കൊല്ലം: ഓണക്കാല വിപണിയില്‍ ഗുണനിലവാരവും അളവുതൂക്കങ്ങളും ഉറപ്പാക്കുന്നതിനായി കര്‍ശനമായ പരിശോധനാ നടപടികള്‍ കൈക്കൊള്ളുമെന്ന് ജില്ലാ കളക്ടര്‍ എന്‍ ദേവിദാസ്. ചേംബറില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി അംഗങ്ങളുമായി ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
ഏകീകൃത വില, വിലവിവര പട്ടികയുടെ പ്രദര്‍ശനം, ഫുഡ് സേഫ്റ്റി ലൈസന്‍സുകള്‍, ത്രാസുകളുടെ കൃത്യത എന്നിവയുമായി ബന്ധപ്പെട്ട നിബന്ധനകള്‍ വ്യാപാരികള്‍ കര്‍ശനമായി പാലിക്കണം. അനധികൃതമായി ഫുട്പാത്ത് കൈയ്യേറി നടത്തുന്ന വഴിയോര കച്ചവടങ്ങള്‍ നിരോധിക്കാന്‍ നടപടിയെടുക്കും. കൃത്യമായ ലൈസന്‍സുകളുടെയോ പെര്‍മിറ്റുകളുടെയോ അഭാവമുള്ള ഇത്തരം കടകള്‍ അടപ്പിക്കാന്‍ കോര്‍പറേഷന് നിര്‍ദേശം നല്‍കി. നവീകരണത്തിനായി അടച്ചിട്ടിരിക്കുന്ന ജില്ലയിലെ സ്ലോട്ടര്‍ ഹൗസ് ഉടന്‍ തുറന്ന് പ്രവര്‍ത്തനം ആരംഭിക്കണമെന്നും കോര്‍പറേഷന് നിര്‍ദേശം നല്‍കി. ഡിഎസ്ഒ ബിന്ദു, വ്യാപാരി വ്യവസായി ഏകോപന സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.