കൊട്ടാരക്കര: സംസ്ഥാന വ്യാപകമായി നടന്ന ഓപ്പറേഷന്‍ പി-ഹണ്ടിന്റെ ഭാഗമായി കൊല്ലം റൂറലില്‍ പോലീസ് നടത്തിയ പരിശോധനയില്‍ വിവിധ സ്ഥലങ്ങളില്‍ നിന്നായി കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും സൂക്ഷിച്ചുവയ്ക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും പ്രദര്‍ശിപ്പിക്കുന്നതിനുമായി ഉപയോഗിച്ച 18 മൊബൈല്‍ ഡിവൈസുകള്‍ പിടിച്ചെടുത്തു.
ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ഒരേസമയമാണ് പരിശോധന നടത്തിയത്.
കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുന്നതായും ഡൗണ്‍ലോഡ് ചെയ്തു സൂക്ഷിക്കുന്നതായും ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊല്ലം ജില്ലാ പോലീസ് മേധാവി സാബു മാത്യുവിന്റെ നിര്‍ദേശാനുസരണം ആണ് പരിശോധന നടത്തിയത്. സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനിലെയും വിവിധ ലോക്കല്‍ പോലീസ് സ്‌റ്റേഷനുകളിലെയും എസ്എച്ച്ഒമാര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ റെയ്ഡില്‍ പങ്കെടുത്തു.
കൊട്ടാരക്കര, പുനലൂര്‍, അഞ്ചല്‍, ചിതറ, കടയ്ക്കല്‍, ശാസ്താംകോട്ട, ചടയമംഗലം, ഏരൂര്‍, ശൂരനാട്, കുണ്ടറ എന്നീ പോലീസ് സ്റ്റേഷന്‍ പരിധികളില്‍ നിന്നാണ് മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തത്. പിടിച്ചെടുത്ത മൊബൈല്‍ ഡിവൈസുകള്‍ ഫോറന്‍സിക് പരിശോധനയ്ക്കായി തിരുവനന്തപുരം ഫോറന്‍സിക് സയന്‍സ് ലാബിലേക്ക് അയച്ചു കൊടുക്കും.