ഭാര്യയെ കത്തിച്ചു കൊലപ്പെടുത്തിയ പ്രതിക്ക് ജീവപര്യന്തം

Advertisement

കൊല്ലം: ഭാര്യയെ പെട്രോള്‍ ഒഴിച്ച് കത്തിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം കഠിനതടവ്. ചവറ നീലേശ്വരം തോപ്പ് ശരണ്യ ഭവനില്‍ ശരണ്യയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് കൊല്ലം എഴുകോണ്‍ സ്വദേശി ബിനു എന്ന് വിളിക്കുന്ന ഷിജുവിനെയാണ് ജീവപര്യന്തം കഠിന തടവിനും 2,60,000 രൂപ പിഴയും ശിക്ഷിച്ച് കൊല്ലം ഫോര്‍ത്ത് അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എസ് സുഭാഷ് വിധിച്ചത്.
കൊലപാതകത്തിന് ജീവപര്യന്തം കഠിനതടവും 2 ലക്ഷം രൂപ പിഴയും ശരണ്യയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയതിന് 5 വര്‍ഷം കഠിനതടവും 50,000രൂപ പിഴയും ഗാര്‍ഹിക പീഡനത്തിന് 2 വര്‍ഷം കഠിനതടവും 10000 രൂപ പിഴയുമാണ് ശിക്ഷ. പിഴത്തുക കൊല്ലപ്പെട്ട ശരണ്യയുടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍മക്കളായ നിമിഷ, നിഹിത എന്നിവര്‍ക്ക് നല്‍കാനും കോടതി ഉത്തരവുണ്ടായി.
2022 ഫെബ്രുവരി 25ന് ശരണ്യയുടെ വീട്ടിലെത്തിയാണ് ബിനു കൊലപാതകം നടത്തിയത്. പാചകം ചെയ്തു കൊണ്ടിരുന്ന ശരണ്യയുടെ ദേഹത്തേക്ക് ബക്കറ്റിനുള്ളില്‍ കരുതിയ പെട്രോള്‍ പ്രതി ഒഴിക്കുകയായിരുന്നു. അടുപ്പില്‍ നിന്ന് തീ ശരീരമാസകലം പടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ ശരണ്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ശരണ്യയെ കൊലപ്പെടുത്താനായി 24ന് രാത്രി വീടിനു സമീപം എത്തിയ ബിനു പുലര്‍ച്ചെ ശരണ്യയുടെ അമ്മ ശൗചാലയത്തില്‍ പോകാനായി വീടിനു പിന്‍വശത്തെ വാതില്‍ തുറന്നു പുറത്തിറങ്ങിയ സമയം ഈ വാതിലൂടെ അടുക്കളയില്‍ എത്തിയാണ് ശരണ്യയുടെ ദേഹത്തേക്ക് പെട്രോള്‍ ഒഴിച്ചത്.
ശരണ്യയുടെ നിലവിളികേട്ട് എത്തിയ രണ്ട് പെണ്‍മക്കളും അയല്‍വാസികളും ബന്ധുക്കളും തീ അണച്ചപ്പോഴേക്കും 95 ശതമാനം പൊള്ളലേറ്റിരുന്നു. കൃത്യമായ ആസുത്രണത്തിലൂടെയായിരുന്നു പ്രതി ശരണ്യയുടെ വീട്ടിലെത്തിയത്.
24ന് രാത്രി പന്ത്രണ്ടുമണിയോടെ എഴുകോണില്‍ നിന്ന് കൊല്ലം ജില്ലാ ആശുപത്രിക്ക് സമീപം എത്തിയ പ്രതി ആശുപത്രിക്ക് സമീപത്തെ കടയില്‍ നിന്ന് പ്ലാസ്റ്റിക് ബക്കറ്റ് വാങ്ങി. ഒരു മണിയോടെ ശക്തികുളങ്ങരയില്‍ എത്തി അവിടെ നിന്ന് ഒരു ഓട്ടോയില്‍ പെട്രോള്‍ പമ്പില്‍ എത്തി പ്ലാസ്റ്റിക് ബക്കറ്റ് നിറയെ പെട്രോള്‍ വാങ്ങി.
ഓട്ടോറിക്ഷയില്‍ ശരണ്യയുടെ വീടിന് സമീപം എത്തി കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്നു. പുലര്‍ച്ചെ ആറുമണിയോടുകൂടി ശരണ്യയുടെ അമ്മ ബാത്‌റൂമില്‍ പോകാനായി വീടിന് പിന്‍വശത്തേ വാതില്‍ തുറന്നു പുറത്തിറങ്ങിയ സമയം പ്രതി പിന്‍ വാതിലിലൂടെ അടുക്കളയില്‍ പ്രവേശിച്ച് പാചകം ചെയ്തുകൊണ്ട് നിന്ന ശരണ്യയുടെ ദേഹത്തേക്ക് ബക്കറ്റില്‍ കരുതിയ പെട്രോള്‍ മുഴുവന്‍ ഒഴിച്ചു. അടുപ്പില്‍ നിന്ന് ശരണ്യയുടെ ദേഹത്തേക്ക് തീ പടര്‍ന്നു പിടിക്കുകയായിരുന്നു.
ചവറ സിഐ ആയിരുന്ന എ നിസാമുദ്ദീന്‍ അന്വേഷിച്ചു കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ എ നിയാസ് ഹാജരായി. പ്രോസിക്യൂഷന്‍ സഹായി എഎസ്‌ഐ സാജു.