ശാസ്താംകോട്ട പഞ്ചായത്തിന്‍റെ പിന്നാമ്പുറത്ത് ആലുപോലെ വളര്‍ന്ന ഒരു ബോര്‍ഡ് തണലായി നില്‍ക്കുന്നു

Advertisement

ശാസ്താംകോട്ട. പരിഷ്കാരം വന്ന് തലക്കു കേറി ഉള്ള സൗകര്യം കൂടി ഇല്ലാതായതറിയാന്‍ ശാസ്താംകോട്ട ടൗണിലോട്ട് ഒന്നു വന്നാല്‍മതി. എപ്പോഴെങ്കിലും വന്നാല്‍പോര, രാത്രിയിലാണ് വരേണ്ടത്. എന്നാലേ പരിഷ്കാരം കൊടുമ്പിരിക്കൊണ്ട് നില്‍ക്കുന്നത് കാണാനാകൂ.

ടൗണില്‍ വെളിച്ചം വിതറിനിന്ന ഹൈമാസ്റ്റ് ലൈറ്റ് ഇപ്പോള്‍ ചന്തഭാഗത്തേക്ക് വെട്ടം വിടുന്നില്ല എന്ന കാര്യം തൊട്ടുചേര്‍ന്ന പഞ്ചായത്ത് അറിഞ്ഞോ ആവോ, ഓഫീസ് പകലല്ലേ പ്രവര്‍ത്തനമുള്ളൂ. എന്തായാലും ആരെങ്കിലും മെമ്പറന്മാര്‍ എങ്കിലും രാത്രി ഇതുവഴി വരാതിരിക്കുമോ. ഹൈമാസ്റ്റ് ലൈറ്റിന് ചേര്‍ന്ന് ഒരു പടുകൂറ്റന്‍ പരസ്യ ബോര്‍ഡ് ഉയര്‍ന്നതാണ് പ്രശ്നം. ഈ പരസ്യം നല്‍കിയ സ്ഥാപനമാണ് ടൗണിലെ സ്ട്രീറ്റ് ലൈറ്റിന് മൊത്തത്തില്‍ തുക ചിലവിട്ടതെന്നും അതിനാലാണ് ബോര്‍ഡ് അനുവദിച്ചതെന്നും പിന്നാമ്പുറ വര്‍ത്തമാനമുണ്ട്. എന്തായാലും ആഴ്ചകളായി പുലര്‍ച്ച തുറക്കുന്ന ചന്തയിലേക്കും കെഎസ്ആര്‍ടിസിയുടെ മരിച്ച ഡിപ്പോയിലേക്കും വെളിച്ചമെത്തുന്നില്ല. പഞ്ചായത്തിന്‍റെ പിന്നാമ്പുറത്ത് ആലുപോലെ വളര്‍ന്ന പരസ്യ ബോര്‍ഡ് തണലായി നില്‍ക്കുന്നു.

Advertisement