അഞ്ചല്‍: മുക്കുപണ്ടം പണയംവെച്ച് പണം തട്ടിയെടുത്തയാള്‍ അഞ്ചല്‍ പോലീസിന്റെ പിടിയിലായി. കൊട്ടാരക്കര നീലേശ്വരം സ്വദേശി സജയകുമാറാണ് അറസ്റ്റിലായത്. അഞ്ചല്‍ സൊസൈറ്റി ജംഗ്ഷന് സമീപത്ത് പ്രവര്‍ത്തിക്കുന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ മുക്ക് പണ്ടം പണയം വച്ച് 47,000 രൂപ തട്ടിയെടുത്ത കേസിലാണ് ഇയാള്‍ പിടിയിലായത്. ഇയാള്‍ ഇത്തരത്തില്‍ നിരവധി തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
സ്ത്രീകള്‍ മാത്രം ജോലി ചെയ്യുന്ന സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളില്‍ എത്തി ഇത്തരത്തില്‍ മുക്കുപണ്ടം പണയം വയ്ക്കുന്നതാണ് സജയകുമാറിന്റെ രീതിയെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായി. സിസിടിവി ദൃശ്യം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലൂടെയാണ് പ്രതിയെ പിടികൂടിയത്. അഞ്ചല്‍ സിഐ ഹരീഷ്, എസ്‌ഐ പ്രജീഷ് കുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ വിനോദ്കുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ അബീഷ്, റജ്ബീര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.