കൊല്ലം: അഴീക്കല്‍ സ്രായിക്കാട് തുറയില്‍ കിഴക്കേതില്‍ പ്രവീണ്‍ ഭവനില്‍ പ്രജിലിനെ വെട്ടിക്കൊലപ്പെടുത്തുകയും സഹോദരന്‍ പ്രവീണിനെ വെട്ടി പരിക്കേല്‍പ്പിക്കുകയും ചെയ്ത കേസില്‍ ഒന്നാംപ്രതിക്ക് ജീവപര്യന്തം കഠിന തടവും 2,25,000 രൂപ പിഴയും. അഴീക്കല്‍ തുറയില്‍ പുത്തന്‍വീട്ടില്‍ അര്‍ജുന്‍ (29) നെയാണ് കൊല്ലം ഫോര്‍ത്ത് അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എസ് സുഭാഷ് ശിക്ഷിച്ചത്.
കൊലപാതകത്തിന് ജീവപര്യന്തം കഠിനതടവും 2ലക്ഷം രൂപ പിഴയും പ്രജിലിനെയും സഹോദരനെയും ആക്രമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചതിന് 5 വര്‍ഷം കഠിനതടവും 25,000 രൂപ പിഴയുമാണ് വിധിച്ചത്. പിഴത്തുക പ്രജിലിന്റെ വൃദ്ധമാതാപിതാക്കളായ പ്രബുദ്ധനും രമയ്ക്കും കൈമാറാനും കോടതി ഉത്തരവിട്ടു. അര്‍ജുന്‍ കുറ്റക്കാരനാണെന്ന് വെള്ളിയാഴ്ച കോടതി കണ്ടെത്തിയിരുന്നു. ആറു പ്രതികള്‍ ഉണ്ടായിരുന്ന കേസില്‍ മറ്റ് അഞ്ചു പ്രതികളെ വെറുതെവിട്ടു.
കുടുംബ സുഹൃത്തിന്റെ മകളെ ശല്യം ചെയ്യുന്നതില്‍ നിന്ന് അര്‍ജുനനെ വിലക്കിയതിന്റെ വൈരാഗ്യത്തിലാണ് പ്രജിലിനെയും സഹോദരനെയും അര്‍ജുനനും സുഹൃത്തുക്കളും ആക്രമിച്ചത്. 2016 ജൂലൈ 18ന് ആയിരുന്നു സംഭവം.
തന്റെ ഫോണില്‍ പെണ്‍കുട്ടിയുടെ ഫോട്ടോ ഉണ്ടോയെന്ന് പരിശോധിക്കാന്‍ അര്‍ജുന്‍ ആവശ്യപ്പെട്ടതു പ്രകാരം എത്തിയ പ്രജിലിനെയും, സഹോദരനെയും അര്‍ജുനും സുഹൃത്തുക്കളും മാരകായുധങ്ങളുമായി ആക്രമിച്ചെന്നായിരുന്നു കേസ്.
ഓച്ചിറ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് കരുനാഗപ്പള്ളി പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍മാരായിരുന്ന രാജപ്പന്‍ റാവുത്തര്‍, എം അനില്‍കുമാര്‍ എന്നിവരാണ് അന്വേഷിച്ചത്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. കെ.ബി മഹേന്ദ്ര ഹാജരായി. പ്രോസിക്യൂഷന്‍ സഹായി എഎസ്‌ഐ സാജു.