പോരുവഴി: ഗ്രാമപഞ്ചായത്തിൽ അഗതി – ആശ്രയ കിറ്റ് വിതരണം കുടുംബശ്രീ ചെയർപേഴ്സൺ അട്ടിമറിച്ചതായി പരാതി.പഞ്ചായത്തിലെ വിവിധ വാർഡുകൾ കേന്ദ്രീകരിച്ച് കിറ്റുകൾ എത്തിച്ച ശേഷം അത് വീടുകളിൽ എത്തിച്ച് നൽകുന്നതായിരുന്നു രീതി.എന്നാൽ ഇതിന് തടയിട്ട് പഞ്ചായത്ത് ആസ്ഥാനമായ ശാസ്താംനടയിൽ എത്തി കുടുംബശ്രീ ഓഫീസിൽ നിന്നും കിറ്റ് വാങ്ങണമെന്ന് ചെയർപേഴ്സൺ ഉത്തരവിറക്കി. യാത്രാ സൗകര്യം തീരെ കുറവായ മേഖലകളിൽ നിന്നും സാധാരണക്കാർ വലിയ തുക മുടക്കി ഓട്ടോയും മറ്റും പിടിച്ചാണ് കിറ്റ് വാങ്ങാൻ എത്തിയിരുന്നത്.ഇത് പരാതിക്ക് ഇടയാക്കിയതോടെ കുടുംബശ്രീ ജില്ലാ മിഷൻ,സിഡിഎസ് എന്നിവയുടെ സാന്നിദ്ധ്യത്തിൽ വാർഡുകളിലെത്തിച്ച് കിറ്റ് വിതരണം നടത്താൻ പഞ്ചായത്ത് കമ്മിറ്റിയിൽ എടുത്ത തീരുമാനമാണ് വീണ്ടും അട്ടിമറിക്കപ്പെട്ടത്.
ചൊവ്വാഴ്ച അഗതി – ആശ്രയ പദ്ധതിയിൽപ്പെട്ടവർക്ക് പഴയപടി ശാസ്താംനടയിലേക്ക് വിളിച്ചു വരുത്തി കിറ്റ് വിതരണം ആരംഭിച്ചപ്പോൾ ജനപ്രതിനിധികൾ എത്തി തടയുകയായിരുന്നു.തുടർന്ന് ശൂരനാട് പൊലീസ് സ്ഥലത്തെത്തി കുടുംബശ്രീ ജില്ലാ മിഷനുമായി ബന്ധപ്പെട്ടു.വ്യാഴാഴ്ച മിഷൻ അധികൃതർ എത്തിയ ശേഷം വിതരണം നടത്തിയാൽ മതിയെന്ന നിർദ്ദേശത്തെ തുടർന്ന് വിതരണം നിർത്തി വയ്ക്കുകയായിരുന്നു.തുടർന്ന് കിറ്റ് സൂക്ഷിച്ചിരുന്ന ഓഫീസ് പൂട്ടാതെ പോയ ചെയർപേഴ്സൺ ഏറെ സമയം കഴിഞ്ഞ് തിരികെയെത്തി പൂട്ടി മടങ്ങുകയായിരുന്നു.ഇതിനു പിന്നാലെ പഞ്ചായത്ത് മറുപൂട്ട് ഉപയോഗിച്ച് ഓഫീസ് വീണ്ടും പൂട്ടുകയും ചെയ്തു.