ശാസ്താംകോട്ട:റെയിൽവേ സ്റ്റേഷൻ വികസനത്തിന്റെ ഭാഗമായുള്ള നവീകരണവുമായി ബന്ധപ്പെട്ട് കൂടുതൽ ട്രെയിനുകൾ സ്റ്റേഷനിൽ നിർത്തുന്നതിന് മുന്നോടിയായി സ്റ്റേഷനിലെ പാർക്കിംഗ് ഏരിയകളുടെ നിർമ്മാണം പൂർത്തിയായതായി കൊടിക്കുന്നിൽ സുരേഷ് എം.പി അറിയിച്ചു. 96.47 ലക്ഷം രൂപ ചിലവിലാണ് കാർ,ഓട്ടോ,ബൈക്ക്, സൈക്കിൾ എന്നിവ പാർക്ക് ചെയ്യുന്നതിനായാണ് മെറ്റൽ വിരിച്ച് ടാർ ചെയ്ത പാർക്കിംഗ് ഏരിയ നിർമ്മിച്ചത്.
കാറുകളുടെ പാർക്കിങ്ങിനായി 600 സ്ക്വയർ മീറ്റർ സ്ഥലവും ബൈക്കുകൾക്കായി 750 സ്ക്വയർ മീറ്റർ സ്ഥലവും ആണ് ക്രമീകരിച്ചിരിക്കുന്നത്.ഇവിടെ 40 കാറുകളും 180 ബൈക്കുകളും പാർക്ക് ചെയ്യുവാൻ കഴിയും.സ്റ്റേഷന്റെ നവീകരണവുമായി ബന്ധപ്പെട്ട് നിലവിൽ പ്ലാറ്റ്ഫോമുകളിൽ മിനി ഷെൽട്ടറുകൾ സ്ഥാപിച്ചു.റെയിൽവേ സ്റ്റേഷനിലെ കരുനാഗപ്പള്ളി ഭാഗത്തേക്കുള്ള ലെവൽ ക്രോസിന് പകരമായി അടിപ്പാത നിർമ്മിക്കണമെന്നുള്ള ആവശ്യം റെയിൽവേയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. 2024- 25 സാമ്പത്തിക വർഷത്തിൽ അമൃതഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി സ്റ്റേഷൻ കെട്ടിടത്തിന്റെ പുതുക്കിപ്പണിയൽ,പ്ലാറ്റ്ഫോമുകളുടെ നവീകരണം,ഇരു പ്ലാറ്റ്ഫോമുകളിലുമായി ലിഫ്റ്റ് സ്ഥാപിക്കൽ,അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയവയ്ക്ക് ആവശ്യമായ അനുകൂല നിലപാടിനായി റെയിൽവേ മന്ത്രിയോട് അഭ്യർത്ഥിച്ചിട്ടുണ്ട്.യാത്രക്കാരുടെ നിരന്തര ആവശ്യമായ ആലപ്പുഴ വഴിയുള്ള ട്രെയിനുകളുടെ സ്റ്റോപ്പ്,കോവിഡിന് മുമ്പ് ഉണ്ടായിരുന്ന ട്രെയിനുകളുടെ സ്റ്റോപ്പുകൾ പുന:സ്ഥാപിക്കൽ,പുതുതായി ദീർഘ ദൂരെ ട്രെയിനുകൾക്ക് സ്റ്റോപ്പ് അടക്കമുള്ള ആവശ്യങ്ങൾ അനുവദിക്കുന്നതിനായി റെയിൽവേ ബോർഡിനും സതേൺ റെയിൽവേ ജനറൽ മാനേജർക്കും കത്ത് നൽകിയതായും കൊടിക്കുന്നിൽ
അറിയിച്ചു.