കൊല്ലം ആയൂരിൽ യാത്രയ്ക്കിടെ ഡ്രൈവറെ തള്ളിയിട്ട ശേഷം ഓട്ടോറിക്ഷ കടത്തിക്കൊണ്ടുപോയവർക്കായി അന്വേഷണം ശക്തമാക്കി

Advertisement

കൊല്ലം ആയൂരിൽ യാത്രയ്ക്കിടെ ഡ്രൈവറെ തള്ളിയിട്ട ശേഷം ഓട്ടോറിക്ഷ കടത്തിക്കൊണ്ടുപോയവർക്കായി അന്വേഷണം ശക്തമാക്കി. തിരുവനന്തപുരം മാറനല്ലൂർ ഭാഗത്തേക്ക് ഓട്ടോറിക്ഷ എത്തിയെന്ന് പൊലീസ് സ്ഥിരീകരിച്ചു. തേവന്നൂർ സ്വദേശി സുബ്രഹ്മണ്യൻ പോറ്റിയുടെ ഓട്ടോറിക്ഷ ഇന്നലെ രാത്രിയാണ് തട്ടികൊണ്ടുപോയത്.
തേവന്നൂർ നീലിമനയിൽ സുബ്രഹ്മണ്യൻപോറ്റിയുടെ  കെഎൽ 25 എഫ് 6992 എന്ന ഓട്ടോറിക്ഷയാണ് രണ്ടംഗസംഘം തട്ടിയെടുത്തത്. ആയൂരിലെ ഓട്ടോറിക്ഷ ഡ്രൈവറായ സുബ്രഹ്മണ്യൻ പോറ്റി കഴിഞ്ഞ രാത്രിയിൽ സ്റ്റാൻഡിൽ കിടക്കുന്ന സമയത്ത് അപരിചിതരായ രണ്ടുപേർ ഓട്ടം വിളിച്ചു. തുടർന്ന് ആയൂരിലുള്ള ബാറിൽ എത്തി മദ്യപിക്കുകയും പിന്നീട് ചടയമംഗലം ഭാഗത്തേക്ക് പോകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

ചടയമംഗലത്ത് എത്തിയപ്പോൾ ചുണ്ട ഭാഗത്തേക്ക് പോകണമെന്നും അവിടെ ഒരു കരാറുകാരനെ കാണാനുണ്ടെന്നും  പറഞ്ഞു. വയ്യാനം ഇരപ്പിൽ ഭാഗത്ത് ഓട്ടോറിക്ഷ എത്തിയപ്പോൾ സുബ്രഹ്മണ്യൻ പോറ്റിയെ ചുവന്ന തോർത്തുകൊണ്ട് കഴുത്തു മുറുക്കി പുറത്തേക്ക് തള്ളിയിട്ട് ഓട്ടോറിക്ഷ ഓടിച്ചു പോയി. ബഹളം വെച്ചതിനെ തുടർന്ന്  അതുവഴി വന്ന മറ്റൊരു ഓട്ടോറിക്ഷ ഡ്രൈവർ മുഖേനെ ചടയമംഗലം പൊലീസിൽ അറിയിക്കുകയായിരുന്നു.