ഡോ.വന്ദന ദാസ് കൊലപാതക കേസ്: സാക്ഷി വിസ്താരം ഇന്ന് മുതല്‍ ആരംഭിക്കും

Advertisement

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഹൗസ് സര്‍ജനായിരുന്ന ഡോ.വന്ദന ദാസിനെ കൊലപ്പെടുത്തിയ കേസിലെ സാക്ഷി വിസ്താരം കൊല്ലം അഡിഷനല്‍ സെഷന്‍സ് ജഡ്ജി പി.എന്‍ വിനോദ് മുമ്പാകെ ഇന്ന് മുതല്‍ ആരംഭിക്കും. കേരളത്തില്‍ നടന്ന കൊലപാതക കേസുകളില്‍ ഏറ്റവും അധികം ഡോക്ടര്‍മാര്‍ പ്രോസിക്യൂഷന്‍ സാക്ഷികളാകുന്നെന്ന പ്രത്യേകതയും ഈ കേസിനുണ്ട്. 34 ഡോക്ടര്‍മാരെയാണ് പ്രോസിക്യൂഷന്‍ സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കേസിലെ ആദ്യ 50 സാക്ഷികളെ ഒന്നാം ഘട്ടത്തില്‍ വിസ്തരിക്കും. കൂടാതെ നഴ്‌സുമാര്‍, ആംബുലന്‍സ് ഡ്രൈവര്‍മാര്‍, ഹോസ്പിറ്റല്‍ സെക്യൂരിറ്റി ജീവനക്കാര്‍ തുടങ്ങി ആരോഗ്യ രംഗത്തു നിന്നുമുള്ള വിവിധ സാക്ഷികളെയും വിസ്തരിക്കും. കേസിലെ ഒന്നാം സാക്ഷിയും സംഭവസമയത്ത് വന്ദനയോടൊപ്പം ജോലി നോക്കിയിരുന്നയാളുമായ ഡോ. മുഹമ്മദ് ഷിബിനെയായിരിക്കും ഇന്ന് വിസ്തരിക്കുക. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പ്രോ സിക്യൂട്ടര്‍ അഡ്വ. പ്രതാപ് ജി. പടിക്കല്‍ ഹാജരാകും.
2023 മേയ് 10ന് പുലര്‍ച്ചെയാണ് കോട്ടയം മുട്ടുചിറ നമ്പിച്ചിറക്കാലായില്‍ കെ.ജി മോഹന്‍ദാസിന്റെയും വസന്തകുമാരിയുടെയും ഏകമകള്‍ ഡോ. വന്ദനാ ദാസ് കൊല്ലപ്പെട്ടത്. കൊല്ലം അസീസിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്‍ഡ് റിസര്‍ച്ച് സെന്ററിലെ എം.ബി.ബി.എസ് പഠനത്തിനുശേഷം കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഹൗസ് സര്‍ജനായി സേവനമനുഷ്ഠിക്കുകയായിരുന്നു വന്ദന. പൊലിസ് വൈദ്യപരിശോധനയ്ക്കെത്തിച്ച കുടവട്ടൂര്‍ ചെറുകരക്കോണം ശ്രീനിലയത്തില്‍ ജി. സന്ദീപിന്റെ കുത്തേറ്റാണ് വന്ദനാ ദാസ് കൊല്ലപ്പെട്ടത്. കൊല്ലം നെടുമ്പന യു.പി സ്‌കൂള്‍ അധ്യാപകനായിരുന്ന പ്രതി സന്ദീപിനെ ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജോലിയില്‍ നിന്നും പിരിച്ചുവിടുകയും ചെയ്തിരുന്നു.
സംഭവത്തില്‍ പൊലിസുകാര്‍ ഉള്‍പ്പെടെ 5 പേര്‍ക്ക് പരുക്കേറ്റിരുന്നു. ആദ്യം ലോക്കല്‍ പൊലിസും പിന്നീട് ക്രൈം ബ്രാഞ്ചും അന്വേഷിച്ച കേസില്‍ ഇരുപത്തിനാല് ദൃക്സാക്ഷികള്‍ ഉള്‍പ്പെടെ 136 പേരാണ് സാക്ഷിപട്ടികയിലുള്ളത്. കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ വേഗത്തില്‍ വാദം തുടങ്ങണമെന്ന പ്രോസിക്യൂഷന്‍ ആവശ്യം പരിഗണിച്ചാണ് നടപടികള്‍.
അയല്‍വാസികളുമായി ഉണ്ടായ വഴക്കിനിടെ പരുക്കേറ്റ സന്ദീപിനെ വൈദ്യ പരിശോധനയ്ക്കായി പൊലിസ് സംഘം കസ്റ്റഡിയില്‍ എടുത്ത് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. സന്ദീപിന്റെ മുറിവ് തുന്നിക്കെട്ടുന്നതിന് നേതൃത്വം നല്‍കിയത് ഡോ. വന്ദനാ ദാസായിരുന്നു. ഇതിനിടെ അക്രമാസക്തനായ സന്ദീപ് സമീപത്ത് നിന്ന പൊലിസുകാര്‍ അടക്കമുള്ളവരെ കത്രിക കൊണ്ട് ആക്രമിക്കുകയായിരുന്നു. പലരും പ്രാണരക്ഷാര്‍ഥം ഓടി രക്ഷപ്പെട്ടു. എന്നാല്‍ ഒറ്റപ്പെട്ടു പോയ വന്ദനയെ പ്രതി നിലത്ത് ചവിട്ടി വീഴ്ത്തി കത്രിക ഉപയോഗിച്ച് നിരവധി കുത്തുകയായിരുന്നു. പൊലിസുകാര്‍ അടക്കമുള്ളവര്‍ക്ക് നിസഹായരായി നോക്കി നില്‍ക്കേണ്ടി വന്നു.
ഗുരുതരമായി പരുക്കേറ്റ വന്ദനയെ ആദ്യം കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും രാവിലെ 8.25 ന് വന്ദനദാസ് മരണത്തിന് കീഴടങ്ങി. ലോക മലയാളി സമൂഹത്തെയാകെ ഞെട്ടിച്ച സംഭവമായി മാറി ഈ ദാരുണ കൊലപാതകം.

Advertisement