കരുനാഗപ്പള്ളി . അന്തർദേശീയ താരങ്ങൾ ഉൾപ്പെടെ പങ്കെടുക്കുന്ന ഇൻ്റർനാഷണൽ ക്ലാസിക് ചെസ്സ് മത്സരങ്ങൾക്ക് കരുനാഗപ്പള്ളിയിൽ തുടക്കമായി. 28 ന് സമാപിക്കും. കരുനാഗപ്പള്ളി നഗരസഭയും ജില്ലാ ചെസ്സ് അസോസിയേഷനും നൈറ്റ് ചെസ്സ് അക്കാദമിയും സംയുക്തമായാണ് മത്സരം സംഘടിപ്പിക്കുന്നത്. നഗരസഭ ചെയർമാൻ കോട്ടയിൽ രാജുവും വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ റജി ഫോട്ടോ പാർക്കും ചേർന്ന് ആദ്യ കരുക്കൾ നീക്കി മത്സരം ഉദ്ഘാടനം ചെയ്തു.
താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി വിജയകുമാർ മുഖ്യപ്രഭാഷണം നടത്തി. നഗരസഭാ സ്ഥിരം സമിതി അധ്യക്ഷൻ പടിപ്പുര ലത്തീഫ്, ജില്ലാ ചെസ്സ് അസോസിയേഷൻ സെക്രട്ടറി പി ജി ഉണ്ണികൃഷ്ണൻ, അസോസിയേഷൻ ഭാരവാഹികളായ ദീപക് ശിവദാസ്, വി കെ സുനിൽ,എൻ രാജേന്ദ്രൻ, ആർ രജി തുടങ്ങിയവർ സംസാരിച്ചു. 28ന് നടക്കുന്ന സമാപന സമ്മേളനത്തിൽ വച്ച് സമ്മാനങ്ങൾ വിതരണം ചെയ്യും. വിദേശരാജ്യങ്ങളിൽ നിന്നുൾപ്പെടെ മുന്നൂറോളം മത്സരാർത്ഥികൾ മത്സരങ്ങളിൽ പങ്കെടുക്കുന്നുണ്ട്. തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര, തെലുങ്കാന, ഗോവ, പോണ്ടിച്ചേരി തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുമുള്ള നാഷണൽ താരങ്ങൾ ഉൾപ്പെടെയുള്ളവരും മത്സരാർത്ഥികളാണ്. വിജയികൾക്ക് മൂന്ന് ലക്ഷത്തോളം രൂപയുടെ ക്യാഷ് പ്രൈസും ട്രോഫിയും ഉൾപ്പെടെയുള്ള സമ്മാനങ്ങൾ ലഭിക്കും. കൊല്ലം ജില്ലയിൽ ആദ്യമായാണ് അന്താരാഷ്ട്ര ഓപ്പൺ ചെസ്റ്റ് ടൂർണ്ണമെൻ്റ് നടക്കുന്നതെന്നും ജില്ലാ ചെസ്സ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.