ലാലാജി സ്മാരക ഗ്രന്ഥശാല കെട്ടിട ഉദ്ഘാടനവും 95-ാം വാർഷികവും

Advertisement

കരുനാഗപ്പള്ളി . പഞ്ചാബ് സിംഹം എന്ന പേരിൽ അറിയപ്പെടുന്ന സ്വാതന്ത്ര്യ സമരത്തിലെ ധീര രക്തസാക്ഷി ലാലി ലജ്പത് റായിയുടെ നാമധേയത്തിൽ തുടക്കം കുറിച്ച കരുനാഗപ്പള്ളി ലാലാജി സ്മാരക ഗ്രന്ഥശാലയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും 95-ാംവാർഷിക ആഘോഷങ്ങളുടെ ഉദ്ഘാടനവും ബുധനാഴ്ച നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 1929 ഒക്ടോബർ 26ന് തറക്കല്ലിട്ട് 1930 ഒക്ടോബർ 10ന് ബാരിസ്റ്റർ എ കെ പിള്ള കെട്ടിട ഉദ്ഘാടനം നിർവഹിച്ച ഗ്രന്ഥശാല 95 വർഷമായി കരുനാഗപ്പള്ളിയുടെ സാംസ്കാരിക സാഹിത്യ മേഖലയിലെ പ്രമുഖ സ്ഥാപനമായി പ്രവർത്തിച്ചു വരികയാണെന്ന് സംഘാടകർ പറഞ്ഞു. 1934 ഫെബ്രുവരി 20ന് രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയും, 1931 മാർച്ച് 27ന് ജവഹർലാൽ നെഹ്റുവും പത്നിയും മകൾ ഇന്ദിരാ പ്രിയദർശിനിയും ഉൾപ്പെടെയുള്ളവർ ഗ്രന്ഥശാല സന്ദർശിച്ചിട്ടുണ്ട്.

2002ൽ താലൂക്ക് റഫറൻസ് ലൈബ്രറിയായി ഉയർത്തപ്പെട്ട ഗ്രന്ഥശാലയിൽ 25000 ത്തോളം പുസ്തകങ്ങളും ആറായിരത്തോളം അംഗങ്ങളുമുണ്ട്. പുസ്തകങ്ങളെല്ലാം പൂർണമായും ഡിജിറ്റലൈസ് ചെയ്തു കഴിഞ്ഞതായും 300 പേർക്ക് ഇരിക്കാവുന്ന കോൺഫറൻസ് ഹാളും 200 ഓളം പേർക്ക് ഇരിക്കാവുന്ന ശീതീകരിച്ച ഹാളും പുതിയ കെട്ടിടത്തിൽ ഒരുക്കിയിട്ടുണ്ട്. ബുധനാഴ്ച പകൽ 11.30 ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം നിർവഹിക്കും. സി ആർ മഹേഷ് എംഎൽഎ അധ്യക്ഷനാകും. നഗരസഭ ചെയർമാൻ കോട്ടയിൽ രാജു, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി വിജയകുമാർ തുടങ്ങിയവർ പങ്കെടുക്കും. വാർഷികാഘോഷങ്ങളുടെ ഭാഗമായി ഒരു വർഷക്കാലം നീണ്ടുനിൽക്കുന്ന പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നതെന്നും സംഘാടകർ അറിയിച്ചു. വാർത്താസമ്മേളനത്തിൽ ഗ്രന്ഥശാല പ്രസിഡൻ്റ് പ്രൊഫ. കെ ആർ നീലകണ്ഠ പിള്ള, സെക്രട്ടറി ജി സുന്ദരേശൻ, ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം ഡോ വള്ളിക്കാവ് മോഹൻദാസ്, കോടിയാട്ട് രാമചന്ദ്രൻപിള്ള, വർഗീസ് മാത്യു കണ്ണാടിയിൽ തുടങ്ങിയവർ പങ്കെടുത്തു.

Advertisement