വേറിട്ടപ്രവര്‍ത്തനങ്ങളാല്‍ ശ്രദ്ധേയനായ അധ്യാപകന്‍

Advertisement

താമരക്കുളം. കേരളത്തിലെ പൊതുവിദ്യാലങ്ങളുടെ ഉന്നമനത്തിനായി വേറിട്ട പദ്ധതികളുമായി മുന്നേറുന്ന അധ്യാപകനാണ് ആലപ്പുഴ താമരക്കുളം വിജ്ഞാന വിലാസിനി ഹയർസക്കണ്ടറി സ്കൂളിലെ അധ്യാപകൻ എല്‍ സുഗതൻ . കഴിഞ്ഞ രണ്ടര പതിറ്റാണ്ട് കാലമായി അധ്യാപന രംഗത്ത് ശ്രദ്ധേയനായത് വ്യത്യസ്തമായ പ്രവര്‍ത്തനങ്ങളിലൂടെയാണ്. പുസ്തകത്താളുകളിൽ നിന്ന് ലഭിക്കുന്ന അറിവുകൾക്കപ്പുറം കുട്ടികളെ സമൂഹത്തിന് ഉതകുന്ന തരത്തിൽ കൃത്യമായി ആസൂത്രണം ചെയ്ത പദ്ധതികളിലൂടെ അടിസ്ഥാനപരമായി അവരുടെ മനോഭാവത്തിൽ മാറ്റം വരുത്തിയുള്ള വിദ്യാലയ പ്രവർത്തനങ്ങൾ ആണ് അദ്ദേഹം നടത്തിവരുന്നത്.
കേരളത്തിലെ ഭൂരിപക്ഷം പ്രൈമറി സ്കൂളുകളിലും ഇദ്ദേഹം ആഹ്വാനം ചെയ്ത പരിപാടികൾ നടന്നുകൊണ്ടിരിക്കുകയാണ്….

പ്രശസ്ത കവയത്രിയും പരിസ്ഥിതി പ്രവർത്തകയും ആയിരുന്നു സുഗതകുമാരി ടീച്ചറിന്റെ സ്വപ്നങ്ങൾക്ക് ചിറകുവിടർത്തുക എന്ന ഉദ്ദേശത്തോടുകൂടി പ്രവർത്തിക്കുന്ന സുഗതവനം ചാരിറ്റബിൾ ട്രസ്റ്റ് ന്റെ ചെയർമാൻ കൂടിയായ അദ്ദേഹം ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നിരവധി പദ്ധതികളാണ് നടത്തിവരുന്നത്. അതിൽ ഏറ്റവും പ്രധാനമാണ്
കുട്ടികളിൽ സഹജീവി സ്നേഹം വളർത്തിയെടുക്കുന്നതിനായി സ്കൂളിലും കുട്ടികളുടെ വീടുകളിലും നടപ്പാക്കി കൊണ്ടിരിക്കുന്ന കുരുവിക്കൊരു തുള്ളി പദ്ധതി. കുരുവികൾക്ക് വെള്ളം കൊടുക്കുന്നതിലുപരി ദാഹിച്ചു വലയുന്ന ഒരാൾക്ക് കുടിവെള്ളം കൊടുക്കുന്ന ഒരു വ്യക്തി ഒരിക്കലും ഒരു ക്രിമിനൽ ആകില്ല എന്ന തത്വം ഇതിന്റെ പിന്നിലുണ്ട്.
കുട്ടികളിൽ പരിസ്ഥിതി അവബോധം വളർത്തുന്നതിനായി സ്കൂളുകളിൽ നടപ്പാക്കി കൊണ്ടിരിക്കുന്ന മറ്റൊരു പദ്ധതിയാണ് ഇക്കോ സ്റ്റോൺ ചലഞ്ച്.
വീട്ടിലെത്തുന്ന പ്ലാസ്റ്റിക് കവറുകൾ പ്ലാസ്റ്റിക് കുപ്പികളിൽ ആക്കി സ്റ്റോണുകളായി ഉപയോഗിച്ച് മരങ്ങൾക്ക് ഇരിപ്പിടം കെട്ടുന്ന പദ്ധതിയാണിത്. ഇത് പങ്കാളിയാകുന്ന കുട്ടികൾ ഒരിക്കലും പ്ലാസ്റ്റിക് കവറുകൾ ഭൂമിയിലേക്ക് വലിച്ചെറിയില്ല എന്നുള്ളതാണ് വസ്തുത.
കുട്ടികളിൽ പാരിസ്ഥിതിക അവബോധം ഉണ്ടാക്കുന്നതിനും അവരെ പരിസ്ഥിതിയുടെ പ്രചാരകരാക്കുക എന്ന ലക്ഷ്യത്തോടും നടപ്പിലാക്കി കൊണ്ടിരിക്കുന്ന മറ്റൊരു പദ്ധതിയാണ് പ്രതിഭാമരപ്പട്ടം അവാർഡ്. കേരളത്തിലെ വിവിധ മേഖലകളിൽ തിളങ്ങി നിൽക്കുന്ന പ്രതിഭകളായ കുട്ടികളെ കണ്ടെത്തി
അവരുടെ സ്കൂളുകളിൽ എത്തി നൽകുന്ന അവാർഡ് ആണിത്. അവർ പഠിക്കുന്ന സ്കൂളിൽ ട്രസ്റ്റ് നൽകുന്ന മരം നട്ടുപിടിപ്പിച്ച് സംരക്ഷിച്ചു വളർത്തുന്നതാണ് ഇതിലെ മുഖ്യ ആകർഷകത്വം. കേരളത്തിൽ ഇത്തരം 18 കുട്ടികൾക്കാണ് ഇതിനാലകം അവാർഡ് നൽകിയിട്ടുള്ളത്. മിക്ക അവാർഡുകളും നൽകിയിട്ടുള്ളത് കളക്ടർമാരും മന്ത്രിമാരും ഉൾപ്പെടെയുള്ള പ്രമുഖരാണ്..
കേരളത്തിലെ കുട്ടികളുടെ സുരക്ഷിതത്വം മുന്നിലെടുത്ത് ബാലാവകാശ വിഷയങ്ങളിൽ ഇദ്ദേഹം ഇടപെട്ടിട്ടുണ്ട്. അതിൽ ഏറ്റവും പ്രധാനമാണ് തിരക്കേറിയ പാതകളുടെ വശങ്ങളിലുള്ള സ്കൂളുകൾക്ക് മുൻവശം സുരക്ഷാ വേലിയും നടപ്പാതയും നിർമ്മിക്കുന്നതിന് സർക്കാർ ഉത്തരവിട്ടത്. ഈ പദ്ധതി ആദ്യം നടപ്പിലാക്കിയത് സ്വന്തം സ്കൂളിലായിരുന്നത് ശ്രദ്ധേയമാണ്. സ്കൂൾ ഉച്ചഭക്ഷണത്തിലെ വിഷം തീണ്ടി പച്ചക്കറി ഒഴിവാക്കണമെന്ന അദ്ദേഹത്തിന്റെ നിരന്തരാവശ്യം സർക്കാരിന്റെ സജീവ പരിഗണനയിലാണ്. കലാകായിക പിരീഡുകളിൽ മറ്റു വിഷയങ്ങൾ പഠിപ്പിക്കരുത് എന്നുള്ള വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് ഇദ്ദേഹത്തിന്റെ ശ്രമഫലമായി ഉണ്ടായതാണ്.
കുട്ടികളിലെ കായിക അഭിരുചി വർധിപ്പിക്കുന്നതിനായി കുട്ടികളുടെ പ്രായത്തിനനുസരിച്ചുള്ള കളിക്കോപ്പുകൾ എല്ലാ സ്കൂളുകളിലും ആവശ്യാനുസരണം വിതരണം ചെയ്യണം എന്നുള്ള ഇദ്ദേഹത്തിന്റെ നിവേദനവും സർക്കാരിന്റെ പരിഗണനയിലാണ്.
കുട്ടികളിൽ മൊബൈലിന്റെ ആധിക്യം കുറയ്ക്കുന്നതിനായി ക്ലാസ് റൂം ലൈബ്രറി എന്ന ആശയം ആദ്യം തന്റെ സ്കൂളിൽ നടപ്പാക്കുകയും അത് കേരളത്തിലെ മറ്റു വിദ്യാലയങ്ങളിലും നടപ്പാക്കണം എന്ന അദ്ദേഹത്തിന്റെ ആവശ്യവും സർക്കാർ തത്വത്തിൽ തീരുമാനിച്ചിട്ടുണ്ട്.
ആദിവാസി മേഖലയിലെ വിദ്യാർത്ഥികളുടെ ഉന്നമനത്തിനായി ശരിയായ വിദ്യാഭ്യാസ അവകാശത്തിന് വേണ്ടിയുള്ള പോരാട്ടമാണ് ഇദ്ദേഹം ഇനി മുന്നോട്ടുവയ്ക്കുന്നത്.
തന്റെ സ്കൂളിലെ വിവിധ മേഖലകളിൽ പ്രതിഭകളായ കുട്ടികളെയും അധ്യാപകരെയും കണ്ടെത്തി ആധുനിക ടെക്നോളജിയുടെ സഹായത്തോടെ ലോകജനതയ്ക്ക് പരിചയപ്പെടുത്തുന്ന “വി വി ലിറ്റിൽ സ്റ്റാർസ് “എന്ന ചാനൽ ഇതിനാലകം കേരളക്കരയുടെ ശ്രദ്ധ പിടിച്ചു പറ്റി മുന്നേറുകയാണ്. ഇതിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്ക് ക്യാഷ് അവാർഡ് ഉൾപ്പെടെയുള്ള സമ്മാനങ്ങളും നൽകി വരുന്നുണ്ട്. ഇതിൽ നിന്നുമാണ് പള്ളിക്കൂടം ടി വി എന്ന ആശയം സുഗതൻ മാഷിന്റെ ചിന്തയിൽ ഉദിക്കുന്നത്. കേരളത്തിലെ മറ്റു സ്‌കൂളുകളിലെ പ്രതിഭകളായ കുട്ടികളെയും അധ്യാപകരെയും കൂടാതെ പൊതുവിദ്യാലയങ്ങളുടെ മികവുകളെയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉത്ഘാടനം നിർവഹിച്ച ഈ ഓൺലൈൻ ടി വി ചാനൽ പ്രവർത്തിച്ചു വരുന്നത്.
അക്കാദമിക്ക് മേഖലയിലും ഇദ്ദേഹത്തിന്റെ സംഭാവനകൾ നിരവധിയാണ്.ഒരു ഗണിതശാസ്ത്ര അധ്യാപകൻ കൂടിയായ സുഗതൻ മാഷ് നോബൽ ഫോർ മാത്‍സ് ഇന്റർനാഷണൽ സൈൻ ക്യാമ്പയിൻ എന്ന മൂവ്മെന്റിന്റെ ഇന്റർനാഷണൽ കോഡിനേറ്റർ കൂടിയാണ്.
ലോകത്ത് ആദ്യമായി ഗണിതശാസ്ത്രത്തിന് നോബൽ പ്രൈസ് വേണമെന്ന് ആവശ്യപ്പെട്ട് രൂപീകരിച്ച സംഘടനയാണിത്. സ്പീഡ് കാർട്ടൂണിസ്റ് അഡ്വക്കേറ്റ് ജിതേഷ്ജി ചെയർമാനായിട്ടുള്ള ഇതിന്റെ ബ്രാൻഡ് അംബാസഡറായി പ്രവർത്തിക്കുന്നത് മുൻ വിദേശകാര്യ സെക്രട്ടറി കൂടിയായ ടിപി ശ്രീനിവാസനാണ്. മുൻ സർവ്വകലാശാല വൈസ് ചാൻസിലർ ഡോ. ബി ഇഖ്ബാൽ ഇതിന്റെ രക്ഷാധികാരിയാണ്. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെയും പൊതു വിദ്യാഭ്യാസ വകുപ്പിന്റെയും അനുമതി ലഭിച്ച ഈ പദ്ധതി കേരളത്തിലെ ക്യാമ്പസുകളിൽ പദ്ധതി സമർപ്പണത്തിന് ആയിട്ടുള്ള ഒപ്പുശേഖരണംനടന്നു വരുന്നു. ഇദ്ദേഹത്തിന്റെ ശ്രമഫലമായി നിരവധി തവണ ഗണിതശാസ്ത്ര മേളകളിൽ സ്റ്റിൽ മോഡൽ വിഭാഗത്തിൽ സ്കൂളിലെ കുട്ടികൾക്ക് ശ്രദ്ധേയമായ നേട്ടം നേടിയെടുക്കാൻ സഹായിച്ചിട്ടുണ്ട്.
എസ് സി ആർ ടി യുടെ നേതൃത്വത്തിൽ നടത്തിയ പാഠ്യ പദ്ധതി പരിഷ്കരണ ശില്പശാലയിലെ അംഗം കൂടിയാണ് ഇദ്ദേഹം.
ഇദ്ദേഹം നേതൃത്വം കൊടുത്തു നിർമ്മിച്ച ശ്രീനിവാസ രാമാനുജന്റെ ജീവിതചരിത്രം വിവരിക്കുന്ന ഡോക്യുമെന്ററിക്ക് കുട്ടികളുടെ ചലച്ചിത്ര വിഭാഗ മത്സരത്തിൽ സംസ്ഥാനതലത്തിൽ മൂന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട് . കുട്ടികളിൽ ഗണിത പഠനം എളുപ്പമാക്കുന്ന ” ഗണിതം പാൽപ്പായസം” എന്ന പുസ്തകവും ” സാമൂഹ്യപ്രതിബദ്ധതയുള്ള ഒരധ്യാപകൻ എന്ന നിലയിൽ വിദ്യാഭ്യാസ മേഖലയിലെ തന്റെ ഇടപെടലുകൾ അടങ്ങിയ “എന്റെ പ്രതികരണങ്ങൾ ” എന്ന ലേഖനസമാഹരണത്തിന്റെയും അണിയറയിലാണ് ഇപ്പോൾ ഇദ്ദേഹം.
കേരളത്തിലെ കലാലയങ്ങളിൽ കുട്ടികൾക്ക് വേണ്ടിയും രക്ഷിതാക്കൾക്ക് വേണ്ടിയിമുള്ള പരിശീലന പരിപാടി നടത്തുന്ന പരിശീലകനായും
പരിസ്ഥിതി പ്രവർത്തകനായും എഴുത്തുകാരനായും തിളങ്ങുന്ന സുഗതൻ മാഷിന് സംസ്ഥാന അധ്യാപക അവാർഡ്, സംസ്ഥാന വനമിത്ര അവാർഡ് , മികച്ച വിദ്യാഭ്യാസ പ്രവർത്തകനുള്ള പ്രഥമ എലിസ്റ്റർ എക്സലൻസി പുരസ്‌കാരം, ജെ സി ഐ യുടെ മികച്ച സാമൂഹ്യ പ്രവർത്തകനുള്ള അവാർഡ്, ഡോക്ടർ ബി ആർ അംബേദ്കർ ബാബാ സാഹിബ്‌ പുരസ്കാരം മികച്ച അധ്യാപകനുള്ള ദേശീയ അധ്യാപക ഫൗണ്ടേഷൻ അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഇദ്ദേഹം ഒരു ജീവകാരുണ്യ പ്രവർത്തകൻ കൂടിയാണ് . 2015 മുതൽ സ്കൂളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 10 വിദ്യാർത്ഥികൾക്ക് പ്രതിമാസം ആയിരം രൂപാ നിരക്കിൽ നാലുവർഷം നീണ്ടുനിന്ന എ പി ജെ അബ്ദുൽ കലാം സ്കോളർഷിപ്പ് പദ്ധതി നടപ്പാക്കി. ഈ വർഷം പദ്ധതി വീണ്ടും തുടങ്ങിയിട്ടുണ്ട് . കഴിഞ്ഞ കോവിഡ് കാലത്ത് തന്റെ ക്ലാസിലെ 40 ഓളം കുട്ടികളുടെ വീടുകൾ സന്ദർശിച്ച് കുട്ടികളെയും രക്ഷിതാക്കളെയും മഹാമാരിയുടെ വ്യാധിയിൽ നിന്നുമുള്ള ആശങ്ക അകറ്റി വായിക്കുവാനുള്ള പുസ്തകങ്ങളും മറ്റു പഠനോപകരണങ്ങളും നൽകിയത് കൂടാതെ സോപ്പും സാനിറ്റൈസറുകളും ഉൾപ്പെടെ പച്ചക്കറി വിത്തുകളും നൽകി. ഈ യാത്രയിലൂടെ സ്വന്തമായി വീടില്ലെന്ന് കണ്ടെത്തിയ കുട്ടിക്ക് വീട് വയ്ക്കുവാൻ ആവശ്യമായ വസ്തു തരപ്പെടുത്തി കൊടുത്തതും ഇദ്ദേഹത്തിന്റെ കോവിഡ് കാല പ്രവർത്തനങ്ങളാണ്.

Advertisement