വയോധികയെ മണ്ണെണ്ണയൊഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതിക്ക് തടവുശിക്ഷയും പിഴയും

Advertisement

കൊല്ലം: വയോധികയെ മണ്ണെണ്ണയൊഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതിക്ക് തടവുശിക്ഷയും പിഴയും. കൊല്ലം മുണ്ടയ്ക്കല്‍ ശ്രുതി നിലയത്തില്‍ സുഭാഷിനെ (53) ആണ് 2 വര്‍ഷം തടവും 36,000 രൂപ പിഴയ്ക്കും കൊല്ലം അഡീഷണല്‍ അസിസ്റ്റന്റ് സെഷന്‍സ് കോടതി ജഡ്ജി ഡോ. അമൃത. റ്റി ശിക്ഷിച്ചത്.
കൊല്ലം തുമ്പറ ക്ഷേത്രത്തിന് സമീപം പ്രവര്‍ത്തിച്ചിരുന്ന തട്ടുകടയില്‍ ചായകുടിക്കാന്‍ എത്തിയ പ്രതി ചായ ഒഴിച്ച് കൊടുക്കുന്ന ഗ്ലാസ്സെടുത്ത് മദ്യപിച്ചു. ഇത് ചോദ്യം ചെയ്ത് പോലീസില്‍ വിവരം അറിയിച്ചതിനുള്ള വിരോധത്തെത്തുടര്‍ന്ന് കന്നാസില്‍ മണ്ണെണ്ണയുമായി വന്ന പ്രതി ഗ്യാസ് അടുപ്പിന് സമീപത്ത് നിന്ന് ചായ തിളപ്പിക്കുകയായിരുന്ന നബീസത്തിന്റെ ദേഹത്തേക്ക് മണ്ണെണ്ണ വീശിയൊഴിക്കുകയും കണ്ണിലും ദേഹത്തും ഗ്യാസ് അടുപ്പിലും വീണ് തീ ആളിപ്പടര്‍ന്നു. തുടര്‍ന്ന് ഭയന്ന് ഓടി മാറിയ നബീസത്തിന്റെ കണ്ണിന് പരിക്ക് സംഭവിക്കുകയും ചെയ്തു. തടസ്സം പിടിക്കാന്‍ എത്തിയ നബിസത്തിന്റെ ഭര്‍ത്താവിനെ ഇയാള്‍ മര്‍ദ്ദിക്കുകയും ചെയ്തിരുന്നു.
കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടറായിരുന്ന എസ്. പ്രദീപ്കുമാര്‍ ആണ് കേസില്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. നിയാസ്, അഡ്വ. വൈശാഖ്. വി. നായര്‍ എന്നിവര്‍ ഹാജരായി.

Advertisement