കുന്നത്തൂര്‍ ആറ്റുകടവ് ജംഗ്ഷനില്‍ സ്വകാര്യ ബസിലേക്ക് പിക്കപ്പ് ഇടിച്ചു കയറി; നിരവധി പേര്‍ക്ക് പരിക്ക്

Advertisement

കുന്നത്തൂര്‍: കുന്നത്തൂര്‍ പാലത്തിനു സമീപം ആറ്റുകടവ് ജംഗ്ഷനില്‍ സ്വകാര്യ ബസിലേക്ക് പിക്കപ്പ് ഇടിച്ചു കയറി ഉണ്ടായ അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. അപകടത്തില്‍ സാരമായി പരിക്കേറ്റ പിക്കപ്പ് വാനിലെ ഡ്രൈവര്‍ ചക്കുവള്ളി മയ്യത്തുംകര തരകന്റെ കിഴക്കതില്‍ സാബു(40), സഹായി സിനിമാപറമ്പ് കലതി വിളയില്‍ ഷാനവാസ് (38), ബസ് യാത്രക്കാരി കുന്നത്തൂര്‍ കിഴക്ക് മൂര്‍ത്തിവിളയില്‍ ബേബി (56) എന്നിവരെ ഭരണിക്കാവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തലയ്ക്കും നെറ്റിക്കും ഉള്‍പ്പെടെ പരിക്കേറ്റ ബസ് യാത്രക്കാരായ പതിനഞ്ചോളം പേരെ ശാസ്താംകോട്ട താലൂക്ക് ആശുപത്രി, ഭരണിക്കാവിലെ സ്വകാര്യ ആശുപത്രി എന്നിവിടങ്ങളില്‍ ചികിത്സയിലാണ്. വ്യാഴം വൈകിട്ട് 4-ഓടെ ആയിരുന്നു അപകടം. കരുനാഗപ്പള്ളിയില്‍ നിന്നും കൊട്ടാരക്കരയിലേക്ക് പോകുകയായിരുന്ന കൃഷ്ണപ്രിയ എന്ന സ്വകാര്യ ബസും കൊട്ടാരക്കരയില്‍ നിന്നും പ്ലൈവുഡ് കയറ്റി വരികയായിരുന്ന പിക്കപ്പുമാണ് അപകടത്തില്‍പ്പെട്ടത്.ആറ്റുകടവ് ജംഗ്ഷനില്‍ നിര്‍ത്തി യാത്രക്കാരെ കയറ്റിയ ശേഷം പോകുകയായിരുന്ന ബസ്സിലേക്ക് പിക്കപ്പ് ഇടിച്ചു കയറുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.ഇടിയുടെ ആഘാതത്തില്‍ ബസ് സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന ടൂറിസ്റ്റ് ബസിന്റെ വശത്തേക്കും ഇടിച്ചു കയറി.ഓടിക്കൂടിയ നാട്ടുകാരും യാത്രക്കാരും ചേര്‍ന്ന് പിക്കപ്പ് വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റിയത്. അപകടത്തെ തുടര്‍ന്ന് ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.ഒരു മാസം മുമ്പ് പുത്തൂര്‍ ചുങ്കത്തറയില്‍ ബൈക്ക് യാത്രികനായ കാരിക്കല്‍ സ്വദേശി മരിക്കാനിടയായ അപകടത്തിനു ശേഷം സര്‍വ്വീസ് പുനരാരംഭിച്ച ദിവസമാണ് സ്വകാര്യ ബസ് വീണ്ടും അപകടത്തില്‍പ്പെട്ടത്.

Advertisement