രാവിലെ മുതല്‍ പൊതു ദര്‍ശനം, വൈകിട്ട് മൂന്നിന് സംസ്കാരം
ശാസ്താംകോട്ട : സി.പി.എം നേതാവും കുന്നത്തൂരിലെ രാഷ്ട്രീയ- സാമൂഹിക- ഗ്രന്ഥശാല മേഖലയിലെ സജീവ സാന്നിധ്യവുമായിരുന്ന ആർ. കൃഷ്ണകുമാറിന്‍റെ വേര്‍പാടില്‍ തേങ്ങലടക്കാനാവാതെ നാട്. രാഷ്ട്രീയഭേദമില്ലാതെ വളര്‍ത്തിയ സൗഹൃദം മൂലം പൊതുപ്രവര്‍ത്തകന്‍റെ അകാല വേര്‍പാടിന്‍റെ ഞെട്ടലിലാണ് നാട്.
മൺമറയുന്നത് ഒരു പിടി സ്വപ്നങ്ങൾ ബാക്കി വച്ച്. ബുധനാഴ്ച രാവിലെ വീടിന് സമീപം വച്ച് ഹൃദയാഘാതം വരികയും ഉടൻ തന്നെ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണപ്പെടുകയായിരുന്നു.
തന്‍റെ സ്വപ്നമായിരുന്ന ഗ്രന്ഥശാലക്കെട്ടിടത്തിന്‍റെ ഉദ്ഘാടനം കെകെ ഷൈലജ ടീച്ചറെ എത്തിച്ച് നിര്‍വഹിച്ചതിന്‍റെ ആനന്ദത്തിലായിരുന്നു കൃഷ്ണകുമാര്‍. .സ്വദേശമായ പള്ളിശ്ശേരിക്കൽ കേന്ദ്രമാക്കി പ്രവർത്തനം ആരംഭിച്ച ഇ.എം.എസ് ഗ്രന്ഥശാലയോടനുബന്ധിച്ച് പകൽ വീട് എന്ന പദ്ധതി നടപ്പിലാക്കുക എന്നതായിരുന്നു ഏറ്റവും വലിയ സ്വപ്നം. കൃഷ്ണകുമാർ ഇതിൻ്റെ പ്രസിഡൻ്റ് ആയിരുന്നു.സമീപ പ്രദേശത്തെ വീടുകളിൽ പകൽനേരങ്ങളിൽ ഒറ്റപ്പെട്ട് കഴിയുന്ന വയോധികരെ കൂട്ടി കൊണ്ട് വരികയും അവരുടെ ശാരീരികവും മാനസികവുമായ ഉല്ലാസങ്ങൾക്ക് അവസരമൊരിക്കി നൽകിയ ശേഷം തിരികെ വീട്ടിലെത്തിക്കുന്നതിനും പാലിയേറ്റിവ് പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിനും ഗ്രന്ഥശാലയോടനുബന്ധിച്ച് സാധാരക്കാർക്ക് പ്രയോജനപ്രദമായ രീതിയിൽ ഒരു ജന സേവാ കേന്ദ്രവും ലക്ഷ്യമിട്ടിരുന്നു. ഗ്രന്ഥശാലയെ ജില്ലയിലെ തന്നെ ഏറ്റവും വലിയ ഗ്രന്ഥശാല ആക്കുക എന്നതായിരുന്നു മറ്റൊരു ലക്ഷ്യം. കേവലം ആറു വർഷം മുമ്പ് മാത്രം പ്രവർത്തനം ആരംഭിച്ച ഗ്രന്ഥശാലയ്ക്ക് 20 ലക്ഷത്തോളം രൂപ ചെലവഴിച്ച് വാങ്ങിയ 13 സെൻ്റ് വസ്തുവിൽ ജില്ലാ പഞ്ചായത്ത് അനുവദിച്ച 25ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച കെട്ടിടത്തിൻ്റെ ഉദ്ഘാടനം ഒരാഴ്ച നീണ്ടുനിന്ന വിപുലമായ പരിപാടികളോടെ കഴിഞ്ഞ മാസം ( ആഗസ്റ്റ്) 22 ന് മുൻ മന്ത്രി കെ.കെ ഷൈലജയാണ് നിര്‍വഹിച്ചത്. ഉദ്ഘാടന ചടങ്ങിൽ ഗ്രന്ഥശാലയിൽ കൂടുതൽ നിർമ്മിതിക്ക് വേണ്ടി ജനപ്രതിനിധികൾ ഫണ്ട് നൽകാമെന്ന് പ്രഖ്യാപിച്ചിരുന്നു. ഈ തുക ഉപയോഗിച്ച് നിലവിൽ നിർമ്മിച്ച കെട്ടിടത്തിന് മുകളിലും മുൻഭാഗത്തും ഹാൾ പണിയണമെന്നും പ്രദേശത്തെ സാധാരണക്കാരായ ആളുകളുടെ കൊച്ചു ചടങ്ങുകൾക്ക് സ്ഥലം വിട്ടു നൽകണമെന്നും ആഗ്രഹിച്ചിരുന്നു അതിനുള്ള തയ്യാറെടുപ്പുകൾ നടത്തുന്നതിനിടെയാണ് മരണം കൂട്ടിക്കൊണ്ടുപോയത്.
ശാസ്താംകോട്ട താലൂക്കാശുപത്രി അവികസിതമായിരുന്ന നാളുകളില്‍ ഡിവൈഎഫ്ഐ നേതാവായിരുന്ന കൃഷ്ണകുമാറിന്‍റെ നേതൃത്വത്തില്‍ നടന്ന ഊര്‍ജ്ജിത സമരങ്ങളിലാണ് ഒട്ടനവധി വികസന പദ്ധതികള്‍ അവിടെ നടപ്പിലായത്. ജില്ലാ കലക്ടര്‍വരെ ആശുപത്രിയിലെത്തി സമരം ഒത്തു തീര്‍പ്പാക്കേണ്ട സാഹചര്യം ഒരുക്കിയിരുന്നു. കെഎസ്എം ഡിബി കോളജ് ക്യാംപസിലെ സമരങ്ങള്‍ പുറത്തേക്ക് വ്യാപിച്ച കാലഘട്ടത്തില്‍ അതിന്‍റെ നിയന്ത്രണം ഏറ്റെടുത്ത് പ്രശ്നപരിഹാരത്തിന് നേതൃത്വം നല്‍കിയതും തടാക സംരക്ഷണ പദ്ധതികളുടെ ഭാഗമായി നടന്ന അധികൃത ചര്‍ച്ചകളില്‍ ചില വിലപ്പെട്ട അഭിപ്രായങ്ങള്‍ നല്‍കിയതും കൃഷ്ണകുമാറിനെ നാട്ടുകാര്‍ക്ക് പ്രിയങ്കരന്‍ ആയിരുന്നു. സിപിഎം യുവനിരയില്‍ ഉയര്‍ന്നു വന്നിട്ടും പാര്‍ട്ടി ചുമതലകളില്‍ വന്നമാറ്റം മൂലം ഗ്രന്ഥശാലാപ്രവര്‍ത്തനത്തിലേക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു കൃഷ്ണകുമാര്‍. പഞ്ചായത്ത് അംഗമായിരുന്ന കാലത്തും രാഷ്ട്രീയഭേദമെന്യേ ആര്‍ക്കും ആശ്രയിക്കാവുന്ന മികച്ച പൊതുപ്രവര്‍ത്തകനെന്ന പേര് നേടിയ നേതാവിന്‍റെ അപ്രതീക്ഷിത വിയോഗം കുടുംബത്തിന് മാത്രമല്ല നാടിനാകെ വിങ്ങലായിരിക്കയാണ്.
രാവിലെ 9 മണിക്ക് ശാസ്താംകോട്ടയിൽ നിന്നും വിലാപയാത്രയായി സിപിഐ എം ഏരിയ കമ്മിറ്റി ഓഫീസിലേക്ക് എത്തിക്കും. 9.30 മുതൽ സിപിഐ എം ഏരിയ കമ്മിറ്റി ഓഫീസിൽ പൊതുദർശനം, ശേഷം 10.30 ന് ശാസ്താംകോട്ട ഗ്രാമ പഞ്ചായത്തിലും, 11 മണിക്ക് പള്ളിശേരിക്കൽ ഇ എം എസ് ഗ്രന്ഥശാലയിലും ശേഷം വീട്ടിലും പൊതുദർശനം ഉണ്ടാകും. സംസ്‍കാര ചടങ്ങുകൾ വൈകിട്ട് 3 മണിക്ക് വീട്ടുവളപ്പിൽ നടക്കും.
.