കോർപ്പറേഷൻ ഫാക്ടറിയുടെ മതിൽ പൊളിച്ചു നീക്കിയ ഭാഗത്ത് സ്ഥാപിച്ച കമ്പിവേലി തകർത്ത് പാറ ഇറക്കി;ഭരണിക്കാവിൽ തൊഴിലാളികൾ ദേശീയപാതഉപരോധിച്ചു

Advertisement

ശാസ്താംകോട്ട:കാഷ്യൂ കോർപ്പറേഷന്റെ ഉടമസ്ഥതയിൽ ഭരണിക്കാവിൽ പ്രവർത്തിക്കുന്ന 14-ാം നമ്പർ ഫാക്ടറിയുടെ മതിൽ അനധീകൃതമായി പൊളിച്ചു നീക്കിയ ഭാഗത്ത് സ്ഥാപിച്ച കമ്പിവേലി തകർത്ത് പാറ ഇറക്കിയ സംഭവത്തിൽ പ്രതിഷേധിച്ച്
ഭരണിക്കാവിൽ തൊഴിലാളികൾ ദേശീയപാത ഉപരോധിച്ചു.തിങ്കളാഴ്ച രാവിലെ 10 ഓടെയാണ് സംഭവം.റോഡ് ഉപരോധം അടൂർ,കൊട്ടാരക്കര ഭാഗത്തുള്ള ഗതാഗതത്തെ സാരമായി ബാധിച്ചു.പാറ ഇറക്കിയ ലോറിയും തൊഴിലാളികൾ തടഞ്ഞിട്ടു.പൊലീസ് എത്തിയാണ് ഭാഗികമായി ഗതാഗതം പുന:സ്ഥാപിച്ചത്.കഴിഞ്ഞ ജൂലായ് 24ന് അർദ്ധരാത്രിയിലാണ് മണ്ണുമാന്തി യന്തം ഉപയോഗിച്ച് ഫാക്ടറി പരിസരത്തെ മതിൽ സ്വകാര്യ വ്യക്തികളുടെ നേതൃത്വത്തിൽ നിരപ്പാക്കിയത്.

പ്രതിഷേധം ശക്തമായതോടെ കോർപ്പറേഷൻ അധികൃതർ മതിൽ പൊളിച്ച ഭാഗത്ത് കമ്പിവേലി സ്ഥാപിച്ചിരുന്നു.കോടതിയെ സമീപിച്ചാണ് കോർപ്പറേഷൻ ഇതിനുള്ള ഉത്തരവ് വാങ്ങിയത്.ഈ ഭാഗത്ത് സ്വകാര്യ വ്യക്തികൾ പ്രവേശിക്കരുതെന്നും ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.എന്നാൽ
കോടതി ഉത്തരവിന് വിരുദ്ധമായി വേലി
തകർത്താണ് ലോറിയിൽ എത്തിച്ച് പാറ ഇറക്കിയത്.ഫാക്ടറി സ്ഥിതി
ചെയ്യുന്ന വസ്തുവിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് സ്വകാര്യ വ്യക്തിയും കോർപ്പറേഷനും തമ്മിൽ സിവിൽ കേസ് നിലനിൽക്കുന്നുണ്ട്.അതിനിടെ കോടതി നിയോഗിച്ച അഭിഭാഷക കമ്മീഷൻ തിങ്കൾ വൈകിട്ടോടെ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.

Advertisement