കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തില്‍ വിനായക ചതുര്‍ഥി ആഘോഷങ്ങള്‍ക്ക് തുടക്കം

Advertisement

കൊട്ടാരക്കര: മഹാഗണപതി ക്ഷേത്രത്തില്‍ വിനായക ചതുര്‍ഥി ആഘോഷങ്ങള്‍ക്ക് തുടക്കമായി. കേരള ക്ഷേത്ര സംരക്ഷണ സമിതിയും മഹാഗണപതിക്ഷേത്രം ഉപദേശക സമിതിയും ചേര്‍ന്നു നടത്തുന്ന ആഘോഷത്തിന്റെ ഭാഗമായി ഡോ.നാരായണന്‍ ഭട്ടതിരിപ്പാട് ആചാര്യനായുള്ള ഗണേശ പുരാണ യജ്ഞവും ഇന്ന് തുടങ്ങി.
തുടര്‍ന്ന് വിദ്യാര്‍ഥികളുടെ ചിത്രരചനാ മത്സരം കൊട്ടാരക്കര ഡിവൈഎസ്പി കെ. ബൈജുകുമാര്‍ ഉദ്ഘാടനം ചെയ്തു. വൈകിട്ട് 5.30ന് ഗണേശ പുരാണയജ്ഞം തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് അംഗം ജി.സുന്ദരേശന്‍ ഉദ്ഘാടനം ചെയ്യും. രാത്രി ഏഴിന് ഗണേശ മാഹാത്മ്യ പ്രഭാഷണം.
അഞ്ചിന് വൈകിട്ട് അഞ്ചിന് ഹൈന്ദവ സമ്മേളനം സ്വാമി ദയാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യും. ആറിന് രാവിലെ ആറിന് തന്ത്രി ഗോവിന്ദന്‍ നമ്പൂതിരിപ്പാടിന്റെ കാര്‍മികത്വത്തില്‍ മഹാമൃത്യുഞ്ജയഹോമം, വൈകിട്ട് അഞ്ചിന് സാംസ്‌കാരിക സമ്മേളനം സ്വാഗതസംഘം പ്രസിഡന്റ് വിനായക എസ്.അജിത് കുമാറിന്റെ അധ്യക്ഷതയില്‍ മുന്‍ ജില്ലാ കളക്ടര്‍ എന്‍.പ്രശാന്ത് ഉദ്ഘാടനം ചെയ്യും. തിരക്കഥാകൃത്ത് അഭിലാഷ് പിള്ള, ചലച്ചിത്ര താരങ്ങളായ ഭാമ, അതിഥി രവി, ദേവനന്ദ തുടങ്ങിയവര്‍ പങ്കെടുക്കും.
ഏഴിന് രാവിലെ അഞ്ചിന് 1008 നാളികേര കൂട്ടിന്റെ അഷ്ടദ്രവ്യ മഹാഗണപതിഹോമം, എട്ടിന് ഗജപൂജയ്ക്ക് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് ദീപം തെളിയിക്കും. 9.30ന് മാതൃസമ്മേളനം ഡോ.സി.എന്‍. വിജയകുമാരി ഉദ്ഘാടനം ചെയ്യും. മാതൃസമിതി സംസ്ഥാന സെക്രട്ടറി വി.വി. ലക്ഷ്മി പ്രിയ പ്രഭാഷണം നടത്തും.
10.15ന് കളഭാഭിഷേകം, വൈകിട്ട് അഞ്ചിന് പടിഞ്ഞാറ്റിന്‍കര മഹാദേവര്‍ ക്ഷേത്രത്തില്‍ നിന്നാരംഭിക്കുന്ന ശ്രീഗണേശ മഹാഘോഷയാത്രയില്‍ ഗജവീരന്മാരും, ഗണപതിവേഷങ്ങളും വാദ്യമേളങ്ങളും നിരക്കും. രാത്രി 7.45-ന് മഹാഗണപതി എഴുന്നള്ളത്തും നടക്കും.

Advertisement