്ടിയ പ്രതി അറസ്റ്റില്‍

Advertisement

കൊല്ലം: സാമൂഹ്യ മാധ്യമം വഴി പരിചയപ്പെട്ട യുവതിയില്‍ നിന്നും പണം തട്ടിയ പ്രതി പോലീസിന്റെ പിടിയിലായി. വടകര, ചോളം വയല്‍, പുത്തലത്ത് ഹൗസില്‍ ഷംഷീര്‍ പുത്തലാത് (34) ആണ് കൊല്ലം വെസ്റ്റ് പോലീസിന്റെ പിടിയിലായത്. ഫേസ്ബുക്ക് മെസഞ്ചര്‍ വഴി കൊല്ലം തെക്കേവിള സ്വദേശിയായ യുവതിയുമായി പരിചയപ്പെട്ട ഇയാള്‍ പല തവണകളായി യുവതിയില്‍ നിന്നും 11,52,100 രൂപ കൈപ്പറ്റുകയായിരുന്നു. ഇതു കൂടാതെ ഇരുപത്തയ്യായിരം രൂപയോളം വില വരുന്ന ഇലക്‌ട്രോണിക് ഉപകരണങ്ങളും ഇയാള്‍ യുവതിയില്‍ നിന്നും വാങ്ങിയെടുത്തു. എന്നാല്‍ പിന്നീട് ഇയാളുടെ ചതി മനസ്സിലാക്കി പിന്‍തിരിയാന്‍ ശ്രമിച്ച യുവതിയെ ഇയാള്‍ സ്വകാര്യ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രസിദ്ധപ്പെടുത്തുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്യ്തു. തുടര്‍ന്ന് യുവതി കൊല്ലം വെസ്റ്റ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും യുവതിയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്യ്ത് അന്വേഷണം ആരംഭിച്ച വെസ്റ്റ് പോലീസ് പ്രതിയെ കണ്ടെത്തുകയുമായിരുന്നു.