പ്രവാസി സഹോദരങ്ങൾ ഭരണിക്കാവിൽ നിർമിച്ച കെട്ടിടത്തിനു നമ്പർ നൽകിയില്ല; അസി.എൻജിനീയർക്ക് എതിരെ നടപടി

Advertisement

ശാസ്താംകോട്ട: പ്രവാസി സഹോദരങ്ങൾ ഭരണിക്കാവിൽ നിർമിച്ച കെട്ടിടത്തിനു നമ്പർ നൽകാതെ ബുദ്ധി മുട്ടിച്ച ശാസ്താംകോട്ട പഞ്ചായത്തിലെ അസി.എൻജിനീയർക്ക് എതിരെ നടപടി. പോരുവഴി ചരുവിള വീട്ടിൽ അനീഷ്, അൻസർ,അനസ് എന്നിവരുടെ പരാതിയെ തുടർന്ന് ഈ മാസം 23 നാണ് അസി.എൻജിനീയര്ക്കെ‍തിരെ വകുപ്പുതല നടപടിക്ക് നിര്‍ദ്ദേശിച്ചത്. ഇവരെ സസ്പെന്‍ഡു ചെയ്തതായി പരാതിക്കാര്‍ക്ക് വിവരം ലഭിച്ചെങ്കിലും ഉത്തരവ് ബന്ധപ്പെട്ട ഓഫീസില്‍ എത്തിയിട്ടില്ല.

മാസങ്ങൾക്ക് മുമ്പ് പഞ്ചായത്ത് നൽകിയ പെർമിറ്റിന്റെ അടിസ്‌ഥാനത്തിലാണ് കടപുഴ റോഡിന്റെ വശത്തായി 3 നിലകളിലായി കെട്ടിടം നിർമിച്ചത്.പെർമിറ്റ് അനുവദിക്കുന്ന സമയത്തു ചട്ടങ്ങളുടെ ലംഘനം നിലനിന്നിരുന്നു എങ്കിലും ഇത് പരിഗണിക്കാതെ അനുമതി നൽകിയതായി പിന്നീട് അന്വേഷണത്തിൽ കണ്ടെത്തി.അപ്രകാരം ലഭിച്ച അനുമതിയുടെ അടിസ്ഥാനത്തിലാണു നിർമാണം പൂർത്തീകരിച്ചത്.പെർമിറ്റ് നൽകിയ അസി.എൻജിനീയർ തന്നെ പിന്നീട് നിർമാണം പൂർത്തീകരിച്ചപ്പോൾ ചട്ടലംഘനം നടന്നതായി റിപ്പോർട്ട് ചെയ്തു കെട്ടിട നമ്പർ നിഷേധിക്കുകയായിരുന്നു.
പഞ്ചായത്ത് സെക്രട്ടറി ഉൾപ്പെടെയുള്ളവർ പരാതി പരിഹരിക്കാൻ ആവശ്യപ്പെട്ടിട്ടും എൻജിനീയർ അനുവദിച്ചില്ലെന്നാണ്
ഇവരുടെ
ആക്ഷേപം.രണ്ടു മാസമായി ശാസ്താംകോട്ട ഗ്രാമ പഞ്ചായത്തിൽ കയറിയിറങ്ങിയെങ്കിലും അനുകൂല സമീപനം ഉണ്ടാകാത്തതിനെ തുടർന്ന്
ഇവർ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷിന് പരാതി നൽകിയിരുന്നു.പരാതി വിജിലൻസിന് കൈമാറിയതിൻ്റെ അടിസ്ഥാനത്തിൽ
അനുമതിയിൽ നിന്ന് വ്യതിചലിക്കാതെയാണ് കെട്ടിടം നിർമ്മിച്ചിട്ടുള്ളതെന്നും കാര്യമായ ചട്ടലംഘനം നടന്നിട്ടില്ലന്നും പരിശോധന നടത്താതെ അനുമതി നൽകിയ
അസി.എൻജിനീയർക്കും അനുമതിക്കായി പ്ലാൻ വരച്ചു നൽകിയ ലൈസൻസി,പഞ്ചായത്ത് സെക്രട്ടറി എന്നിവർക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടന്ന് വിജിലൻസ് മന്ത്രിയ്ക്ക് റിപ്പോർട്ട് നൽകി.ഇതിനിടയിൽ കൊല്ലത്ത് വച്ച്
മന്ത്രിയുടെ നേതൃത്വത്തിൽ നടത്തിയ
ജില്ലാ അദാലത്തിന് മുന്നോടിയായി ഉദ്യോഗസ്ഥ തലത്തിൽ പ്രശ്നം പരിഹരിക്കാൻ ശ്രമം നടത്തിയെങ്കിലും കഴിയാത്തതിനാൽ മന്ത്രിയുടെ പരിഗണനയ്ക്ക് വിട്ടു.ഉടമകളുമായി
മന്ത്രിയും ഉദ്യോഗസ്ഥരും ചർച്ച ചെയ്തു വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്ക് എതിരായി നിയമാനുസൃത നടപടി സ്വീകരിക്കാനും സമാനമായ പ്രശ്‌നങ്ങളിൽ പൊതു സമീപനം ഉറപ്പാക്കാൻ സർക്കാർ തലത്തിൽ നടപടി സ്വീകരിക്കണമെന്നും മന്ത്രി എം.ബി രാജേഷ് പറഞ്ഞങ്കിലും ഇവരുടെ കെട്ടിടത്തിന് നമ്പർ ലഭിക്കുമെന്ന കാര്യത്തിൽ തീരുമാനം ഉണ്ടായില്ലെന്നും കോടതിയെ സമീപിക്കാനാണു മറുപടി ലഭിച്ചതെന്നും ഉടമകൾ പറയുന്നു.പ്രവാസം അവസാനിപ്പിച്ചു നാട്ടിൽ എത്തി ബിസിനസ് തുടങ്ങാൻ ലക്ഷ്യമിട്ട് ഒന്നരക്കോടി രൂപ വായ്‌പയെടുത്തത് ഉൾപ്പെടെ മൊത്തം നാല് കോടിയോളം രൂപ ചെലവഴിച്ചാണ് ഇവർ കെട്ടിടം നിർമിച്ചത്.ഒരു മാസത്തെ അവധിക്കായി നാട്ടിലെത്തിയ സഹോദരങ്ങൾ കെട്ടിടനമ്പർ ലഭിക്കാത്തതിനാൽ മാസങ്ങളായി നാട്ടിൽ തുടരുകയാണ്.