ഓണമെത്തി, നാട്ടുപൂക്കള്‍ക്ക് ക്ഷാമം

Advertisement

കൊല്ലം: ഓണത്തിന് അത്തപ്പൂക്കളമിടുകയാണ് മലയാളികള്‍. എന്നാല്‍ നാട്ടിടവഴികളില്‍ നാം മുന്‍പ് കണ്ടിട്ടുള്ള നാട്ടുപൂക്കളൊന്നും ഇപ്പോള്‍ കാണാനില്ല. പത്തുമണി, നാലുമണി പൂക്കള്‍, നീല ശംഖുപുഷ്പം, മഞ്ഞ അരളി, നന്ത്യാര്‍വട്ടം തുടങ്ങിയവ നാട്ടിന്‍പ്പുറങ്ങളില്‍ ഇപ്പോള്‍ വിരളമാണ്.
വീടുകളില്‍ നിന്ന് അരളികള്‍ അപ്രത്യക്ഷമായിട്ട് നാളുകളേറെയായി. പണ്ടൊക്കെ വയലിലും വയല്‍വരമ്പിലും വേലികളിലും തൊടികളിലും തോട്ടിന്‍കരകളിലും വിശാലമായ പുരയിടങ്ങളിലും നാട്ടിടവഴികളിലും വിവിധ നിറത്തിലും മണത്തിലുമുള്ള പൂക്കളുണ്ടായിരുന്നു.
കാലാവസ്ഥ മാറിയതോടെ പല ചെടികളും കാണാനില്ലാത്ത സ്ഥിതിയാണ്. തിരുതാളി, മുയല്‍ച്ചെവി, നിലപ്പന, മുക്കുറ്റി, കരുക്ക, കയ്യോന്നി, പൂവാംകുരുന്നില, ചെറൂള, വിഷ്ണുക്രാന്തി, ഉഴിഞ്ഞ എന്നിവയെല്ലാം പണ്ടുകാലത്ത് പൂക്കളത്തില്‍ സ്ഥാനം പിടിച്ചിരുന്നു.