വളവില്‍ അശ്രദ്ധമായി മറികടന്ന് വേണാട്,അലറിവിളിച്ച് കാഴ്ചക്കാര്‍, സ്കൂട്ടര്‍ യാത്രിക രക്ഷപ്പെട്ടത് തലനാരിഴക്ക്,നടുങ്ങുന്ന ദൃശ്യം

Advertisement

ശാസ്താംകോട്ട ∙ വളവില്‍ അശ്രദ്ധമായി അമിത വേഗത്തിൽ മറികടന്ന കെഎസ്ആർടിസി ബസ് ഇടിച്ച് സ്കൂട്ടർ യാത്രക്കാരിയായ അധ്യാപികയ്ക്ക് പരുക്കേറ്റു. ജീവന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കാരാളിമുക്ക് ജംക്‌ഷനിലെ കൊടുംവളവിൽ ഇന്നലെ വൈകിട്ട് 4.10ന് ആണ് സംഭവം. ഇടതുവശം ചേർന്നു വളവ് തിരിയുകയായിരുന്ന സ്കൂട്ടർ യാത്രക്കാരിയെ പരിഗണിക്കാതെ തൊട്ടു ചേര്‍ന്ന് ബസ്, മറികടക്കുമ്പോഴായിരുന്നു അപകടം. കൊല്ലം– പത്തനംതിട്ട റൂട്ടിൽ സർവീസ് നടത്തുന്ന വേണാട് ബസിന്റെ മരണപ്പാച്ചിൽ വരുത്തിയ അപകടം ചോദ്യം ചെയ്ത നാട്ടുകാരോട് കെഎസ്ആർടിസി ജീവനക്കാർ അപമര്യാദയായി പെരുമാറിയെന്നു പരാതിയുണ്ട്. സ്കൂട്ടറിനെ ഇടിച്ചു വീഴ്ത്തുന്നതു കണ്ടുനിന്നവർ ഉറക്കെ വിളിച്ചുപറഞ്ഞതോടെയാണ് ബസ് നിർത്തിയത്.

കൈയ്ക്കു പരുക്കേറ്റ അധ്യാപിക ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. സ്കൂട്ടറിനും കേടുപാടുകളുണ്ട്. ബസ് അപകടകരമായ രീതിയിൽ വളവിൽ ഓവർടേക്ക് ചെയ്യുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. സംഭവം കണ്ട് ഓടിക്കൂടിയ നാട്ടുകാർ കെഎസ്ആർടിസി ജീവനക്കാരെ ചോദ്യം ചെയ്തതോടെ പൊലീസും സ്ഥലത്തെത്തി. അന്വേഷണം തുടങ്ങിയതായി എസ്ഐ കെ.എച്ച്.ഷാനവാസ് അറിയിച്ചു. കെഎസ്ആർടിസി സിഎംഡിക്കും മോട്ടർവാഹന വകുപ്പിനും മന്ത്രിക്കും സിസിടിവി ദൃശ്യങ്ങൾ സഹിതം അധ്യാപിക പരാതി നൽകി. കൊടും വളവുകളിലും ഇടുങ്ങിയ റോഡുകളിലും ഉൾപ്പെടെ കെഎസ്ആർടിസി വേണാട് ബസുകളുടെ മത്സരയോട്ടത്തിനും അമിതവേഗത്തിനും എതിരെ പരാതികൾ ശക്തമാണ്.

Advertisement