ശാസ്താംകോട്ട:ചക്കുവള്ളിയിൽ മിഴി ഗ്രന്ഥശാലയുടെ കെട്ടിട ഉദ്ഘാടനത്തിൽ നിന്നും പ്രോട്ടൊക്കോൾ ലംഘനത്തെ തുടർന്ന് കുന്നത്തൂർ എംഎൽഎയും ജില്ലാ – ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരും പങ്കെടുക്കാതെ വിട്ടു നിന്നു.പ്രോട്ടൊക്കോൾ ലംഘിച്ചാണ് പരിപാടിയുടെ നോട്ടീസ് പ്രസിദ്ധീകരിച്ചതെന്ന് തുടക്കം മുതലേ ആക്ഷേപം ഉയർന്നിരുന്നെങ്കിലും തിരുത്താൻ സംഘാടക സമിതി തയ്യാറായില്ല.കഴിഞ്ഞ ദിവസം നിയമസഭാ സ്പീക്കർ എ.എൻ ഷംസീറാണ് കെട്ടിടം ഉദ്ഘാടനം ചെയ്തത്.സർക്കാരിന്റെ പണം ഉപയോഗിച്ച് നിർമ്മിക്കുന്ന കെട്ടിടങ്ങളുടെ ഉദ്ഘാടനത്തിന് ക്യാബിനറ്റ് റാങ്കിലുള്ള സ്പീക്കറോ മന്ത്രിമാരോ എത്തിയാൽ സ്ഥലം എംഎൽഎ അധ്യക്ഷൻ ആകണമെന്നാണ് ചട്ടം.എന്നാൽ ഗ്രന്ഥശാലയുടെ വൈസ് പ്രസിഡന്റ് മാത്രമായ സിപിഎം ഏരിയ കമ്മിറ്റി അംഗത്തെ അധ്യക്ഷനാക്കിയാണ് നോട്ടീസ് പുറത്തിറക്കിയത്.ജില്ലാ പഞ്ചായത്തിന്റെ 20 ലക്ഷം മുടക്കിയാണ് കെട്ടിടം നിർമ്മിച്ചത്.എന്നാൽ ജനപ്രതിനിധികളെയോ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഉൾപ്പെടെ ആരെയും അറിയിക്കാതെ രഹസ്യമായി വാട്ട്സാപ്പിൽ സംഘാടക സമിതി ചേർന്നതായി അറിയിച്ചു യോഗം ചേർന്ന് സിപിഎം ഏരിയ കമ്മിറ്റി അംഗം സംഘാടക സമിതി ചെയർമാൻ ആകുകയായിരുന്നു.സംഘാടക സമിതി കൺവീനറെ തീരുമാനിച്ചിരുന്നുമില്ല.ഫണ്ട് അനുവദിച്ച ജില്ലാ പഞ്ചായത്തിനെയും ജില്ലാ പഞ്ചായത്ത് അംഗത്തെയും അറിയിക്കാതെ ഉദ്ഘാടനം തീരുമാനിച്ചതിൽ അതൃപ്തി അറിയിച്ച് ശൂരനാട് ഡിവിഷൻ അംഗം ശ്യാമള അമ്മ സിപിഎം ഏരിയ സെക്രട്ടറിക്ക് പരാതി നൽകിയിരുന്നു.മുൻ എം.പി കെ.സോമപ്രസാദിന്റെ പേരിന് താഴെയാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ പേര് നോട്ടീസിൽ നൽകിയിരുന്നത്.പ്രോട്ടോകോൾ തെറ്റിച്ച നടപടിയിൽ പ്രതിഷേധിച്ചാണ് അദ്ദേഹം വിട്ടു നിന്നതെങ്കിലും ഉദ്ഘാടനശേഷം സംഘാടകർ നിരാവധി തവണ വിളിച്ചതോടെ രാത്രിയോടെ സ്ഥലത്തെത്തി മുഖം കാണിച്ചു മടങ്ങുകയായിരുന്നു.സ്പീക്കർ പങ്കെടുക്കുന്ന പരിപാടിയിൽ നിന്ന് ഒഴിവാക്കി തുടർന്ന് നടക്കുന്ന അനുബന്ധ പരിപാടിക്കാണ് സിപിഐ നേതാവ് കൂടിയായ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ പേര് ഉൾപ്പെടുത്തിയിരുന്നത്.ഇതിലുള്ള അതൃപ്തിയെ തുടർന്നാണ് അദ്ദേഹവും സിപിഐ പ്രതിനിധിയും വിട്ടു നിന്നത്.മിഴിയുടെ ഉദ്ഘാടനത്തിന് തലേ ദിവസം ജില്ലാ പഞ്ചായത്ത് 25 ലക്ഷം രൂപ മുടക്കി നിർമിച്ച പള്ളിശ്ശേരിക്കൽ ഇഎംഎസ് ഗ്രന്ഥശാലയുടെ ഉദ്ഘാടനംവും നടന്നിരുന്നു.മുൻ മന്ത്രിയും കെ.കെ ശൈലജ എംഎൽഎ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ കോവൂർ കുഞ്ഞുമോൻ എംഎൽഎ ആയിരുന്നു അധ്യക്ഷൻ.ജില്ലാ -ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌മാർ ഈ പരിപാടിയിൽ പങ്കെടുക്കുകയും ചെയ്തു.ചക്കുവള്ളിയിലെ മണ്ണെടുപ്പ് വിവാദത്തിൽ കുടുങ്ങിയ സിപിഎം ഏരിയാ കമ്മിറ്റി അംഗവും പരിപാടിയുടെ സ്വാഗത സംഘം ചെയർമാനുമായ വ്യക്തിയെ വെള്ളപൂശാൻ വേണ്ടി സർക്കാർ ചെലവിൽ നടത്തിയ പരിപാടിയെന്നാണ് സിപിഎമ്മിലെ ഒരു വിഭാഗം പറയുന്നത്.സ്വാഗത പ്രാസംഗികന്റെ ദൈർഘ്യമേറെയെടുത്ത പുകഴ്ത്തൽ പ്രസംഗം തന്നെ തെളിവായി അവർ ചൂണ്ടിക്കാട്ടുന്നു.ഉദ്ഘാടന പ്രസംഗത്തിൽ സ്പീക്കർ തന്നെ സ്വാഗത പ്രസംഗത്തിന്റെ അസംതൃപ്തി തുറന്നു പറയുകയും ചെയ്തു.അതിനിടെ ഏരിയാ കമ്മിറ്റിയംഗം നേരിട്ട് നടത്തിയ പ്രോട്ടൊക്കോൾ ലംഘനത്തിനെതിരെ എൽഡിഎഫ് നുള്ളിൽ പ്രതിഷേധം ശക്തമായിട്ടുണ്ട്.