താനിന്നേ താനിന്നേ തന്നാനാ..,കോവൂരിലിന്ന് കരടിഇറങ്ങും

Advertisement

ശാസ്താംകോട്ട : നാടാകെ ഓണത്തെ വരവേൽക്കാൻ ഒരുങ്ങുമ്പോൾ അതിനും മുമ്പേ കരടികളെ വരവേൽക്കാൻ നാടൊരുങ്ങുന്നു. ഞായറാഴ്ച വൈകിട്ട് 6 ന് മൈനാഗപ്പള്ളി കോവൂർ കേരള ലൈബ്രറിയുടെയും 12 ന് വൈകിട്ട് 7 ന് പടി കല്ലട കടപുഴ നവോദയ ഗ്രന്ഥശാലയുടെയും ആഭിമുഖ്യത്തിൽ കരടികളിറങ്ങും. തൃശൂരിന് പുലികളി എങ്ങനെയാണ് എന്നത് പോലെയാണ് കൊല്ലം ജില്ലയ്ക്ക് കരടികളി. മുതിർന്നവർക്ക് ഗൃഹാതുരത്വമുണർത്തുന്ന നല്ല ഓർമകളാണ് പണ്ടത്തെ ഓണക്കാലത്തെ കരടികളി.
ഓലകീറി ഈർക്കിലി കളഞ്ഞും ഉണങ്ങിയ വാഴയില ശരീരത്തുചുറ്റി കവുങ്ങിൻ്റെ പാള കൊണ്ട് നിർമ്മിച്ച മുഖംമൂടി അണിഞ്ഞാണ് കരടികൾ ഇറങ്ങുന്നത്.

ദേഹമാസകലം കരിയും തേച്ച് അമ്പും വില്ലുമായി വേട്ടക്കാരൻ കൂടി രംഗത്ത് എത്തുന്നതോടെ കരടികളിക്ക് തുടക്കമായി. പാടങ്ങളിൽ നെല്ലിന് കാവൽനിന്ന കർഷകർ രാത്രിയിൽ ഉറങ്ങിപ്പോകാതിരിക്കാൻ വേണ്ടിയാണ് കരടികളി ആരംഭിച്ചതെന്നാണ് വിശ്വാസം. മുമ്പ്‌ ഓണക്കാലത്ത് കരടികളും വേട്ടക്കാരനും പാട്ടുകാരും ചേർന്ന് വീടുകളിൽ സന്ദർശനം നടത്തിയിരുന്നു. പുരാണകഥകളും ആനുകാലിക സംഭവങ്ങളും കോർത്തിണക്കിയ പാട്ടിനൊപ്പമാണ്‌ കരടികൾ ചുവടുവെക്കുന്നത്. പാട്ടിന് ഏകീകൃത രൂപമില്ലങ്കിലും ഈണവും താളവും ഏകദേശം ഒരുപോലെയാണ്. വാമൊഴിയിലൂടെയാണ് പാട്ടുകൾ തലമുറ കൈമാറി കിട്ടുന്നത്. ഇടക്കാലത്ത് മറ്റ് നാടൻ കലാരൂപങ്ങൾക്ഷയിച്ചുപോയതുപോലെ കരടികളിയും ക്ഷയിച്ചു പോയിരുന്നു. ഇവയെ പുനർജീവിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടി പല കൂട്ടായ്മകളും രംഗത്ത് വന്നതോടെ കരടികളി വലിയ ആവേശമായി മാറിയിട്ടുണ്ട്. സമീപകാലത്ത്കരടികളി പുനരുജ്ജീവിപ്പിക്കുന്നതിന് നിർണ്ണായകമായ പങ്ക് വഹിച്ചത് അരിനല്ലൂർ ജവഹർ ലൈബ്രറിയാണ്.

പത്ത് വർഷം മുമ്പ് ഇവർ പ്രദേശത്തുള്ള കരടികളി സംഘവുമായി ചേർന്ന് കരടികളി തുടങ്ങി വച്ചത്.പിന്നീട് ഇത് ഒരാവേശമായി മാറുകയായിരുന്നു. മൽസരാടിസ്ഥാനത്തിലേക്ക് കരടികളി മാറിയതോടെ നാടിൻ്റെ നാനാഭാഗങ്ങളിൽ നിന്നും നിരവധി ടീമുകൾ മൽസരിക്കാൻ എത്തി. കാണാനും ആയിരങ്ങൾ എത്തി. അരിനല്ലൂരിലെ കരടികളി മൽസരം നാടിൻ്റെ ഉൽസവമായി മാറുകയായിരുന്നു.10 വർഷമായി നടന്നുവന്നിരുന്ന കരടികളി മൽസരം പക്ഷേ ഇത്തവണ ഇല്ല. വയനാട് ദുരന്ത പശ്ചാതലത്തിൽ ഈ വർഷം ഒഴിവാക്കിയിരിക്കുകയാണ്. കരളി കളി സംഘടിപ്പിക്കുന്ന മറ്റൊരു പ്രധാന ഇടമാണ് മൈനാഗപ്പള്ളി കോവൂർ.
ഇവിടെയുള്ള കേരള ലൈബ്രറിയാണ് കരടികളി സംഘടിപ്പിക്കുന്നത്. ഏതാനും വർഷങ്ങളായി ഇവർ കരടികളി സംഘടിപ്പിച്ചു വരുന്നു.

കഴിഞ്ഞ വർഷം മുതൽ മൽസരാടിസ്ഥാനത്തിലേക്ക് മാറിയതോടെ കരടികളി കൂടുതൽ വിപുലമായിട്ടുണ്ട്. ഞായറാഴ്ച വൈകിട്ട് 6 നാണ് ഇവിടെ മൽസരം അരിനല്ലൂർ കരടികളി സംഘം, പന്മന കരടികളി സംഘം , കളങ്ങര രാഘവൻ നേതൃത്വം നൽകുന്ന ടീം ഇതിനോടൊപ്പം ഇത്തവണ കേരള ലൈബ്രറി കരടികളിസംഘവും ഓണനാളുകളെ വരവേൽക്കാൻ ഓണ തുടക്കത്തിൽ വേട്ടക്കിറങ്ങും കവി മുരുകൻ കാട്ടാക്കട മൽസരം ഉദ്ഘാടനം ചെയ്യും. കോവൂർ കുഞ്ഞുമോൻ എം.എൽ.എ മുഖ്യാതിഥിയായി പങ്കെടുക്കും.
12 ന് കടപുഴ പാട്ടമ്പലംകടവിലാണ് നവോദയ ഗ്രന്ഥശാല സംഘടിപ്പിക്കുന്ന മൽസരം.ഇവിടെയും ജില്ലയിലെ പ്രമുഖ ടീമുകൾ പങ്കെടുക്കും. മൽസരിക്കുന്ന ടീമുകൾക്ക് കൈനിറയെ സമ്മാനങ്ങൾ ലഭിക്കും എന്നതാണ് മറ്റൊരു പ്രത്യേകത.

Advertisement