മത്സ്യബന്ധന മേഖലയുടെ സമഗ്രമായ വികസനത്തിന് കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്ന് മത്സ്യബന്ധന, സാംസ്‌കാരിക, യുവജനകാര്യ മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. ഈ മന്ത്രിസഭ അധികാരം ഏറ്റെടുത്ത ശേഷം മത്സ്യ ബന്ധനമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിന് ബഹുമുഖമായ പരിപാടികള്‍ നടപ്പിലാക്കാന്‍ കഴിഞ്ഞു. പുത്തൂരില്‍ ആധുനിക സൗകര്യങ്ങളോടെ നവീകരിച്ച മത്സ്യ മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കിഫ്ബിയുടെ സഹായത്തോടെ 2.84 കോടി രൂപ ചെലവഴിച്ചാണ് മാര്‍ക്കറ്റ് നവീകരിച്ചത്. മത്സ്യബന്ധന മേഖലയിലുള്ളവരുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനും വൃത്തിയുള്ള വിപണന സൗകര്യം സജ്ജീകരിക്കുന്നതിനും ലക്ഷ്യമിടുന്നു . സംസ്ഥാനത്താകെ 65 ആധുനിക മത്സ്യ മാര്‍ക്കറ്റുകള്‍ നിര്‍മ്മിക്കുന്നതിന്റെ ഭാഗമായാണ് പുത്തൂരിലെ മത്സ്യ മാര്‍ക്കറ്റ് പൂര്‍ത്തീകരിച്ചതെന്നും മന്ത്രി പറഞ്ഞു. ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. തദ്ദേശഭരണ സ്ഥാപന പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.